പ്രശസ്ത പരിസ്ഥിതി പ്രവർത്തകൻ സുന്ദർലാൽ ബഹുഗുണ അന്തരിച്ചു; ഓർമയാകുന്നത് ചിപ്കോ പ്രസ്ഥാനത്തിന്റെ തുടക്കക്കാരൻ
- Published by:Aneesh Anirudhan
- news18-malayalam
Last Updated:
വനനശീകരണത്തിനെതിരായ മുന്നേറ്റമായിരുന്നു ചിപ്കോ.
ന്യൂഡല്‍ഹി: ചിപ്കോ പ്രസ്ഥാനത്തിന് തുടക്കമിട്ട പ്രമുഖ പരിസ്‌ഥിതി പ്രവർത്തകൻ സുന്ദർലാൽ ബഹുഗുണ അന്തരിച്ചു. കോവിഡ് ബാധിച്ച് ഋഷികേശിലെ എയിംസ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ദിവസങ്ങൾക്ക് മുൻപാണ് ബഹുഗുണയ്‌ക്ക് കോവിഡ് സ്ഥിരീകരിച്ചത്. വനനശീകരണത്തിനെതിരായ മുന്നേറ്റമായിരുന്നു ചിപ്കോ. ടെഹ്രി അണക്കെട്ട് വിരുദ്ധ പ്രസ്ഥാനത്തിന്റെ മുന്നണിപ്പോരാളിയായിരുന്നു. രാജ്യത്തുടനീളം വനനശീകരണം, വലിയ അണക്കെട്ടുകള്‍, ഖനനം തുടങ്ങിയ നിരവധി പരിസ്ഥിതി പ്രശ്‌നങ്ങള്‍ക്കെതിരെ പ്രക്ഷോഭ പരിപാടികള്‍ സംഘടിപ്പിച്ചു.
ഹിമാലയത്തെ രക്ഷിക്കുക എന്ന സന്ദേശവുമായി 1970 കളിലാണ് സുന്ദര്‍ലാല്‍ ബഹുഗുണ ചിപ്കോ പ്രസ്ഥാനം ആരംഭിക്കുന്നത്. ഇപ്പോള്‍ ഉത്തരഖണ്ഡിന്റെ ഭാഗമായ ഹിമാലയന്‍ മേഖലയില്‍ വനനശീകരണം രൂക്ഷമായപ്പോള്‍ അതിനെ ചെറുക്കാനാണ് ബഹുഗുണ ചിപ്കോ പ്രസ്ഥാനത്തിന് രൂപം നല്‍കിയത്. വനനശീകരത്തതിനെതിരെ അദ്ദേഹം നടത്തിയ സന്ദേശം ഉള്‍ക്കൊണ്ട ജനങ്ങള്‍ മരങ്ങള്‍ സംരക്ഷിക്കുന്നതിനായി ഒന്നിച്ചു. 

Also Read മുഖ്യമന്ത്രി ന്യൂനപക്ഷ വകുപ്പ് ഏറ്റെടുത്തു; ക്രൈസ്തവ വിഭാഗങ്ങളുടെ പരാതി പരിഗണിച്ചെന്ന് സൂചന
advertisement
തുടര്‍ച്ചയായ ആശയപ്രചരണവും അഹിംസാമാര്‍ഗത്തിലൂടെയുള്ള സമരങ്ങളും ലക്ഷ്യം കണ്ടത് ഒരു ദശകം പിന്നിട്ടപ്പോഴാണ്. ഈ പ്രദേശത്തെ മരം മുറിക്കുന്നത് 15 വര്‍ഷത്തേക്ക് നിരോധിച്ചുകൊണ്ട് സര്‍ക്കാര്‍ ഉത്തരവിട്ടു. ഇക്കാര്യത്തില്‍ പ്രധാനമന്തി ഇന്ദിരാഗാന്ധിയുടെ ഇടപെടലും പ്രധാനമായി.
Also Read രണ്ടാം പിണറായി സര്‍ക്കാറിനെ അഭിനന്ദിച്ച് പികെ കുഞ്ഞാലിക്കുട്ടി; രൂക്ഷ വിമര്‍ശനവുമായി പ്രവര്‍ത്തകര്‍
ടെഹ്രി അണക്കെട്ടിനനെതിരായ സമരം രണ്ടു ദശകത്തിലേറെ നീണ്ടു. ഈ പ്രശ്നത്തില്‍ 95ല്‍ സുന്ദര്‍ലാല്‍ ബഹുഗുണ അനിശ്ചിതകാല നിരാഹാരം ആരംഭിച്ചു. അണക്കെട്ടിനെക്കുറിച്ചുപഠിക്കാന്‍ ഉന്നതതല സമിതിയെ നിയോഗിക്കാമെന്ന് അന്നത്തെ പ്രധാനമന്ത്രി നരസിംഹറാവു വാഗ്ദാനം ചെയ്തതിനെത്തുടര്‍ന്ന് ഉപവാസം നിര്‍ത്തി. എന്നാല്‍ വാഗ്ദാനം പാലിക്കാതെ വന്നപ്പോള്‍ രാജ്ഘട്ടില്‍ നിരാഹാര സമരം തുടങ്ങി. ഇത് 74 ദിവസം നീണ്ടു.

advertisement
ഉത്തരാഖണ്ഡിലെ റേനിയിൽ 1974 മാർച്ച് 26ന് ആയിരുന്നു ചിപ്കോ മുന്നേറ്റത്തിന് തുടക്കമിട്ടത്. മരങ്ങള്‍ മുറിക്കുമ്പോള്‍ ആളുകള്‍ അതില്‍ കെട്ടിപ്പിടിച്ചുനിന്നു പ്രതിഷേധിക്കുകയായിരുന്നു ചിപ്കോ മുന്നേറ്റത്തിന്റെ രീതി. 2009ല്‍ പത്മവിഭൂഷണ്‍ നല്‍കി രാജ്യം ആദരിച്ചു. ഉത്തരാഖണ്ഡിലെ തെഹ്‌രിക്കടുത്ത മറോദ ഗ്രാമത്തില്‍ 1927 ജനുവരി 9-നാണ് ബഹുഗുണ ജനിച്ചത്. ആദ്യഘട്ടത്തില്‍ തൊട്ടുകൂടായ്മയ്‌ക്കെതിരെ പോരാടിയ അദ്ദേഹം പിന്നീട് സ്ത്രീകളെ സംഘടിപ്പിച്ച് മദ്യവിരുദ്ധ സമരങ്ങള്‍ സംഘടിപ്പിച്ചു. ഗാന്ധിയന്‍ ആശയങ്ങള്‍ ജീവിതത്തില്‍ പകര്‍ത്തിയിരുന്ന ബഹുഗുണ, ഗ്രാമപ്രദേശത്തു ജീവിക്കണമെന്നും ആശ്രമം സ്ഥാപിക്കുമെന്നുമുള്ള ഉപാധികള്‍ മുന്നോട്ടുവച്ചാണ് വിമലയെ വിവാഹം കഴിച്ചത്. ഒട്ടേറെ പുരസ്‌കാരങ്ങളും ഇദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
May 21, 2021 3:34 PM IST
മലയാളം വാർത്തകൾ/ വാർത്ത/India/
പ്രശസ്ത പരിസ്ഥിതി പ്രവർത്തകൻ സുന്ദർലാൽ ബഹുഗുണ അന്തരിച്ചു; ഓർമയാകുന്നത് ചിപ്കോ പ്രസ്ഥാനത്തിന്റെ തുടക്കക്കാരൻ


