രാജ്യത്ത് ആദ്യം; ഉത്തരാഖണ്ഡിൽ ഇന്ന് മുതൽ ഏകീകൃത സിവിൽ കോഡ് നിലവിൽ
- Published by:Sneha Reghu
- news18-malayalam
Last Updated:
കഴിഞ്ഞ വർഷം ഫെബ്രുവരി 7-നാണ് ഉത്തരാഖണ്ഡ് നിയമസഭ യുസിസി ബിൽ പാസാക്കിയത്
റാഞ്ചി: ഉത്തരാഖണ്ഡിൽ ഇന്ന് ഏകീകൃത സിവിൽ കോഡ് (Uniform Civil Code) നടപ്പിലാക്കും. ഇന്ന് ഉച്ചയ്ക്ക് 12.30-ന് മുഖ്യമന്ത്രി പുഷ്കർ സിംഗ് ധാമി ഉദ്ഘാടനം ചെയ്യും. ഇതോടെ രാജ്യത്ത് ഏകീകൃത സിവിൽ കോഡ് നടപ്പിലാക്കുന്ന ആദ്യ സംസ്ഥാനമാകുകയാണ് ഉത്തരാഖണ്ഡ്. സംസ്ഥാനം രജതജൂബിലിയിൽ നിൽക്കുമ്പോഴാണ് യുസിസിയും നടപ്പാക്കുന്നതെന്ന പ്രത്യേകതയുമുണ്ട്.
കഴിഞ്ഞ വർഷം ഫെബ്രുവരി 7-നാണ് ഉത്തരാഖണ്ഡ് നിയമസഭ യുസിസി ബിൽ പാസാക്കിയത്. കഴിഞ്ഞ വർഷം തന്നെ രാഷ്ട്രപതി ബില്ലിന് അനുമതിയും നൽകി. രാഷ്‌ട്രപതിയുടെ അനുമതിക്ക് ശേഷം മാർച്ച് 12 ന് നിയമം വിജ്ഞാപനം ചെയ്തു. യുസിസിയുടെ വ്യവസ്ഥകൾ നടപ്പാക്കുന്നതിന് ഉദ്യോഗസ്ഥർക്ക് ശരിയായ പരിശീലനവും സൗകര്യങ്ങളും നൽകിയിട്ടുണ്ട്.
വിവാഹം, വിവാഹമോചനം,സ്വത്തവകാശം, പിന്തുടർച്ചാവകാശം മുതലായവയിൽ സംസ്ഥാനത്തെ എല്ലാവർക്കും ഒറ്റ നിയമമാണ് ഇന്ന് മുതൽ ബാധകമാകുന്നത്. സംസ്ഥാനത്തിന്റെ പുറത്ത് താമസിക്കുന്നവരും ഈ നിയമത്തിന്റെ പരിധിയിൽ വരും. ഏത് മതാചാര പ്രകാരം വിവാഹം നടന്നാലും 60 ദിവസത്തിനകം യു സി സി പോർട്ടലിൽ രജിസ്റ്റർ ചെയ്തിരിക്കണം. സ്ത്രീകൾക്കും പുരുഷൻമാർക്കും തുല്യമായ സ്വത്തവകാശം, ലിവിംഗ് ടുഗെദർ ബന്ധത്തിലേർപ്പെടുന്നവർക്കും രജിസ്ട്രേഷൻ നിർബന്ധം, എന്നിവയാണ് നിയമത്തിലെ പ്രധാനപ്പെട്ട വ്യവസ്ഥകൾ. എല്ലാതരം വിവേചനങ്ങളും ഇല്ലാതാക്കുക എന്ന ലക്ഷ്യത്തോടെയാണ് യുസിസി നടപ്പിലാക്കുന്നത്.
advertisement
2022ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ ബിജെപി നൽകിയ സുപ്രധാന വാഗ്ദാനമായിരുന്നു യുസിസി. വിവാഹത്തിനായുളള കൃത്യമായ പ്രായപരിധിയും നിയമം അനുശാസിക്കുന്നുണ്ട്. പുരുഷൻമാർക്ക് 21ഉം സ്ത്രീകൾക്ക് 18ഉം ആണ് നിഷ്കർഷിച്ചിരിക്കുന്ന പ്രായപരിധി. വിവാഹചടങ്ങുകളിൽ മതപരമായ ആചാരങ്ങൾ പിന്തുടരാമെങ്കിലും നിയമപരമായുള്ള അനുമതി നിർബന്ധമാണ്.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Uttarakhand (Uttaranchal)
First Published :
January 27, 2025 7:06 AM IST


