'ചരിത്രപരമായ ചുവടുവെപ്പ്'; ഉത്തരാഖണ്ഡില്‍ ജനുവരി മുതല്‍ ഏകീകൃത സിവില്‍ കോഡ് പ്രാബല്യത്തില്‍ വരുമെന്ന് മുഖ്യമന്ത്രി
- Published by:ASHLI
- news18-malayalam
Last Updated:
സാമൂഹിക സമത്വവും ഐക്യവും ശക്തിപ്പെടുത്തുന്നതിനുള്ള നാഴികകല്ലായി ഈ നടപടി മാറുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു
ഉത്തരാഖണ്ഡില്‍ ഏകീകൃത സിവില്‍കോഡ് ജനുവരി മുതല്‍ പ്രാബല്യത്തില്‍ വരുമെന്ന് മുഖ്യമന്ത്രി പുഷ്‌കര്‍ സിംഗ് ദാമി ബുധനാഴ്ച അറിയിച്ചു. സ്വാതന്ത്ര്യാനന്തരം എകീകൃത സിവില്‍കോഡ് നടപ്പിലാക്കുന്ന രാജ്യത്തെ ആദ്യ സംസ്ഥാനം കൂടിയാണ് ഉത്തരാഖണ്ഡ്.
'' 2025 ജനുവരിയോടെ ഉത്തരാഖണ്ഡില്‍ ഏകീകൃത സിവില്‍കോഡ് പ്രാബല്യത്തില്‍ വരും. സംസ്ഥാനത്തെ നീതിയുക്തമാക്കി മാറ്റുന്നതിനുള്ള ചരിത്രപരമായ ചുവടുവെപ്പാണിത്. ഈ ലക്ഷ്യം നേടിയെടുക്കുന്നതിന്റെ ഭാഗമായാണ് ജനുവരിയില്‍ ഏകീകൃത സിവില്‍ കോഡ് പ്രാബല്യത്തില്‍ വരുന്നത്. ഇന്ന് നടന്ന യുഐഐഡിബി യോഗത്തില്‍ ഇതു സംബന്ധിച്ച നിര്‍ദേശങ്ങള്‍ ഉദ്യോഗസ്ഥര്‍ക്ക് നല്‍കിയിട്ടുണ്ട്,'' മുഖ്യമന്ത്രി പുഷ്‌കര്‍ സിംഗ് ദാമി എക്‌സില്‍ കുറിച്ചു.
സാമൂഹിക സമത്വവും ഐക്യവും ശക്തിപ്പെടുത്തുന്നതിനുള്ള നാഴികകല്ലായി ഈ നടപടി മാറുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കൂടാതെ ഏകീകൃത സിവില്‍കോഡ് നടപ്പാക്കുന്നതിലൂടെ മറ്റ് സംസ്ഥാനങ്ങള്‍ക്ക് വഴികാട്ടിയാകാനും ഉത്തരാഖണ്ഡിന് സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു.
advertisement
ഉത്തരാഖണ്ഡില്‍ ഏകീകൃത സിവില്‍ നടപ്പാക്കുന്നതിനായുള്ള ബില്ലിന് ഇക്കഴിഞ്ഞ മാര്‍ച്ച് 11ന് രാഷ്ട്രപതി അംഗീകാരം നല്‍കിയിരുന്നു. ഭരണഘടനയിലെ 201-ാം അനുഛേദപ്രകാരമാണ് രാഷ്ട്രപതി ബില്ലിന് അംഗീകാരം നല്‍കിയത്.
ഏകീകൃത സിവില്‍കോഡ് പ്രാബല്യത്തിലാകുന്നതോടെ വിവാഹം, വിവാഹമോചനം എന്നിവയുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ പുരുഷന്‍മാര്‍ക്കും സ്ത്രീകള്‍ക്കും ഒരേ അവകാശങ്ങളായിരിക്കുമെന്ന് ദാമി പറഞ്ഞിരുന്നു. ഏകീകൃത സിവില്‍കോഡ് നടപ്പിലാകുന്നതോടെ ബഹുഭാര്യത്വം, ബഹുഭര്‍തൃത്വം, തലാഖ് എന്നിവയ്ക്കും നിരോധനം ഏര്‍പ്പെടുത്തുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ബില്‍ നിയമസഭയില്‍ പാസാകുന്നതിന് മുമ്പാണ് അദ്ദേഹം ഈ പ്രഖ്യാപനം നടത്തിയത്.
advertisement
വിവാഹം സ്ത്രീയും പുരുഷനും തമ്മിലായിരിക്കണം. വിവാഹസമയത്ത് പുരുഷന് 21 വയസും സ്ത്രീയ്ക്ക് 18 വയസും പൂര്‍ത്തിയായിരിക്കണമെന്നും ബില്ലില്‍ പറയുന്നു. കൂടാതെ വിവാഹവും വിവാഹമോചനവും രജിസ്റ്റര്‍ ചെയ്യണമെന്നും ബില്ലില്‍ വ്യക്തമാക്കി. ഇവ രജിസ്റ്റര്‍ ചെയ്യാത്ത ദമ്പതികള്‍ക്ക് സര്‍ക്കാര്‍ ആനൂകൂല്യങ്ങള്‍ നിഷേധിക്കുമെന്നും ബില്ലില്‍ പറയുന്നു.
കുട്ടികളുടെ സംരക്ഷണവുമായി ബന്ധപ്പെട്ട വ്യവസ്ഥകളെപ്പറ്റിയും ഈ ബില്ലില്‍ പറയുന്നുണ്ട്. ഭാര്യാഭര്‍ത്താക്കന്‍മാര്‍ തമ്മില്‍ തര്‍ക്കമോ വിവാഹമോചനമോ ഉണ്ടായാല്‍ 5 വയസ് പൂര്‍ത്തിയാകുന്നത് വരെ കുട്ടികളുടെ സംരക്ഷണം അമ്മയില്‍ തുടരുമെന്നും ബില്ലില്‍ വ്യക്തമാക്കി.
advertisement
അതേസമയം ഉത്തരാഖണ്ഡ് സര്‍ക്കാരിന്റെ ഏകീകൃത സിവില്‍കോഡ് നിയമത്തെ പ്രശംസിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദിയും രംഗത്തെത്തി. 'മതേതര സിവില്‍കോഡ്' ആണ് ഉത്തരാഖണ്ഡ് മുന്നോട്ടുവെച്ചതെന്ന് അദ്ദേഹം പറഞ്ഞു.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Uttarakhand (Uttaranchal)
First Published :
December 18, 2024 6:13 PM IST
മലയാളം വാർത്തകൾ/ വാർത്ത/India/
'ചരിത്രപരമായ ചുവടുവെപ്പ്'; ഉത്തരാഖണ്ഡില്‍ ജനുവരി മുതല്‍ ഏകീകൃത സിവില്‍ കോഡ് പ്രാബല്യത്തില്‍ വരുമെന്ന് മുഖ്യമന്ത്രി