ന്യൂഡല്‍ഹി: ബി ജെ പി സർക്കാരിന്റെ കേന്ദ്ര ബജറ്റിനെ പരിഹസിച്ച് കോണ്‍ഗ്രസ് നേതാവും എം പിയുമായ ഡോ. ശശി തരൂര്‍. ട്വിറ്ററിലൂടെയാണ് അദ്ദേഹത്തിന്റെ പ്രതികരണം. ''ഈ ബി ജെ പി സര്‍ക്കാര്‍ എന്നെ ഓര്‍മിപ്പിക്കുന്നത്, ബ്രേക്ക് ശരിയാക്കാന്‍ സാധിക്കാത്തതുകൊണ്ട് ഹോണിന്റെ ശബ്ദം കൂട്ടിയിട്ടുണ്ടെന്ന് ഉടമയോട് പറഞ്ഞ ഗാരേജ് മെക്കാനിക്കിനെയാണ്''- എന്നായിരുന്നു തരൂരിന്റെ ട്വീറ്റ്.
അതേസമയം, കർഷകരുടെ വരുമാന വർധനയ്ക്കാണ് ബജറ്റ് ഊന്നൽ നൽകിയിരിക്കുന്നതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രതികരിച്ചു. കർഷകരും ഗ്രാമങ്ങളുമാണ് ബജറ്റിന്റെ ഹൃദയമെന്നാണ് പ്രഖ്യാപനങ്ങൾ കാണിക്കുന്നതെന്നും പ്രധാനമന്ത്രി പ്രതികരിച്ചു. ധനമന്ത്രി നിർമല സീതാരാമനെയും പ്രധാനമന്ത്രി അഭിനന്ദിച്ചു. ''സാധാരണക്കാർക്ക് മേൽ അധികഭാരം അടിച്ചേൽക്കുമെന്നാണ് പല വിദഗ്ധരും കരുതിയത്. എന്നാൽ രാജ്യത്തെ വികസന പാതയിലേക്ക് നയിക്കുന്നതിന് അനുകൂലമായ ബജറ്റാണ് കൊണ്ടുവന്നത്. ബജറ്റിന്റെ സഹായത്തോടെ സമ്പത്തും സൗഖ്യവും വർധിക്കും. ഇത് ആത്യന്തികമായി സമസ്ത മേഖലകളുടെയും വികാസത്തിന് വഴി തെളിയിക്കും. അടിസ്ഥാന സൗകര്യ വികസനത്തിനുള്ള വിഹിതത്തിൽ വലിയ വർധനവാണുണ്ടായിരിക്കുന്നത്. കർഷകരുടെ വരുമാന വർധനവിനും ബജറ്റ് ഊന്നൽ നൽകുന്നു. ഇതെല്ലാം കാണിക്കുന്നത് കർഷകരും ഗ്രാമങ്ങളുമാണ് ഈ ബജറ്റിന്റെ ഹൃദയം എന്നുതന്നെയാണ്''- പ്രധാനമന്ത്രി പറഞ്ഞു.
ആരോഗ്യ-കാര്‍ഷിക മേഖലകള്‍ക്ക് ഊന്നല്‍ നല്‍കിയ ബജറ്റില്‍ ഇന്‍ഷുറന്‍സ് മേഖലയില്‍ വിദേശ നിക്ഷേപ പരിധി 75 ശതമാനം ആയി ഉയര്‍ത്തി. കൂടാതെ പെട്രോള്‍, ഡീസല്‍, സ്വര്‍ണം, വെള്ളി തുടങ്ങിയവയ്ക്കു മേല്‍ കാര്‍ഷിക സെസും ഏര്‍പ്പെടുത്തി. 9 ശതമാനമായി ഉയര്‍ന്ന ധനക്കമ്മി 6.8 ശതമാനമായി കുറയ്ക്കാനുള്ള ശ്രമമാണ് സര്‍ക്കാര്‍ നടത്തുന്നത്. ഇതിന്റെ ഭാഗമായി ഓഹരി വിറ്റഴിക്കല്‍, കടമെടുക്കല്‍ തുടങ്ങിയവ നടപ്പാക്കുമെന്നും നിർമല സീതാരാമൻ അവതരിപ്പിച്ച ബജറ്റിൽ പറയുന്നു.
Published by:Rajesh V
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.