26 കാരിയെ ബലാത്സംഗം ചെയ്യാന്‍ ശ്രമിച്ച 60കാരന് ഗ്രാമപഞ്ചായത്തിന്റെ ശിക്ഷ ചെരിപ്പുകൊണ്ട് രണ്ട് അടി; വൈറല്‍ വീഡിയോ
- Published by:meera_57
- news18-malayalam
Last Updated:
തന്നെ ഇയാള്‍ വലിച്ചിഴച്ച് കിണറിനടുത്തുള്ള മുറിയിലേക്ക് കൊണ്ടുപോയി ബലാത്സംഗം ചെയ്യാന്‍ ശ്രമിച്ചുവെന്നാണ് യുവതി പറയുന്നത്
യുവതിയെ ബലാത്സംഗം ചെയ്യാന്‍ ശ്രമിച്ച കുറ്റത്തിന് 60കാരനെ ചെരിപ്പുകൊണ്ട് തല്ലിച്ചതയ്ക്കാന്‍ ഉത്തരവിട്ട് ഗ്രാമപഞ്ചായത്ത്. യുപിയിലെ മുസാഫര്‍നഗര്‍ ജില്ലയിലാണ് സംഭവം നടന്നത്. ഗ്രാമപഞ്ചായത്തിന്റെ വിചിത്രമായ ഉത്തരവിനെതിരെ സോഷ്യല്‍ മീഡിയയില്‍ പ്രതിഷേധം ശക്തമാകുകയാണ്. സംഭവത്തില്‍ പോലീസ് നടപടിയെടുക്കണമെന്നും ചിലര്‍ ആവശ്യപ്പെട്ടു.
26കാരിയായ യുവതിയാണ് പരാതിയുമായി രംഗത്തെത്തിയത്. ജാട്ട് സമുദായത്തില്‍പ്പെട്ട 60കാരനായ തീരത്പാല്‍ തന്നെ ബലാത്സംഗം ചെയ്യാന്‍ ശ്രമിച്ചുവെന്നാരോപിച്ചാണ് യുവതി പരാതി നല്‍കിയത്. താന്‍ വീടിനടുത്ത് ചാണകവരളി നിര്‍മിച്ചുകൊണ്ടിരിക്കുകയായിരുന്നുവെന്നും അപ്പോഴാണ് തീരത്പാല്‍ തന്നെ കടന്നാക്രമിച്ചതെന്നും ഇവര്‍ പറഞ്ഞു. തന്നെ ഇയാള്‍ വലിച്ചിഴച്ച് കിണറിനടുത്തുള്ള മുറിയിലേക്ക് കൊണ്ടുപോയി ബലാത്സംഗം ചെയ്യാന്‍ ശ്രമിച്ചുവെന്നാണ് യുവതി പറയുന്നത്. കൈയിലിരുന്ന അരിവാള്‍ വീശിയാണ് അയാളില്‍ നിന്നും താന്‍ രക്ഷപ്പെട്ടതെന്നും യുവതി പറഞ്ഞു. അവിടെ നിന്നും ഓടിരക്ഷപ്പെട്ട് വീട്ടിലെത്തിയശേഷം സംഭവം വീട്ടുകാരോട് പറഞ്ഞുവെന്ന് യുവതി പറയുന്നു.
advertisement
ഇതോടെ അടുത്തുള്ള പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കാനായി യുവതിയും കുടുംബവും എത്തി. എന്നാല്‍ പോലീസ് ഇടപെടുന്നതിന് മുമ്പ് വിഷയം കൈകാര്യം ചെയ്യാന്‍ ഗ്രാമപഞ്ചായത്ത് മുന്നോട്ടുവന്നു. ഗ്രാമമുഖ്യന്റെ വീട്ടില്‍ വെച്ച് വിഷയത്തില്‍ ചര്‍ച്ച നടന്നു. തുടര്‍ന്ന് തീരത്പാലിനെ അഞ്ച് ചെരിപ്പുപയോഗിച്ച് തല്ലിച്ചതയ്ക്കണമെന്ന് ഗ്രാമപഞ്ചായത്ത് ഉത്തവിട്ടു. എന്നാല്‍ പ്രതിയുടെ ബന്ധുവിന്റെ ഇടപെടല്‍ മൂലം ശിക്ഷ ഇളവ് ചെയ്തുവെന്നും ചെരിപ്പുകൊണ്ട് രണ്ട് തവണ മാത്രമാണ് പ്രതിയെ തല്ലിയതെന്നും യുവതിയുടെ കുടുംബം പറഞ്ഞു.
ഈ സംഭവത്തിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. പഞ്ചായത്ത് അംഗങ്ങളുടെ മുന്നില്‍ വെച്ച് പ്രതിയെ തല്ലിച്ചതയ്ക്കുന്ന വീഡിയോയാണ് സോഷ്യല്‍ മീഡിയയിലെത്തിയത്. ഒരു ക്രിമിനല്‍ കുറ്റത്തിന് ഇത്തരത്തില്‍ നിസാരമായ ശിക്ഷ നല്‍കി കേസ് ഒത്തുത്തീര്‍പ്പാക്കുന്നത് ശരിയല്ലെന്നും പഞ്ചായത്തിന്റെ നടപടി നിയമവിരുദ്ധമാണെന്നും ചിലര്‍ വീഡിയോയ്ക്ക് താഴെ കമന്റ് ചെയ്തു.
advertisement
അതേസമയം, പഞ്ചായത്തിന്റെ തീരുമാനത്തിലും പോലീസിന്റെ നിഷ്‌ക്രിയത്വത്തിലും അതൃപ്തി പ്രകടിപ്പിച്ച് യുവതിയുടെ കുടുംബവും രംഗത്തെത്തി. പഞ്ചായത്ത് അംഗങ്ങള്‍ പക്ഷാപാതപരമായി പെരുമാറിയെന്ന് യുവതിയുടെ സഹോദരന്‍ ലക്ഷ്മണ്‍ ആരോപിച്ചു. ഈ പ്രശ്‌നം ചര്‍ച്ച ചെയ്യുന്ന സമയത്ത് ഗ്രാമത്തലവന്‍ മദ്യപിച്ചിരുന്നുവെന്നും ലക്ഷ്മണ്‍ ആരോപിച്ചു. പ്രതിയെ ജയിലിലടയ്ക്കമെന്നാണ് ഞങ്ങളുടെ ആവശ്യമെന്ന് അദ്ദേഹം പറഞ്ഞു.
"ഇതൊന്നും സ്വീകാര്യമല്ല. പ്രതിയെ ശിക്ഷിക്കാന്‍ പെണ്‍കുട്ടിയെ അനുവദിക്കണം," ലക്ഷ്മണ്‍ പറഞ്ഞു. തങ്ങള്‍ രേഖാമൂലം പരാതി നല്‍കിയിട്ടും പോലീസ് നടപടിയെടുക്കാന്‍ വൈകിയെന്നും ലക്ഷ്മണ്‍ പറഞ്ഞു.
advertisement
"സംഭവം നടന്നതിന്റെ പിറ്റേന്ന് തന്നെ പോലീസ് സ്റ്റേഷനിലെത്തി ഞങ്ങള്‍ പരാതി നല്‍കി. എന്നാല്‍ ഞായറാഴ്ചയാണെന്ന് പറഞ്ഞ് അവര്‍ ഞങ്ങളെ തിരിച്ചയച്ചു," ലക്ഷ്മണ്‍ ആരോപിച്ചു.
അതേസമയം, വീഡിയോ വൈറലായതോടെ സംഭവത്തില്‍ നടപടി കൈകൊള്ളുമെന്ന് പോലീസ് അറിയിച്ചു. യുവതിയെ ബലാത്സംഗം ചെയ്യാന്‍ ശ്രമിച്ച തീരത്പാലിനെതിരെ കേസെടുത്തിട്ടുണ്ടെന്നും അന്വേഷണം നടന്നുവരികയാണെന്നും പോലീസ് പറഞ്ഞു.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram,Kerala
First Published :
March 18, 2025 12:03 PM IST
മലയാളം വാർത്തകൾ/ വാർത്ത/India/
26 കാരിയെ ബലാത്സംഗം ചെയ്യാന്‍ ശ്രമിച്ച 60കാരന് ഗ്രാമപഞ്ചായത്തിന്റെ ശിക്ഷ ചെരിപ്പുകൊണ്ട് രണ്ട് അടി; വൈറല്‍ വീഡിയോ


