മറ്റൊരാളോടൊപ്പം പോയ ഭാര്യ കോടതിയിൽ; ഭാര്യയെ 'കൊന്നതിന് ' ഭർത്താവ് ഒന്നര വർഷമായി ജയിലിൽ
- Published by:Nandu Krishnan
- news18
Last Updated:
ഭാര്യയെ കാണാനില്ലെന്ന് പരാതി നൽകിയതിന് പിന്നാലെയാണ് പൊലീസ് ഭർത്താവിനെ കൊലപാതക കുറ്റം ആരോപിച്ച് അറസ്റ്റ് ചെയ്തത്
ഭാര്യയെ കൊലപ്പെടുത്തിയ കേസില്‍ പ്രതിയാക്കപ്പെട്ട ഭര്‍ത്താവ് ജയിലില്‍ കഴിയവെ കോടതിയില്‍ നേരിട്ട് ഹാജരായി യുവതി. കര്‍ണാടകയിലെ കുടക് ജില്ലയിലാണ് സംഭവം. സംഭവത്തില്‍ പോലീസിന്റെ ഭാഗത്ത് ഗുരുതരമായ വീഴ്ചയുണ്ടായെന്ന് കണ്ടെത്തിയ കോടതി ഏപ്രില്‍ 17ന് മുമ്പ് പൂര്‍ണ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ പോലീസ് സൂപ്രണ്ടിനോട് ഉത്തരവിട്ടു. മല്ലിഗെ എന്ന സ്ത്രീയെ കൊലപ്പെടുത്തിയെന്ന കേസിലാണ് ഭര്‍ത്താവ് സുരേഷ് ഒന്നരവര്‍ഷത്തോളമായി ജയില്‍ ശിക്ഷ അനുഭവിച്ച് വരുന്നത്.
2020 ഡിസംബറില്‍ മല്ലിഗയെ കാണാനില്ലെന്ന് കാട്ടി 38കാരനായ സുരേഷ് പോലീസില്‍ പരാതി നല്‍കിയിരുന്നു. ഇതിന് പിന്നാലെ കൊലപാതക കേസില്‍ സുരേഷിനെ പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. സുരേഷിന്റെ പരാതിക്ക് പിന്നാലെ ബേട്ടദാരപുരയില്‍ നിന്ന് ഒരു സ്ത്രീയുടെ അസ്ഥികൂടം കണ്ടെത്തിയിരുന്നു. ഇത് മല്ലിഗെയുടെതാണെന്നും അവരെ സുരേഷ് കൊലപ്പെടുത്തിയെന്നും ആരോപിച്ച് പോലീസ് കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചു. പിന്നാലെ ഇയാളെ ജയിലിലടയ്ക്കുകയും ചെയ്തു.
ഏപ്രില്‍ ഒന്ന് സുരേഷിന്റെ സുഹൃത്തുക്കളിലൊരാള്‍ മടിക്കേരിയില്‍വെച്ച് മല്ലിഗയെ കണ്ടെത്തി. മറ്റൊരാളോടൊപ്പമിരിക്കുന്ന മല്ലിഗയെയാണ് സുഹൃത്ത് കണ്ടത്. തുടര്‍ന്ന് കേസ് അഞ്ചാം അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതിയുടെ ശ്രദ്ധയില്‍പ്പെടുത്തുകയും മല്ലിഗയെ കോടതിയില്‍ ഹാജരാക്കുകയുമായിരുന്നു.
advertisement
പോലീസിന്റെ ഭാഗത്തുനിന്ന് ഗുരുതരമായ വീഴ്ചയുണ്ടായതായി കണ്ടെത്തിയ കോടതി ഏപ്രില്‍ 17നകം കേസില്‍ പൂര്‍ണ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ എസ്പിയോട് നിര്‍ദേശിച്ചു
കുടക് ജില്ലയിലെ കുശാല്‍നഗര്‍ റൂറല്‍ പോലീസ് സ്‌റ്റേഷനിലാണ് സുരേഷ് ഭാര്യയെ കാണാനില്ലെന്ന് കാട്ടി പരാതി നല്‍കിയതെന്ന് സുരേക്ഷിന്റെ അഭിഭാഷകന്‍ പാണ്ഡു പൂജാരി പറഞ്ഞു. ഇതിനിടെയാണ് ബെട്ടദാരപുര പോലീസ് സ്‌റ്റേഷന്‍റെ പരിധിയില്‍ ഒരു സ്ത്രീയുടെ അസ്ഥികൂടം കണ്ടെത്തിയത്. അവിഹിതബന്ധത്തിന്റെ പേരില്‍ ഭാര്യയെ കൊലപ്പെടുത്തിയെന്ന് ആരോപിച്ച് ബെട്ടദാരപുര പോലീസ് സുരേഷിന്റെ അറസ്റ്റ് ചെയ്തു. ഇയാള്‍ക്കെതിരേ കേസ് രജിസ്റ്റര്‍ ചെയ്യുകയും ചെയ്തു.
advertisement
മല്ലിഗയുടെ മൃതദേഹം തിരിച്ചറിയുന്നതിനായി ഡിഎന്‍എ ടെസ്റ്റ് നടത്താന്‍ അവരുടെ അമ്മയുടെ രക്ത സാമ്പിളുകള്‍ പോലീസ് ശേഖരിച്ചിരുന്നു.
''ഡിഎന്‍എ ഫലം പുറത്തുവരുന്നതിന് മുമ്പ് തന്നെ പോലീസ് കോടതിയില്‍ അന്തിമ കുറ്റപത്രം സമര്‍പ്പിച്ചു. പിന്നീട് സുരേഷിന് ജാമ്യം ലഭിച്ചുവെങ്കിലും ഡിഎന്‍എ പരിശോധനാ ഫലത്തില്‍ പൊരുത്തക്കേട് ഉണ്ടായിരുന്നു,'' അഭിഭാഷകന്‍ പറഞ്ഞു.
ഡിഎന്‍എ പരിശോധനാഫലം ചൂണ്ടിക്കാട്ടി കേസില്‍ നിന്ന് ഒഴിവാക്കാന്‍ ആവശ്യപ്പെട്ട് ഹര്‍ജി നല്‍കിയെങ്കിലും കോടതി അത് സ്വീകരിച്ചില്ല. മല്ലിഗയുടെ അമ്മയെയും ഗ്രാമവാസികളെയും ഉള്‍പ്പെടെ സാക്ഷികളെ വിസ്തരിക്കാന്‍ കോടതി ആവശ്യപ്പെട്ടു. മല്ലിഗെ ജീവിച്ചിരിപ്പുണ്ടെന്നും മറ്റൊരാളോടൊപ്പം ഒളിച്ചോടിപോയിരിക്കാമെന്നുമാണ് ഭൂരിഭാഗം പേരും കോടതിയില്‍ മൊഴി നല്‍കിയത്.
advertisement
മടിക്കേരിയിലെ ഒരു ഹോട്ടലില്‍ ഒരു പുരുഷനോടൊപ്പം ഭക്ഷണം കഴിക്കുന്നതിനിടെയാണ് മല്ലിഗയെ പോലീസ് കണ്ടെത്തിയത്.
''വിഷയം ഗൗരവത്തോടെ പരിഗണിച്ച കോടതി മല്ലിഗയെ ഉടന്‍ ഹാജരാക്കാന്‍ പോലീസിനോട് ആവശ്യപ്പെട്ടു. തുടര്‍ന്ന് അവരെ കോടതിയില്‍ ഹാജരാക്കി. തുടര്‍ന്ന് ചോദ്യം ചെയ്തപ്പോള്‍ താന്‍ ഒളിച്ചോടിയതാണെന്നും മറ്റൊരാളെ വിവാഹം കഴിച്ചെന്നും യുവതി സമ്മതിച്ചു. സുരേഷിന് പിന്നീട് എന്താണ് സംഭവിച്ചതെന്ന് തനിക്ക് അറിയില്ലെന്നും അവര്‍ പറഞ്ഞു. മടിക്കേരിയില്‍നിന്ന് 30 കിലോമീറ്റര്‍ അകലെയുള്ള ഷെട്ടിഹള്ളി എന്ന ഗ്രാമത്തിലാണ് അവര്‍ താമസിച്ചിരുന്നത്. എന്നാല്‍, ഇവരെ കണ്ടെത്താന്‍ പോലീസിന്റെ ഭാഗത്തുനിന്ന് യാതൊരുവിധ ശ്രമവുമുണ്ടായിരുന്നില്ല,'' അഭിഭാഷകന്‍ പറഞ്ഞു.
advertisement
വളരെ ഗൗരവമേറിയതും അപൂര്‍വവുമായ കേസാണിതെന്ന് അഭിഭാഷകന്‍ പറഞ്ഞു. ആദ്യം പോലീസ് കണ്ടെത്തിയ അസ്ഥികൂടം ആരുടേതാണ്, പോലീസ് എന്തിനാണ് തെറ്റായ കുറ്റപത്രം സമര്‍പ്പിച്ചത് എന്നിവയാണ് കോടതിക്ക് മുന്നിലുള്ള പ്രധാന ചോദ്യങ്ങളെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
എസ്പിയെയും കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെയും കോടതി വിളിച്ചുവരുത്തിയിരുന്നു. പക്ഷേ, അവര്‍ക്ക് കോടതിയുടെ ചോദ്യങ്ങള്‍ക്ക് കൃത്യമായി ഉത്തരം നല്‍കാന്‍ കഴിഞ്ഞില്ല. സുരേഷ് നിരപരാധിയാണെന്ന് വിധി പറയുന്നതിന് മുമ്പ് ഏപ്രില്‍ 17ന് പോലീസിന്റെ ഭാഗത്തുനിന്നുണ്ടായ വീഴ്ചകളെക്കുറിച്ച് പൂര്‍ണമായ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ എസ്പിയോട് നിര്‍ദേശിച്ചിട്ടുണ്ട്. കോടതിയുടെ അന്തിമ ഉത്തരവിനായി കാത്തിരിക്കുകയാണെന്ന് പറഞ്ഞ അഭിഭാഷകന്‍ തന്റെ കക്ഷി അനുഭവിച്ച ബുദ്ധിമുട്ടുകള്‍ക്കും അദ്ദേഹത്തിനനെതിരായ വ്യാജ കേസ് ഫയല്‍ ചെയ്തതിന് പോലീസിനെതിരേയും ഹൈക്കോടതിയില്‍ റിട്ട് ഹര്‍ജി ഫയല്‍ ചെയ്യുമെന്നും വ്യക്തമാക്കി.
advertisement
''എന്റെ കക്ഷിക്ക് നീതിയും നഷ്ടപരിഹാരവും തേടും. സുരേഷ് എസ് ടി വിഭാഗത്തില്‍ നിന്നുള്ളയാളായതിനാല്‍ ഞങ്ങള്‍ മനുഷ്യാവകാശ കമ്മിഷനെയും എസ്ടി കമ്മിഷനെയും സമീപിക്കും,'' അഭിഭാഷകന്‍ പറഞ്ഞു.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Karnataka
First Published :
April 05, 2025 2:10 PM IST
മലയാളം വാർത്തകൾ/ വാർത്ത/India/
മറ്റൊരാളോടൊപ്പം പോയ ഭാര്യ കോടതിയിൽ; ഭാര്യയെ 'കൊന്നതിന് ' ഭർത്താവ് ഒന്നര വർഷമായി ജയിലിൽ