IPL 2021 | മാക്‌സ്‌വെല്ലിന്റെ മികച്ച പ്രകടനങ്ങള്‍ക്ക് പിന്നിലെ കാരണം വ്യക്തമാക്കി ആകാശ് ചോപ്ര
- Published by:Jayesh Krishnan
- news18-malayalam
Last Updated:
ഈ സീസണില്‍ മാക്‌സ്‌വെല്‍ ഫോം വീണ്ടെടുക്കാനുള്ള കാരണം ചൂണ്ടിക്കാണിച്ച് രംഗത്ത് വന്നിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ ഓപ്പണറും കമന്റേറ്ററുമായ ആകാശ് ചോപ്ര
ഐപിഎല്ലില്‍ റോയല്‍ ചാലഞ്ചേഴ്സ് ബാംഗ്ലൂരിലെത്തിയതോടെ ഓസ്ട്രേലിയന്‍ സൂപ്പര്‍ ഓള്‍റൗണ്ടര്‍ ഗ്ലെന്‍ മാക്‌സ്‌വെല്ലിന്റെ സമയം തെളിഞ്ഞ മട്ടാണ്. ആര്‍സിബിക്കായി ഈ സീസണില്‍ കളിച്ച രണ്ടു മല്‍സരങ്ങളിലും അദ്ദേഹം മികച്ച പ്രകടനങ്ങള്‍ കാഴ്ചവച്ചിരുന്നു. ഇതില്‍ ആര്‍സിബി സണ്‍റൈസേഴ്സ് ഹൈദരാബാദിനെതിരെ ത്രസിപ്പിക്കുന്ന വിജയം സ്വന്തമാക്കിയ മല്‍സരത്തില്‍ മാന്‍ ഓഫ് ദി മാച്ചായിരുന്നു മാക്‌സ്വെല്‍. 41പന്തുകളില്‍ നിന്ന് 59 റണ്‍സാണ് താരം നേടിയിത്. മാക്‌സ്‌വെല്ലിന്റെ മികച്ച പ്രകടനമാണ് ആര്‍സിബിയെ ഭേദപ്പെട്ട സ്‌കോറിലേക്ക് നയിച്ചത്.
ഈ സീസണില്‍ മാക്‌സ്‌വെല്‍ ഫോം വീണ്ടെടുക്കാനുള്ള കാരണം ചൂണ്ടിക്കാണിച്ച് രംഗത്ത് വന്നിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ ഓപ്പണറും കമന്റേറ്ററുമായ ആകാശ് ചോപ്ര. തന്റെ യൂട്യൂബ് ചാനലിലൂടെ കളി വിശകലനം ചെയ്യവേ ആയിരുന്നു താരത്തിന്റെ പ്രകടനത്തെ കുറിച്ച് അദ്ദേഹം വാചലനായത്.
ബാറ്റ് ചെയ്യാന്‍ ക്രീസിലെത്തിയ ശേഷം കുറച്ചു സമയമെടുത്താണ് മാക്‌സ്വെല്‍ കളിക്കുന്നത്. ഇതു തീര്‍ച്ചയായും നല്ല കാര്യമാണെന്നു ചോപ്ര അഭിപ്രായപ്പെട്ടു. ഐപിഎല്ലില്‍ അവസാനമായി അദ്ദേഹം അര്‍ധസെഞ്ചുറി നേടിയത് 2016ലായിരുന്നു. അഞ്ചു വര്‍ഷങ്ങള്‍ക്ക് ശേഷമാണ് മറ്റൊരു അര്‍ധസെഞ്ചുറി നേടാന്‍ താരത്തിനായത്. ഇതു അഞ്ചു വര്‍ഷത്തെ ഒരു പ്ലാന്‍ പോലെയാണ് തോന്നുന്നത്. അഞ്ചു വര്‍ഷം പൂര്‍ത്തിയായിക്കഴിഞ്ഞപ്പോള്‍ ചില പുതിയ ഇന്‍സ്റ്റളേഷനുകള്‍ നടത്തിയിരിക്കുകയാണ് അദ്ദേഹം. ഈ വര്‍ഷം അദ്ദേഹത്തിനു മികച്ചതാവന്‍ ഇടയുണ്ടെന്നും ചോപ്ര നിരീക്ഷിച്ചു.
advertisement
സീസണില്‍ ആര്‍സിബി കളിച്ച രണ്ടു മല്‍സരങ്ങളിലും മികച്ച സംഭാവനയാണ് മാക്‌സ്വെല്ലിന്റെ ഭാഗത്തു നിന്നുണ്ടായതെന്നു ചോപ്ര അഭിപ്രായപ്പെട്ടു. എബി ഡിവില്ലിയേഴ്സിനെ മാക്‌സ്വെല്ലിനും താഴെ ബാറ്റിങില്‍ ഇറക്കുന്നതിനോടു വ്യക്തിപരമായി എനിക്കു യോജിപ്പില്ല. പക്ഷെ അതുകൊണ്ട് ആര്‍സിബിക്കു ദോഷമൊന്നും ഇതുവരെയുണ്ടായിട്ടില്ല. എന്നാല്‍ എല്ലാം നല്ല രീതിയില്‍ അവസാനിക്കുന്നതിനാല്‍ അതുകൊണ്ടു കുഴപ്പവുമില്ല. എബിഡി, മാക്‌സ്വെല്‍ ആരുമായിക്കൊള്ളട്ടെ ആര്‍സിബി ജയിച്ചാല്‍ പിന്നെ ആരാണ് ഇതേക്കുറിച്ചൊക്കെ ശ്രദ്ധിക്കാന്‍ പോവുന്നതെന്നും ചോപ്ര ചോദിക്കുന്നു.
ഹൈദരാബാദിനെതിരെ ആദ്യത്തെ 16 പന്തുകളില്‍ ഒമ്പത് റണ്‍സായിരുന്നു മാക്സി നേടിയത്. എന്നാല്‍ അടുത്ത 25 പന്തില്‍ നിന്നും 50 റണ്‍സെടുക്കാന്‍ അദ്ദേഹത്തിനു കഴിഞ്ഞു.
advertisement
ഹൈദരാബാദിനെതിരെ ഒരോവറില്‍ മൂന്ന് വിക്കറ്റുകളെടുത്ത് മത്സരഗതി തന്നെ മാറ്റിയ സ്പിന്നര്‍ ഷഹബാസ് അഹമ്മദിനെയും ചോപ്ര പ്രശംസിച്ചു. ഷഹബാസിന് ഈ കളിയില്‍ മുന്‍നിരയില്‍ തന്നെ ബാറ്റ് ചെയ്യാന്‍ അവസരം ലഭിച്ചു. ചില മികച്ച ഷോട്ടുകളും അദ്ദേഹം പായിച്ചു. ബൗളിങിന്റെ കാര്യമെടുത്താല്‍ രണ്ടോവറില്‍ ഏഴു റണ്‍സ് മാത്രം വിട്ടുകൊടുത്ത് ഷഹബാസ് മൂന്നു വിക്കറ്റുകള്‍ വീഴ്ത്തി. പിച്ച് അദ്ദേഹത്തിനു യോജിച്ചതായിരുന്നു, മികച്ച ബൗളിങും ഷഹബാസ് പുറത്തെടുത്തു. ശരിയായ സമയത്താണ് കോഹ്ലി ഷഹബാസിനെ ഉപയോഗിച്ചതെന്നും അതിനോടു താരം നല്ല രീതിയില്‍ പ്രതികരിച്ചതായും ചോപ്ര വിശദമാക്കി.
advertisement
ആര്‍സിബിയുടെ പുതിയ ഡെത്ത് ഓവര്‍ സ്‌പെഷലിസ്റ്റ് ആയി മാറിയ പേസര്‍ ഹര്‍ഷല്‍ പട്ടേലിനെയും ചോപ്ര പ്രശംസ കൊണ്ടുമൂടി. മുംബൈയ്ക്കെതിരായ ആദ്യ കളിയില്‍ അവന്‍ അഞ്ചു വിക്കറ്റുകള്‍ വീഴ്ത്തി. ഹൈദരാബാദിനെതിരേയും മികച്ച ബൗളിങായിരുന്നു ഹര്‍ഷലിന്റേത്. അധികം ബൗണ്ടറികളും സിക്സറുകളുമൊന്നും താരം വഴങ്ങിയതുമില്ല. അസാധാരണ ബൗളിങ് പ്രകടനം തന്നെയാണിത്. ഡല്‍ഹി ക്യാപ്പിറ്റല്‍സില്‍ നിന്നും ആര്‍സിബി വാങ്ങിയ ഹര്‍ഷല്‍ ടീമിന്റെ പ്രതീക്ഷയ്ക്കൊത്തുയര്‍ന്ന പ്രകടനമാണ് നടത്തിക്കൊണ്ടിരിക്കുന്നതെന്നും ചോപ്ര നിരീക്ഷിച്ചു.
Location :
First Published :
April 15, 2021 11:33 PM IST
മലയാളം വാർത്തകൾ/ വാർത്ത/IPL/
IPL 2021 | മാക്‌സ്‌വെല്ലിന്റെ മികച്ച പ്രകടനങ്ങള്‍ക്ക് പിന്നിലെ കാരണം വ്യക്തമാക്കി ആകാശ് ചോപ്ര