HOME » NEWS » IPL » IPL 2021 KKR VS MI MUMBAI INDIANS COMES UP WITH 10 RUN VICTORY OVER KOLKATA KNIGHT RIDERS AS INT

IPL 2021, KKR vs MI | വിജയം പിടിച്ചുവാങ്ങി മുംബൈ ഇന്ത്യൻസ്: ജയം പത്ത് റൺസിന്

വിജയം ഉറപ്പിച്ചു മുന്നേറുകയായിരുന്ന കൊൽക്കത്തയിൽ നിന്ന് അക്ഷരാർത്ഥത്തിൽ വിജയം പിടിച്ച് വാങ്ങുകയായിരുന്നു മുംബൈ.

News18 Malayalam | news18-malayalam
Updated: April 14, 2021, 6:15 AM IST
IPL 2021, KKR vs MI | വിജയം പിടിച്ചുവാങ്ങി മുംബൈ ഇന്ത്യൻസ്: ജയം പത്ത് റൺസിന്
IPL 2021, KKR vs MI
  • Share this:
ഐപിഎല്ലിൽ മറ്റൊരു ത്രില്ലർ മത്സരം കൂടി. മുംബൈ ഇന്ത്യൻസും കൊൽക്കത്ത നൈറ്റ് റൈഡേഴ്സും തമ്മിലുള്ള മൽസരമാണ് അവസാന പന്ത് വരെ ആവേശം നിലനിർത്തിക്കൊണ്ട് ആരാധകരെ ആകാംക്ഷയുടെ മുൾമുനയിൽ ആക്കിയത്. ഒടുവിൽ ആവേശകരമായ പോരാട്ടത്തിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെ പത്ത് റൺസിന് കീഴടക്കി സീസണിലെ ആദ്യ വിജയം സ്വന്തമാക്കി മുംബൈ ഇന്ത്യൻസ്.

ആദ്യം ബാറ്റ് ചെയ്ത മുംബൈ ഉയർത്തിയ 153 റൺസ് എന്ന താരതമ്യേന ചെറിയ വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ കൊൽക്കത്ത 142 റൺസിൽ ഒതുങ്ങി. നാലുവിക്കറ്റ് വീഴ്ത്തിയ രാഹുൽ ചഹാറും അവസാന ഓവറുകളിൽ അസാമാന്യ ബൗളിങ് പ്രകടനവുമായി കൊൽക്കത്ത ബാറ്റ്സ്മാൻമാരെ വരിഞ്ഞു മുറുക്കിയ ബുംറയും ബോൾട്ടുമാണ് മുംബൈയ്ക്ക് വിജയം സമ്മാനിച്ചത്. ഒരു ഘട്ടത്തിൽ അനായാസ വിജയത്തിലേക്ക് നീങ്ങുകയായിരുന്ന കൊൽക്കത്തയെ ഇവരുടെ ബൗളിംഗിലാണ് മുംബൈ പിടിച്ചുകെട്ടിയത്.  വിജയം ഉറപ്പിച്ചു മുന്നേറുകയായിരുന്ന കൊൽക്കത്തയിൽ നിന്ന് അക്ഷരാർത്ഥത്തിൽ വിജയം പിടിച്ച് വാങ്ങുകയായിരുന്നു മുംബൈ.

Also Read-IPL 2021 | Mumbai Indians | മുംബൈ ടീമിന്റെ തുറുപ്പ്ചീട്ട് ആരെന്ന് വെളിപ്പെടുത്തി സഹീർ ഖാൻ

153 റൺസ് വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ കൊൽക്കത്ത കരുതലോടെയാണ് തുടങ്ങിയത്. മോശം പന്തുകൾ കണ്ടെത്തി പ്രഹരിച്ച ഓപ്പണർമാരായ ശുഭ്മാൻ ഗില്ലും നിതീഷ് റാണയും ചേർന്ന് ബാറ്റിങ് പവർപ്ലേയിൽ 45 റൺസ് കൂട്ടിച്ചേർത്തു. പിന്നാലെ ഏഴോവറിൽ ഇരുവരും അർധസെഞ്ചുറി കൂട്ടുകെട്ട് പടുത്തുയർത്തി.

ഒടുവിൽ സ്കോർ 72-ൽ നിൽക്കേ ഗില്ലിനെ കൊൽക്കത്തയ്ക്ക് നഷ്ടമായി. 24 പന്തുകളിൽ നിന്നും അഞ്ച് ബൗണ്ടറികളുടെയും ഒരു സിക്സിന്റെയും സഹായത്തോടെ 33 റൺസെടുത്ത താരത്തെ രാഹുൽ ചഹാർ പൊള്ളാർഡിന്റെ കൈയ്യിലെത്തിച്ചു. പിന്നാലെ വന്ന രാഹുൽ ത്രിപാഠിയെ മടക്കി ചഹാർ കൊൽക്കത്തയ്ക്ക് ഇരട്ട പ്രഹരമേകി. വെറും അഞ്ചുറൺസെടുത്ത താരത്തെ ചഹാർ ഡീ കോക്കിന്റെ കൈയ്യിലെത്തിച്ചു. പിന്നാലെ വന്ന ക്യാപ്റ്റൻ മോർഗനെ കൂട്ടുപിടിച്ച് നിതീഷ് റാണ കൊൽക്കത്ത സ്കോർ 100 കടത്തി. പിന്നാലെ താരം ഐ.പി.എല്ലിലെ തൻ്റെ 13-ാം അർധസെഞ്ചുറി കൂടി പൂർത്തിയാക്കി.

കൊൽക്കത്ത വിജയം ഉറപ്പിച്ച് മുന്നേറുകയായിരുന്ന ഈ ഘട്ടത്തിൽ മോർഗനെ പുറത്താക്കി രാഹുൽ ചഹാർ മുംബൈക്ക് ആശ്വാസം നൽകി. വെറും ഏഴ് റൺസ് മാത്രമാണ് താരത്തിന് നേടാനായത്. 47 പന്തുകളിൽ നിന്നും ആറ് ഫോറുകളുടെയും രണ്ട് സിക്സുകളുടെയും അകമ്പടിയോടെ 57 റൺസെടുത്ത റാണയെ മടക്കി ചഹാർ തൻ്റെ നാലാം വിക്കറ്റും സ്വന്തമാക്കി. ചാഹറിന്റെ ഐപിഎൽ കരിയറിലെ ഏറ്റവും മികച്ച ബൗളിങ് പ്രകടനമാണിത്.

Also Read-ഐ.പി.എൽ. സീസണിന്റെ തുടക്കം നല്‍കുന്ന പാഠങ്ങൾ എന്തൊക്കെയെന്ന് വിശദീകരിച്ച് സഞ്ജയ് മഞ്ജരേക്കര്‍

തൊട്ടടുത്ത ഓവറിലെ രണ്ടാം പന്തിൽ 9 റൺസെടുത്ത ഷാക്കിബ് അൽ ഹസ്സനെ പുറത്താക്കി ക്രുനാൽ പാണ്ഡ്യ കൊൽക്കത്തയുടെ അഞ്ചാം വിക്കറ്റ് വീഴ്ത്തി. ഇതോടെ കൊൽക്കത്ത 122 ന് അഞ്ച് എന്ന നിലയിലായി. പിന്നീട് ക്രീസിൽ എത്തിയ വെടിക്കെട്ട് വീരൻ ആന്ദ്രേ റസലും ദിനേഷ് കാർത്തിക്കും താളം കണ്ടെത്താൻ വിഷമിച്ചതോടെ അവരുടെ സ്കോറിങ് റേറ്റ് താഴ്ന്നു. ഈ അവസരം മുതലെടുത്ത മുംബൈ ബൗളർമാർ കളിയിലേക്ക് അവരുടെ ടീമിനെ തിരിച്ച് കൊണ്ടുവന്നു.

അവസാന രണ്ടോവറിൽ കൊൽക്കത്തയ്ക്ക് വിജയിക്കാൻ 19 റൺസായിരുന്നു വേണ്ടിയിരുന്നത്. 19-ാം ഓവർ എറിഞ്ഞ ബുംറ വെറും നാല് റൺസ് മാത്രമാണ് വഴങ്ങിയത്. ഇതോടെ അവസാന ഓവറിൽ കൊൽക്കത്തയ്ക്ക് വിജയിക്കാൻ 15 റൺസ് വേണമായിരുന്നു. എന്നാൽ അവസാന ഓവർ ഉജ്ജ്വലമായി എറിഞ്ഞ ബോൾട്ട് ആ ഓവറിലെ മൂന്നാം പന്തിൽ റസ്സലിനെയും അടുത്ത പന്തിൽ പാറ്റ് കമ്മിൻസിനെയും പുറത്താക്കി മുംബൈയുടെ വിജയം ഉറപ്പിച്ചു. അവസാന രണ്ട് പന്തുകളിൽ 13 റൺസ് വേണ്ടിയിരുന്ന കൊൽക്കത്തയ്ക്ക് മൂന്ന് റൺസ് കൂടി നേടാനെ കഴിഞ്ഞുള്ളൂ.

മുംബൈയ്ക്ക് വേണ്ടി രാഹുൽ ചാഹർ നാലോവറിൽ വെറും 27 റൺസ് മാത്രം വിട്ടുകൊടുത്ത് നാല് വിക്കറ്റ് വീഴ്ത്തിയപ്പോൾ ട്രെന്റ് ബോൾട്ട് രണ്ട് വിക്കറ്റ് സ്വന്തമാക്കി. ക്രുനാൽ പാണ്ഡ്യ ഒരു വിക്കറ്റ് നേടി. ടോസ് നേടിയ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് നായകന്‍ ഓയിന്‍ മോര്‍ഗന്‍ ബൗളിങ് തെരെഞ്ഞെടുക്കുകയായിരുന്നു. കൊല്‍ക്കത്ത കഴിഞ്ഞ മത്സരത്തില്‍ കളിച്ച അതേ ടീമുമായി ഇറങ്ങിയപ്പോള്‍ മുംബൈ നിരയില്‍ ക്രിസ് ലിന്നിന് പകരം ക്വാറന്റീന്‍ പൂര്‍ത്തിയാക്കിയ ക്വിന്റണ്‍ ഡീ കോക്ക് ടീമില്‍ ഇടം നേടി.

എന്നാൽ കിട്ടിയ അവസരം ഉപയോഗിക്കാൻ താരത്തിന് കഴിഞ്ഞില്ല. രണ്ടാം ഓവറില്‍ തന്നെ ഡീ കോക്കിനെ വരുണ്‍ ചക്രവര്‍ത്തി രാഹുല്‍ ത്രിപാഠിയുടെ കൈകളില്‍ എത്തിച്ചു. ആറുപന്തുകളില്‍ നിന്നും വെറും രണ്ട് റണ്‍സ് മാത്രമാണ് ഡീ കോക്കിന് നേടാനായത്. പിന്നാലെ വന്ന സൂര്യകുമാർ യാദവും മുംബൈ ക്യാപ്റ്റൻ രോഹിത് ശർമയും ചേർന്ന് മുംബൈ ഇന്നിംഗ്സ് മുന്നോട്ട് കൊണ്ടുപോയി. ഇരുവരും ബാറ്റിങ് പവര്‍പ്ലേയില്‍ നിന്ന് 42 റണ്‍സാണ് നേടിയത്. 7.3 ഓവറില്‍ മുംബൈ സ്‌കോര്‍ 50 കടന്നു.

പിന്നാലെ രോഹിതും സൂര്യകുമാറും ചേര്‍ന്ന് അര്‍ധസെഞ്ചുറി കൂട്ടുകെട്ട് പടുത്തുയര്‍ത്തി. വൈകാതെ തന്നെ സൂര്യകുമാര്‍ യാദവ് അര്‍ധസെഞ്ചുറിയും പൂര്‍ത്തിയാക്കി. പാറ്റ് കമ്മിന്‍സിന്റെ പന്തില്‍ 99 മീറ്റര്‍ നീളമുള്ള ഒരു പടുകൂറ്റന്‍ സിക്‌സ് നേടിയാണ് താരം ഐപിഎല്ലിലെ തന്റെ 12-ാം അര്‍ധസെഞ്ചുറി നേടിയത്. 33 പന്തുകളില്‍ നിന്നാണ് താരം അര്‍ധസെഞ്ചുറി പൂര്‍ത്തിയാക്കിയത്. അര്‍ധസെഞ്ചുറി പൂർത്തിയാക്കിയതിന് പിന്നാലെ സൂര്യകുമാർ യാദവ് ഷക്കീബിന് വിക്കറ്റ് നൽകി മടങ്ങി. പിന്നീട് എത്തിയ മുംബൈ ബാറ്റ്സ്മാൻമാർക്ക് കാര്യമായ സംഭാവനകൾ നൽകാൻ കഴിഞ്ഞതുമില്ല.അവസാന ഓവറുകളില്‍ തകര്‍ത്തുകളിച്ച ക്രുനാല്‍ പാണ്ഡ്യയാണ് മുംബൈ സ്‌കോര്‍ 150 കടത്തിയത്. ഒന്‍പത് പന്തുകളില്‍ നിന്നും 15 റണ്‍സെടുത്ത ക്രുനാലിനെ അവസാന ഓവറില്‍ റസ്സല്‍ പുറത്താക്കി. തൊട്ടടുത്ത പന്തില്‍ ബുംറയെയും താരം പവലിയനിലേക്ക് മടക്കി. അവസാന പന്തില്‍ ബോള്‍ട്ടിനെയും മടക്കിയ റസ്സല്‍ മത്സരത്തില്‍ മൊത്തം അഞ്ച് വിക്കറ്റ് വീഴ്ത്തി. താരത്തിന്റെ ഏറ്റവും മികച്ച ടി20 ബൗളിങ് പ്രകടനമാണിത്.

രണ്ടോവറില്‍ വെറും 15 റണ്‍സ് മാത്രം വഴങ്ങിയാണ് താരം അഞ്ചുവിക്കറ്റ് പിഴുതത്. റസ്സലിന് പുറമേ പാറ്റ് കമ്മിന്‍സ് കൊല്‍ക്കത്തയ്ക്കായി രണ്ട് വിക്കറ്റ് വീഴ്ത്തിയപ്പോള്‍ പ്രസിദ്ധ് കൃഷ്ണ, ഷാക്കിബ് അല്‍ ഹസ്സന്‍, വരുണ്‍ ചക്രവര്‍ത്തി എന്നിവര്‍ ഓരോ വിക്കറ്റ് വീതം നേടി.

Summary:  Mumbai Indians comes up with a fighting 10run victory over Kolkata Knight Riders in yet another thrilling match of IPL 2021
Published by: Asha Sulfiker
First published: April 14, 2021, 6:15 AM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories