IPL 2021| നാടകീയം..അവിശ്വസനീയം! ആവേശപ്പോരിൽ ഡൽഹിയെ മറികടന്ന് കൊൽക്കത്ത ഫൈനലിൽ; മൂന്ന് വിക്കറ്റ് ജയം
- Published by:Naveen
- news18-malayalam
Last Updated:
ഡൽഹി ഉയർത്തിയ 136 റൺസ് വിജയലക്ഷ്യത്തിലേക്ക് വളരെ അനായാസമാണ് കൊൽക്കത്ത നീങ്ങിയതെങ്കിലും പിന്നീട് തുടർച്ചയായി വിക്കറ്റുകൾ വീഴ്ത്തി ഡൽഹി കൊൽക്കത്തയെ പ്രതിരോധത്തിലാക്കി. എന്നാൽ മനസ്സാന്നിധ്യം കൈവിടാതെ പൊരുതിയ കൊൽക്കത്ത ജയം നേടുകയായിരുന്നു.
ഐപിഎൽ പതിനാലാം സീസണിൽ ഫൈനൽ പോരാട്ടത്തിന് യോഗ്യത നേടി കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ്. ഇന്ന് നടന്ന രണ്ടാം ക്വാളിഫയറിൽ അവസാന നിമിഷം വരെ ആവേശം നീണ്ടുനിന്ന പോരാട്ടത്തിൽ ഡൽഹി ക്യാപിറ്റൽസിനെ മൂന്ന് വിക്കറ്റിന് മറികടന്നാണ് കൊൽക്കത്ത കലാശപ്പോരാട്ടത്തിന് യോഗ്യത നേടിയത്. 15ന് ദുബായ് അന്താരഷ്ട്ര സ്റ്റേഡിയത്തിൽ നടക്കുന്ന ഫൈനൽ മത്സരത്തിൽ ചെന്നൈ സൂപ്പർ കിങ്‌സാണ് കൊൽക്കത്തയുടെ എതിരാളികൾ.
അതേസമയം, ഐപിഎല്ലിൽ തങ്ങളുടെ കന്നിക്കിരീടം എന്ന സ്വപ്നമാണ് കൊൽക്കത്തയ്‌ക്കെതിരെ തോറ്റതോടെ ഡൽഹിക്ക് നഷ്ടമായത്. ഡൽഹിയുടെ തുടർച്ചയായ മൂന്നാം പ്ലേഓഫ് ആയിരുന്നു ഈ സീസണിലേത്. ഫൈനൽ യോഗ്യത നേടിയ കൊൽക്കത്ത തങ്ങളുടെ മൂന്നാം ഐപിഎൽ കിരീടമാണ് ലക്ഷ്യമിടുന്നത്.
ഡൽഹി ഉയർത്തിയ 136 റൺസ് വിജയലക്ഷ്യത്തിലേക്ക് വളരെ അനായാസമാണ് കൊൽക്കത്ത നീങ്ങിയതെങ്കിലും പിന്നീട് തുടർച്ചയായി വിക്കറ്റുകൾ വീഴ്ത്തി കൊൽക്കത്തയെ ഡൽഹി വിറപ്പിക്കുകയായിരുന്നു. 136 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ കൊല്‍ക്കത്ത ഒരു ഘട്ടത്തില്‍ 14.5 ഓവറില്‍ ഒരു വിക്കറ്റിന് 123 റണ്‍സ് എന്ന ശക്തമായ നിലയിലായിരുന്നു. എന്നാൽ പിന്നീട് കൊൽക്കത്ത ബാറ്റർമാർ ഒന്നിന് പുറകെ ഒന്നായി മടങ്ങിയതോടെ കൊൽക്കത്ത 130ന് ഏഴ് വിക്കറ്റ് നിലയിലേക്ക് വീഴുകയായിരുന്നു. അവസാന ഓവറിൽ തുടരെ രണ്ട് വിക്കറ്റുകൾ വീഴ്ത്തി അശ്വിൻ വിറപ്പിച്ചെങ്കിലും അവസാന ഓവറിലെ അഞ്ചാം പന്തിൽ സിക്സ് നേടി രാഹുൽ ത്രിപാഠി കൊൽക്കത്തയ്ക്ക് ജയം സമ്മാനിക്കുകയായിരുന്നു.
advertisement
കൊൽക്കത്തയ്ക്കായി ഓപ്പണിങ് ബാറ്റർമാരായ ശുഭ്മാൻ ഗിൽ (45 പന്തിൽ 46) വെങ്കടേഷ് അയ്യർ (41 പന്തിൽ 55) എന്നിവർ ചേർന്ന് ഒന്നാം വിക്കറ്റിൽ കൂട്ടിച്ചേർത്ത 96 റൺസാണ് കൊൽക്കത്ത ഇന്നിങ്സിന്റെ അടിത്തറ. രാഹുൽ ത്രിപാഠി 12 റൺസോടെ പുറത്താകാതെ നിന്നു.
ഡൽഹി ഉയർത്തിയ 136 റൺസ് വിജയലക്ഷ്യം പിന്തുടർന്ന് ഇറങ്ങിയ കൊൽക്കത്തയ്ക്കായി ശുഭ്മാൻ ഗില്ലും വെങ്കടേഷ് അയ്യരും ശ്രദ്ധയോടെയാണ് തുടങ്ങിയത്. പിന്നീട് അയ്യർ ഗിയർ മാറ്റിയതോടെ കൊൽക്കത്തയുടെ സ്കോർബോർഡിലേക്ക് റൺസ് പെട്ടെന്ന് തന്നെ എത്തി തുടങ്ങി. 5.4 ഓവറിൽ കൊൽക്കത്തയുടെ സ്കോർ 50 കടന്നു.
advertisement
പവർപ്ലേ ഓവറുകൾക്ക് ശേഷം ശ്രദ്ധയോടെയാണ് ഇരുവരും ബാറ്റ് വീഴ്ത്തിയത്. സിംഗിളുകളും ഡബിളുകളുമായി ഇരുവരും റൺ റേറ്റ് താഴാതെ മുന്നോട്ട് കൊണ്ടുപോവുകയായിരുന്നു. പിന്നാലെ വെങ്കടേഷ് അയ്യർ അർധസെഞ്ചുറി നേടി. എന്നാല്‍ 13-ാം ഓവറിലെ രണ്ടാം പന്തില്‍ വെങ്കടേഷ് അയ്യരെ പുറത്താക്കി റബാഡ നിർണായക ബ്രേക്ക് ത്രൂ നൽകി. 41 പന്തുകളില്‍ നിന്നും 55 റൺസ് നേടിയാണ് അയ്യർ മടങ്ങിയത്. വെങ്കടേഷ് അയ്യർക്ക് പകരം ക്രീസിലെത്തിയ നിതീഷ് റാണയ്ക്ക് പക്ഷെ അധികനേരം ക്രീസിൽ തുടരാൻ കഴിഞ്ഞില്ല. 13 റണ്‍സെടുത്ത റാണ നോർക്യയുടെ പന്തിൽ അനാവശ്യ ഷോട്ടിന് ശ്രമിച്ച് പുറത്താവുകയായിരുന്നു. പിന്നാലെ 46 റൺസെടുത്ത ഗില്ലിനെ പന്തിന്റെ കൈകളിൽ എത്തിച്ച് ആവേശ് ഖാൻ കൊൽക്കത്തയെ ഞെട്ടിച്ചു.
advertisement
അവാസന മൂന്ന് ഓവറുകളിൽ 11 റൺസ് മാത്രമാണ് കൊൽക്കത്തയ്ക്ക് വേണ്ടിയിരുന്നത്. എന്നാൽ ക്രീസിൽ ഉണ്ടായിരുന്ന രാഹുൽ ത്രിപാഠിക്കും കാർത്തിക്കിനും റബാഡ എറിഞ്ഞ 18-ാം ഓവറിൽ ഒരു റൺ മാത്രമാണ് നേടാനായത്. ഓവറിലെ അവസാന പന്തിൽ കാർത്തിക്കിന്റെ വിക്കറ്റ് നേടി റബാഡ കളി ആവേശത്തിലാക്കി.
അവസാന രണ്ടോവറില്‍ കൊല്‍ക്കത്തയുടെ വിജയലക്ഷ്യം 10 റണ്‍സായി മാറി. കാര്‍ത്തിക്കിന് പകരം ക്യാപ്റ്റൻ മോര്‍ഗന്‍ ക്രീസിലെത്തി. 19-ാം ഓവറെറിഞ്ഞ നോർക്യ വെറും മൂന്ന് റൺസ് മാത്രം വഴങ്ങുകയും ഒപ്പം ക്യാപ്റ്റൻ ഓയിൻ മോർഗനെ അവസാന പന്തിൽ വീഴ്ത്തി കളി അവസാന ഓവറിലേക്ക് നീട്ടിയെടുക്കുകയും ചെയ്തു. 123 റൺസിന് ഒരു വിക്കറ്റ് എന്ന നിലയിലായിരുന്ന കൊൽക്കത്ത അവസാന ഓവറിലേക്ക് എത്തുമ്പോൾ 129 റൺസിന് അഞ്ച് വിക്കറ്റ് എന്ന നിലയിലേക്ക് വീഴുകയായിരുന്നു.
advertisement
അവസാന ഓവറിൽ കൊൽക്കത്തയ്ക്ക് ജയിക്കാൻ ഏഴ് റൺസ് വേണമെന്നിരിക്കെ റബാഡയ്ക്ക് പകരം സ്പിന്നർ അശ്വിനെ പന്തേൽപ്പിക്കുകയാണ് പന്ത് ചെയ്തത്. അവസാന ഓവറിലെ ആദ്യ രണ്ട് പന്തിലും റൺ നേടാൻ കഴിയാതെ പോയ ഷാകിബ് അൽ ഹസൻ സമ്മർദ്ദത്തിന് കീഴ്പ്പെട്ട് വമ്പനടിക്ക് ശ്രമിച്ച് മൂന്നാമത്തെ പന്തിൽ വിക്കറ്റിന് മുന്നിൽ കുടുങ്ങി പുറത്താവുകയായിരുന്നു. ഇതോടെ കൊൽക്കത്തയുടെ ലക്ഷ്യം മൂന്ന് പന്തിൽ ആറ് റൺസായി.
പിന്നാലെ ക്രീസിൽ എത്തിയത് കഴിഞ്ഞ മത്സരത്തിലെ ഹീറോ ആയ സുനിൽ നരെയ്ൻ ആയിരുന്നു. നേരിട്ട ആദ്യ പന്തിൽ തന്നെ സിക്സിന് ശ്രമിച്ച താരം ബൗണ്ടറി ലൈനിന് അരികിൽ അക്‌സർ പട്ടേലിന്റെ കൈകളിൽ ഒരുങ്ങുകയായിരുന്നു. ഇതോടെ ഡൽഹി വിജയപ്രതീക്ഷയിലായി. എന്നാൽ അഞ്ചാം പന്തിൽ സിക്സ് നേടിയ രാഹുൽ ത്രിപാഠി കൊൽക്കത്തയ്ക്ക് ജയം സമ്മാനിക്കുകയായിരുന്നു.
advertisement
ഡല്‍ഹിയ്ക്ക് വേണ്ടി ആന്റിച്ച് നോര്‍ക്കെ, അശ്വിന്‍, റബാദ, എന്നിവര്‍ രണ്ട് വിക്കറ്റ് വീതം വീഴ്ത്തിയപ്പോള്‍ ആവേശ് ഖാന്‍ ഒരു വിക്കറ്റ് സ്വന്തമാക്കി.
ഷാർജയിലെ വേഗം കുറഞ്ഞ പിച്ചിൽ കൊൽക്കത്ത ബൗളർമാർ മികച്ച രീതിയിൽ പന്തെറിഞ്ഞതോടെ റൺ കണ്ടെത്താൻ ബുദ്ധിമുട്ടിയ ഡൽഹി പിന്നീട് ശ്രേയസ് അയ്യർ നടത്തിയ ഭേദപ്പെട്ട പ്രകടനത്തിലൂടെയാണ് 135 റൺസിലേക്ക് എത്തിയത്. 27 പന്തുകൾ നേരിട്ട താരം 30 റൺസോടെ പുറത്താകാതെ നിന്നു.
കൊൽക്കത്തയ്ക്ക് വേണ്ടി വരുൺ ചക്രവർത്തി രണ്ട് വിക്കറ്റ് വീഴ്ത്തിയപ്പോൾ ലോക്കി ഫെർഗൂസൻ, ശിവം മാവി എന്നിവർ ഓരോ വിക്കറ്റ് വീതം വീഴ്ത്തി.
Location :
First Published :
October 13, 2021 11:21 PM IST
മലയാളം വാർത്തകൾ/ വാർത്ത/IPL/
IPL 2021| നാടകീയം..അവിശ്വസനീയം! ആവേശപ്പോരിൽ ഡൽഹിയെ മറികടന്ന് കൊൽക്കത്ത ഫൈനലിൽ; മൂന്ന് വിക്കറ്റ് ജയം