ഐപിഎല്ലിൽ ഇന്ന് കിങ്സ് ഇലവൻ പഞ്ചാബും റോയൽ ചാലഞ്ചേഴ്സ് ബാംഗ്ലൂരും നേർക്കുനേർ വരുമ്പോൾ പിറക്കാനിരിക്കുന്നത് നാല് റെക്കോർഡുകൾ. ഇതുവരെ 24 തവണയാണ് ഐപിഎല്ലിൽ ഇരു ടീമുകളും ഏറ്റുമുട്ടിയത്. ഇരു ടീമുകളും 12 വീതം ജയങ്ങൾ നേടി.
ആദ്യ മത്സരത്തിൽ സൺറൈസേഴ്സ് ഹൈദരാബാദിനെ പരാജയപ്പെടുത്തിയതിന്റെ ആത്മവിശ്വാസവുമായാണ് ആർസിബി രണ്ടാം മത്സരത്തിന് ഇറങ്ങുന്നത്. ഡൽഹി ക്യാപിറ്റൽസിനോട് ഏറ്റ തോൽവി മറികടക്കാനായിരിക്കും ഇന്നത്തെ മത്സരത്തിൽ പഞ്ചാബ് ഇന്നത്തെ മത്സരത്തിൽ ശ്രമിക്കുക.
മത്സരത്തിൽ ആര് ജയിക്കുമെന്നത് പ്രവചനാതീതം. തുല്യ ശക്തികൾ തമ്മിൽ ഏറ്റുമുട്ടുമ്പോൾ ക്രീസിൽ തീപാറുമെന്ന് ഉറപ്പ്. ഇരു ടീമുകളിലും പിറക്കാനിരിക്കുന്നത് റെക്കോർഡുകളും.
ഇന്നത്തെ മത്സരത്തിൽ 74 റൺസ് കൂടി നേടിയാൽ ഐപിഎല്ലിൽ 5500 റൺസ് എന്ന പുത്തൻ റെക്കോർഡ് ആർസിബി ക്യാപ്റ്റൻ വിരാട് കോഹ്ലിക്ക് സ്വന്തം. പ്രീമിയർ ലീഗിൽ ഏറ്റവും കൂടുതൽ റൺസ് നേടിയ താരമാണ് കോഹ്ലി. ട്വന്റി-20 യിൽ 9000 റൺസ് ക്ലബ്ബിൽ കോഹ്ലി ഇടംനേടുമോ എന്നും ആരാധകർ ഇന്ന് ഉറ്റുനോക്കുന്നു. ടി-20 യിൽ ഇതുവരെ 8914 റൺസാണ് കോഹ്ലി നേടിയത്. ഇന്ന് 86 റൺസ് നേടാനായാൽ 9000 ക്ലബ്ബിൽ ഇടംനേടുന്ന ആദ്യ ഇന്ത്യൻ ബാറ്റ്സ്മാൻ എന്ന റെക്കോർഡ് കോഹ്ലിക്ക് സ്വന്തമാക്കാം.
You may also like:IPL 2020| മുംബൈ ഇന്ത്യൻസിനായി 150 മത്സരങ്ങൾ; കീറോൺ പൊള്ളാർഡിന് ആദരവുമായി ടീം
ടി-20 യിൽ 400 സിക്സ് എന്ന മാന്ത്രിക നമ്പരിലേക്ക് എത്താൻ എബി ഡിവില്ലേഴ്സിന് ഇനി വേണ്ടത് ഒരു സിക്സർ മാത്രം. ചരിത്ര സിക്സർ ആർസിബിയുടെ സൂപ്പർ താരം ഇന്ന് പറത്തുന്നത് കാണാനുള്ള കാത്തിരിപ്പിലാണ് ആരാധകർ. ചരിത്രം പിറന്നാൽ, 400 സിക്സ് നേടുന്ന ആദ്യ സൗത്ത് ആഫ്രിക്കൻ താരമെന്ന റെക്കോർഡ് ഡിവില്ലേഴ്സിന് സ്വന്തം. കൂടാതെ റെക്കോർഡ് നേട്ടം സ്വന്തമാക്കുന്ന ആറാമത്തെ രാജ്യാന്തര താരവുമാകും ഡിവില്ലേഴ്സ്. ഐപിഎല്ലില്‍ 4500 ക്ലബ്ബില്‍ ഇടം പിടിക്കാന്‍ വെറും 54 റണ്‍സ് മാത്രമാണ് ഡിവില്ലേഴ്സിന് വേണ്ടത്.
You may also like:IPL 2020| 'ക്രിക്കറ്റിലെ കങ്കണ റണൗത്ത്'; ധോണിയെ വിമർശിച്ച ഗംഭീറിനെതിരെ ആരാധകർ
പഞ്ചാബ് ക്യാപ്റ്റൻ കെഎൽ രാഹുലിനെ കാത്തിരിക്കുന്നത് മറ്റൊരു റെക്കോർഡാണ്. ഐപിഎല്ലിൽ 2000 റൺസ് തികയ്ക്കാൻ രാഹുലിന് വേണ്ടത് വെറും രണ്ട് റൺസ് മാത്രമാണ്. കഴിഞ്ഞ മത്സരത്തിൽ ഡൽഹിക്കെതിരെ തിളങ്ങാൻ രാഹുലിന് ആയിരുന്നില്ല.
ഐപിഎല്ലിൽ നൂറാം വിക്കറ്റ് ലക്ഷ്യമിട്ടായിരിക്കും ആർസിബി പേസർ ഡെയിൽ സ്റ്റെയിൻ ഇന്ന് ഇറങ്ങുന്നത്. മൂന്ന് വിക്കറ്റുകൾ കൂടി നേടിയാൽ സ്റ്റെയിനിന് റെക്കോർഡ് നേട്ടം സ്വന്തമാക്കാം. ഇന്ന് മൂന്ന് വിക്കറ്റുകൾ കൂടി നേടിയാൽ ഈ നേട്ടം കൈവരിക്കുന്ന നാലാമത്തെ വിദേശതാരമെന്ന ബഹുമതി സ്റ്റെയിനിന് സ്വന്തമാക്കാം.
ഇവരെ കൂടാതെ മറ്റൊരു താരം കൂടി ഇന്ന് പുതിയ നേട്ടത്തിനായുള്ള കാത്തിരിപ്പിലാണ്. പഞ്ചാബിനുവേണ്ടി 1000 റണ്‍സ് പൂര്‍ത്തിയാക്കാന്‍ 142 റണ്‍സ് മാത്രമാണ് ഗെയ്‌ലിന് ഇനി വേണ്ടത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: IPL 2020, Kings XI Punjab, Royal Challangers Bangalore