ഇങ്ങനെയൊന്ന് മുമ്പ് കാണാതാത്തതാണ്, ഐപിഎല്ലിന് മുന്നോടിയായി വിക്കറ്റ് കീപ്പിങ്ങിൽ പരിശീലനം നടത്തിയ മഹേന്ദ്ര സിങ് ധോണിയെ കുറിച്ച് ഇർഫാൻ പഠാന്റെ വാക്കുകളാണിത്. ധോണിയെ അറിയാവുന്നവർക്ക് അറിയാം, അദ്ദേഹം ഒരിക്കലും വിക്കറ്റ് കീപ്പിങ് പരിശീലനം നടത്തിയിട്ടില്ലെന്ന്. ഇതാണ് ഇർഫാൻ പഠാന്റെ പരാമർശത്തിന് കാരണവും.
യുഎഇയിൽ ഐപിഎൽ പതിമൂന്നാം സീസണിന് മുന്നോടിയായി ധോണി നെറ്റ്സിൽ വിക്കറ്റ് കീപ്പിങ് പരിശീലനം നടത്തുന്നതിന്റെ വീഡിയോ പുറത്തു വന്നിരുന്നു. തന്റെ കരിയറിൽ ഒരിക്കൽ പോലും ഇങ്ങനെയൊരു ദൃശ്യം കണ്ടിട്ടില്ലെന്നാണ് ഇർഫാൻ പഠാൻ പറയുന്നത്. സ്റ്റാര‍് സ്പോർട്സിനോടാണ് പഠാന്റെ പ്രതികരണം.
പ്രൊഫഷണൽ ക്രിക്കറ്റിൽ നിന്നും ദീർഘനാൾ മാറി നിന്നതാകാം ധോണിയുടെ പുതിയ മാറ്റത്തിന് കാരണമെന്നാണ് ഇർഫാൻ പഠാൻ പറയുന്നത്. പുതിയ ബൗളര്‍മാരെ നിരീക്ഷിക്കുന്നതിന്റെ ഭാഗമായിട്ടുമാകാം വിക്കറ്റിന് പിന്നിലെ ധോണിയുടെ പരിശീലനം എന്നും ഇർഫാൻ. എന്തായാലും ഇങ്ങനെയൊരു കാഴ്ച്ച കണ്ടതിൽ സന്തോഷമുണ്ടെന്നാണ് ഇർഫാന്റെ അഭിപ്രായം.
ഇന്ത്യൻ ടീമിലും ചെന്നൈ സൂപ്പർ കിങ്സിലും ധോണിക്കൊപ്പം വർഷങ്ങളോളം താൻ കളിച്ചിട്ടുണ്ട്. എന്നാൽ ഒരിക്കൽ പോലും അദ്ദേഹം വിക്കറ്റ് കീപ്പിങ് പരിശീലിക്കുന്നത് കണ്ടിട്ടില്ല- പഠാന്റെ വാക്കുകൾ.
സെപ്റ്റംബർ 19 ന് ആരംഭിക്കുന്ന ഐപിഎല്ലിൽ മുംബൈ ഇന്ത്യൻസും ചെന്നൈ സൂപ്പർ കിങ്സും തമ്മിലാണ് ആദ്യ മത്സരം. യുഎഇയിൽ മൂന്ന് വേദികളിലായി 53 ദിവസമാണ് ടൂർണമെന്റ്.
Published by:Naseeba TC
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.