• HOME
  • »
  • NEWS
  • »
  • kerala-bypolls
  • »
  • സ്വന്തം വീടാക്രമണം: കോണ്‍ഗ്രസ് നേതാവ് ലീനയെ പ്രതിയാക്കിയേക്കും

സ്വന്തം വീടാക്രമണം: കോണ്‍ഗ്രസ് നേതാവ് ലീനയെ പ്രതിയാക്കിയേക്കും

വീടാക്രമണം ലീനയുടെ അറിവോടെയാണെന്ന് മകൻ നിഖിൽ കൃഷ്ണ മൊഴി നൽകിയെന്ന് പൊലീസ് നൽകുന്ന സൂചന.

ലീനയും മകൻ നിഖിൽ കൃഷ്ണയും

ലീനയും മകൻ നിഖിൽ കൃഷ്ണയും

  • Share this:
    തിരുവനന്തപുരം: വീടാക്രമണക്കേസിൽ  കെപിസിസി അംഗം ലീന പ്രതി ആയേക്കും. വീടാക്രമിച്ചത് ലീനയുടെ അറിവോടെയെന്ന് മകൻ നിഖിൽ കൃഷ്ണ മൊഴി നൽകിയെന്നാണ് സൂചന. സംഭവത്തിൽ കൂടുതൽ പേർക്ക് പങ്കുണ്ടോയെന്നും പൊലീസ് പരിശോധിക്കുന്നുണ്ട്.

    Also Read- സർക്കാരിന് അഗ്നിപരീക്ഷയായി ചവറ, കുട്ടനാട് ഉപതെരഞ്ഞെടുപ്പുകൾ

    വീടിന് സമീപത്തെ സി പി എം പ്രവർത്തകനെ കുടുക്കാനാണ് വീടാക്രമിച്ചതെന്നാണ് നിഖിൽ ആദ്യം മൊഴി നൽകിയത്. എന്നാൽ ഇക്കാര്യം പൊലീസ് വിശ്വസിക്കുന്നില്ല. വെഞ്ഞാറമൂട് ഇരട്ടക്കൊലപാതകത്തിന് പിന്നാലെ തിരുവനന്തപുരം മുട്ടത്തറയിൽ സി പി എം - കോൺഗ്രസ് സംഘർഷമുണ്ടായിരുന്നു. ഇതിന് പിന്നാലെയാണ് ലീനയുടെ വീടിന് നേരെ ആക്രമണമുണ്ടായത്.

    സംഭവത്തിൽ ആദ്യം മുതൽക്കേ പോലീസിന് ദുരൂഹത തോന്നിയിരുന്നു. വീട്ടുകാരുടെ പ്രതികരണവും സംശയം ജനിപ്പിച്ചിരുന്നു. സുഹൃത്തുക്കളുടെ മൊഴിയും നിഖിലിന് എതിരായിരുന്നതോടെയാണ് അറസ്റ്റ് ചെയ്ത് ജാമ്യത്തിൽ വിട്ടത്. വീട് ആക്രമിച്ച സംഭവത്തിന് പിന്നാലെ കെപിസിസി അധ്യക്ഷനും പ്രതിപക്ഷ നേതാവുമടക്കം ലീനയുടെ വീട് സന്ദർശിച്ചിരുന്നു. എന്നാൽ പൊലീസ് നിർബന്ധിച്ച് കുറ്റം സമ്മതിപ്പിക്കുകയായിരുന്നെന്ന് നിഖിൽ പറഞ്ഞു.

    Also Read- വ്യാജ ലൈംഗികപീഡന പരാതിയിലും വ്യാജസർട്ടിഫിക്കേറ്റ് കേസിലും സ്വപ്നയെ അറസ്റ്റ് ചെയ്തു

    പൊലീസ് കേസ് കെട്ടിച്ചമച്ചതാണെന്നും മൊഴിയെടുക്കാൻ വിളിച്ചുവരുത്തി പൊലീസ് ഭീഷണിപ്പെടുത്തി എഴുതി വാങ്ങിക്കുകയായിരുന്നുവെന്നും നിഖിൽ കൃഷ്ണ ഫേസ്ബുക്കിൽ ലൈവിൽ പറഞ്ഞു.

    ''സംഭവത്തിൽ മൊഴിയെടുക്കാനെന്ന് പറഞ്ഞാണ് എന്നെ സ്റ്റേഷനിലേക്ക് വിളിപ്പിച്ചത്. ഈ സമയത്ത് പൊലീസുകാർ അവിടെയിരുന്ന് രാഷ്ട്രീയക്കാരെ വിളിക്കുന്നുണ്ടായിരുന്നു. കുറേനേരം അവിടെ ഇരുത്തിയതോടെ എന്തിനാണ് ഇത്രയും സമയമെടുക്കുന്നതെന്ന് പൊലീസിനോട് ചോദിച്ചു. ശിവശങ്കറിനെ മണിക്കൂറുകളോളം ഇരുത്താമെങ്കിൽ നിന്നെയും ഇരുത്താമെന്നായിരുന്നു പൊലീസുകാരുടെ മറുപടി. നിന്റെ കൂട്ടുകാരെല്ലാം പറഞ്ഞുകഴിഞ്ഞു. ഇനി നീ സത്യം പറയാൻ അവർ എന്നോട് പറഞ്ഞു. വീടാക്രമിച്ചത് നീ അല്ലേ. നിന്റെ കൂട്ടുകാരനെയും അമ്മയെയും അച്ഛനെയും പ്രതിയാക്കും. അമ്മയുടെ രാഷ്ട്രീയ ഭാവി തകർക്കും. കേസില്ലാതെ മാധ്യമങ്ങളെ അറിയിക്കാതെ ഇത് ഒതുക്കിത്തീർക്കാം എന്ന് പറഞ്ഞു. പൊലീസ് പറഞ്ഞുതന്ന കാര്യങ്ങൾ ബലമായി എഴുതി വാങ്ങി. എന്റെ സമ്മതത്തോടെയല്ല എഴുതി വാങ്ങിയത്. ''



    തങ്ങൾ ഇങ്ങനെയൊരു പ്രഹസനം നടത്തേണ്ട ആവശ്യമില്ലെന്ന് ലീന പറഞ്ഞു. 15 വർഷം മുൻപാണ് സിപിഎം വിട്ട് കോൺഗ്രസിൽ ചേർന്നത്. എല്ലാ നേതാക്കൾക്കും തന്നെ അറിയാം. പൊലീസിന്റെ മർദനമേറ്റ് ഇടുപ്പെല്ല് തകർന്നു കിടന്ന തന്റെ എല്ലാ ചികിത്സാ ചെലവും വഹിച്ചത് പാർട്ടിയാണ്. സ്വർണക്കടത്ത് വിഷയത്തിൽ മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് മകൻ സെക്രട്ടറിയേറ്റിനുള്ളിലേക്ക് തള്ളിക്കയറിയിരുന്നു. അന്ന് അതിന്റെ പേരിൽ പണി തരുമെന്ന് സിപിഎം നേതാക്കൾ ഭീഷണിപ്പെടുത്തിയിരുന്നു. തന്നെയും തന്റെ കുടുംബത്തെയും കഴിഞ്ഞ 15 വർഷമായി സിപിഎം വേട്ടയാടുകയാണെന്നും ലീന പറയുന്നു.

    വെഞ്ഞാറമൂട്ടിൽ രണ്ട് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരുടെ കൊലപാതകത്തിന് പിന്നാലെ സ്ഥലത്ത് സിപിഎം - കോണ്‍ഗ്രസ് സംഘര്‍ഷമുണ്ടായിരുന്നു. ഇതിന് പിന്നാലെയാണ് ലീനയുടെ വീടിന് നേരെ അക്രമണമുണ്ടായത്.
    Published by:Rajesh V
    First published: