കൊച്ചി: കെ.എസ്.എഫ്.ഇയിലെ 35 ലക്ഷം ഇടപാടുകാരുടെയും 7000 ജീവനക്കാരുടെയും വിവരങ്ങള്‍ അമേരിക്കന്‍ കമ്പനിയായ ക്ലിയര്‍ ഐ ചോര്‍ത്തിയെന്ന് ആരോപണം. ബ്രാഞ്ചുകളിലെ ഇടപാടുകള്‍ സുഗമമാക്കാന്‍ മൊബൈല്‍ ആപ്ലിക്കേഷനും വെബ് പോര്‍ട്ടലും നിര്‍മ്മിക്കാന്‍ ടെണ്ടര്‍ നല്‍കിയത് യോഗ്യത ഇല്ലാത്ത കമ്പനിക്കാണ്. ടെണ്ടറിലെ വ്യവസ്ഥകള്‍ക്ക് വിരുദ്ധമായാണ് കരാര്‍ നല്‍കിയതെന്നും പി ടി തോമസ് എംഎല്‍എ വാർത്താസമ്മേളനത്തിൽ ആരോപിച്ചു. സ്പ്രിങ്ക്ളര്‍ മോഡല്‍ കമ്പനിയായ ക്ലിയര്‍ ഐ ഡാറ്റ ചോര്‍ത്തിയെടുത്തതില്‍ സമഗ്ര അന്വേഷണം വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
മൊബൈല്‍ ആപ്ലിക്കേഷനും വെബ് പോര്‍ട്ടലും നിര്‍മ്മിക്കാനുള്ള ടെണ്ടറിന് താല്പര്യപത്രം 14 കമ്പനികളാണ് സമര്‍പ്പിച്ചത്. ഇതില്‍ 9 കമ്പനികളെ യോഗ്യത ഇല്ലാത്തതിനാല്‍ തള്ളി. അഞ്ച് കമ്പനികളെ ഉള്‍പ്പെടുത്തി ടെണ്ടര്‍ വിളിച്ചു. എ ഐ വെയര്‍ ആന്റ് കണ്‍സോര്‍ഷ്യം പാര്‍ട്നേഴ്സിന് കരാറിന് വിരുദ്ധമായി നല്കി. ചട്ടവിരുദ്ധമായാണ് കരാര്‍ ഉറപ്പിച്ചത്. സ്റ്റാര്‍ട്ടപ്പ് കമ്പനികളെ സഹായിക്കാനെന്ന രീതിയിലാണ് ഈ ടെന്‍ഡര്‍ ഇഷ്ടക്കാര്‍ക്ക് നല്‍കിയത്. 46 ദിവസം ദിവസം മാത്രം പ്രവര്‍ത്തി പരിചയമുള്ള കമ്പനിക്കാണ് 67 ലക്ഷം രൂപയുടെ കരാര്‍ നല്‍കിയത്. ടെണ്ടര്‍ ലഭിച്ച ഈ കമ്പനി 6 മാസത്തിനുള്ളില്‍ ക്ലിയര്‍ ഐ എന്ന കമ്പനിയില്‍ ലഭിച്ചു. അമേരിക്കന്‍ കമ്പനിയായ ക്ലിയര്‍ ഐയുടെ ഡയറക്ടര്‍മാരില്‍ ഒരാളായ മൈല്‍സ് എവെര്‍സന്‍ വിവാദ കമ്പനിയായ പ്രൈസ് വാട്ടര്‍ ഹൗസ് ആന്റ് കൂപ്പേഴ്സിന്റെ ഏഷ്യന്‍ റീജണല്‍ ഡയറക്ടറാണ്. പ്രൈസ് വാട്ടര്‍ ഹൗസ് കൂപ്പേഴ്സ് ഡയറക്ടര്‍മാരില്‍ ഒരാളായ ജെയ്ക് ബാലകുമാര്‍ മുഖ്യമന്ത്രിയുടെ മകളുടെ കമ്പനിയുടെ കണ്‍സള്‍ട്ടന്റുമാണെന്നത് കൂട്ടിവായിച്ചാല്‍ ദുരൂഹത വര്‍ധിക്കുന്നുവെന്നും അദ്ദേഹം ആരോപിച്ചു.
2017 ലാണ് കെ എസ് എഫ് ഇ യുടെ കാസ്ബ അപ്ലിക്കേഷന്‍ നിലവില്‍ വന്നത്. കാസ്ബ സോഫ്റ്റ്വെയറിന്റെ സെക്യൂരിറ്റി ഓഡിറ്റ് നടത്താന്‍ 2017 നവംബറില്‍ നിബോധ എന്ന കമ്പനിയുടെ ഡയറക്ടര്‍ ഗിരീഷ് ബാബുവിനെ സിഡിറ്റിനെ മറയാക്കി 34.72 ലക്ഷം രൂപ നല്കി നിയമിച്ചു. 10 ലക്ഷത്തിന് മുകളിലുള്ള കരാര്‍ ടെന്‍ഡര്‍ നല്‍കണമെന്ന വ്യവസ്ഥ ലംഘിച്ചാണ് ഈ നടപടി. ഇപ്പോള്‍ ഇയാളെ കെഎസ്എഫ്ഇയുടെ ഐടി കണ്‍സള്‍ട്ടന്റാക്കി. 1.80 ലക്ഷം രൂപ മാസവേതനത്തിനു നിയമിച്ചിരിക്കുന്നതായും അദ്ദേഹം ആരോപിച്ചു.
ഏകദേശം 100 കോടി രൂപയുടെ പുതിയ സോഫ്റ്റ്വെയര് പദ്ധതിക്ക് കണ്‍സള്‍ട്ടന്‍സി റിപ്പോര്‍ട്ട് നല്‍കിയിരിക്കുകയാണ്. ഇതിനുപിന്നില്‍ സിഡിറ്റ് ഡയറക്ടറും കെഎസ്എഫ്ഇ ഡയറക്ടറും പര്‍ച്ചേസ് കമ്പനി തലവനും പ്ലാനിംഗ് ബോര്‍ഡ് മേധാവിയുമായ പി വി ഉണ്ണികൃഷ്ണന്റെ വഴിവിട്ട ഇടപാടാണ്. ഗിരീഷ് ബാബു, പ്രവാസി ചിട്ടിയുടെ കണ്‍സള്‍ട്ടന്റായ ശ്യാം കെ ബി എന്നിവരെ വിവിധ പദ്ധതികളിലായി കണ്‍സള്‍ട്ടന്റുമാരായി ക്രമവിരുദ്ധമായി പിന്‍വാതിലിലൂടെ നിയമിച്ചിട്ടുണ്ട്. ഇവരുടെ നിയമനത്തില്‍ മുന്‍ ഐടി സെക്രട്ടറി എം ശിവശങ്കറിന്റെ വലംകൈ ആയ ഉണ്ണികൃഷ്ണന്റെ ചട്ടവിരുദ്ധമായ നടപടികളാണെന്നും പി ടി തോമസ് ആരോപിച്ചു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Chief minister pinarayi, Data leak, M sivasankar, Pt thomas, Sprinklr