സംസ്ഥാന ഉന്നതവിദ്യാഭ്യാസ കൗണ്‍സിലിന് 99.95 കോടിയുടെ പദ്ധതികള്‍ക്ക് ഭരണാനുമതി നല്‍കി; മന്ത്രി ആര്‍ ബിന്ദു
- Published by:Jayesh Krishnan
- news18-malayalam
Last Updated:
സംസ്ഥാനതല ഇ-ജേണൽ കൺസോർഷ്യത്തിന് 20 കോടി രൂപ ചെലവഴിക്കും
സംസ്ഥാന ഉന്നത വിദ്യാഭ്യാസ കൗൺസിലിനു 99.95 കോടിയുടെ പദ്ധതിക്ക് ഭരണാനുമതി നൽകിയെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ ബിന്ദു അറിയിച്ചു. സംസ്ഥാനതല ഇ-ജേണൽ കൺസോർഷ്യത്തിന് 20 കോടി രൂപ ചെലവഴിക്കും. സൗജന്യ സബ്സ്ക്രിപ്ഷൻ യുജിസി നിർത്തിയതിനെത്തുടർന്ന് സംസ്ഥാന സർക്കാർ ആരംഭിച്ചതാണ് കൺസോർഷ്യം. യുജിസി തീരുമാനം വന്നതോടെ, കലാലയങ്ങൾക്ക് ഇ- ജേണൽ/ഡാറ്റാബേസ് സൗകര്യം ഉറപ്പാക്കാൻ സർവ്വകലാശാലകൾ കോടികൾ മുടക്കേണ്ടിവരുമെന്ന ഘട്ടത്തിലാണ് സർക്കാർ പദ്ധതി പ്രഖ്യാപിച്ചത്.
ഉന്നതവിദ്യാഭ്യാസരംഗത്തെ ഡിജിറ്റൽ വിടവ് മറികടക്കാനും, എല്ലാ ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളിലും ഡിജിറ്റൽ വിദ്യാഭ്യാസ സൗകര്യം കൂടുതൽ ഫലപ്രദമാക്കാനുള്ള ഡിജികോൾ പദ്ധതിക്ക് 20 കോടി രൂപ വിനിയോഗിക്കും. എല്ലാ കലാലയങ്ങളിലും 'മൂഡ്ൽ' ഓപ്പൺ സോഴ്‌സ് ലേണിങ് മാനേജ്‌മെന്റ് സിസ്റ്റവും അതിനുള്ള സെർവർ സൗകര്യവും ലഭ്യമാക്കി അദ്ധ്യയനത്തിന് ഡിജിറ്റൽ പിന്തുണ ഉറപ്പാക്കുന്ന പദ്ധതിയാണിത്. വിദ്യാർത്ഥികളെ സ്വയംപഠനത്തിനു കൂടി കൂടുതൽ പ്രാപ്തരാക്കാൻ ഡിജിറ്റൽ സർവ്വകലാശാലയുമായി സഹകരിച്ചുള്ളതാണ് ഈ പദ്ധതി. സംസ്ഥാനത്തെ മുഴുവന്‍ ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളിലെയും അദ്ധ്യയനം,പഠനം,വിലയിരുത്തല്‍, പരീക്ഷ എന്നിവ പൊതുവായ ലേണിംഗ് മാനേജ്മെന്റ് സിസ്റ്റത്തില്‍ കൊണ്ടുവരുന്ന 'ഡിജിറ്റല്‍ എനേബിള്‍മെന്റ് ഓഫ് ഹയര്‍ എഡ്യുക്കേഷന്‍' പദ്ധതിയുടെ പ്രാരംഭമാണ് ഡിജികോൾ.
advertisement
സംസ്ഥാനത്തിന്റെ സമഗ്ര പുരോഗതിക്കും നവീകരണത്തിനും ഉതകുന്ന ഗവേഷണങ്ങൾക്കായി പ്രതിമാസം അരലക്ഷം രൂപ വീതം നൽകുന്ന 'ചീഫ് മിനിസ്റ്റേഴ്സ് നവകേരള പോസ്റ്റ് ഡോക്ടറല്‍ ഫെല്ലോഷിപ്പുകള്‍'ക്കായി 15 കോടി രൂപ നീക്കിവെച്ചു. വിവിധ വിഷയങ്ങളിൽ പിഎച്ച്ഡി പൂർത്തിയാക്കിയ 500 ഗവേഷകപ്രതിഭകൾക്ക് മുഴുവൻസമയ ഗവേഷണത്തിനായി രണ്ടുവർഷത്തേക്ക് നൽകുന്നതാണ് ഫെലോഷിപ്പ്. സാമൂഹ്യ, സാമ്പത്തിക, കാര്‍ഷിക, വ്യവസായിക മേഖലകളിലെ വിവിധ, നൂതനങ്ങളായ, സംസ്ഥാനത്തിന്റെ റീബിൽഡ് കേരള പദ്ധതിയുമായി സംയോജിപ്പിച്ചുള്ള വികസനപുരോഗതിക്ക് ആക്കം കൂട്ടുന്ന, ഗവേഷണ ആശയങ്ങൾ പ്രോത്സാഹിപ്പിക്കാനാണ് ഫെല്ലോഷിപ്പ് ഏർപ്പെടുത്തിയത്.
advertisement
വിവിധ സർവ്വകലാശാലകളിലെയും ലൈബ്രറികളിലെയും അക്കാദമിക് റിസോഴ്സുകളുടെ പങ്കിടൽ പ്ലാറ്റ്ഫോമായ കേരള അക്കാദമിക് ലൈബ്രറി നെറ്റ്‌വർക്കിന് 10 കോടി രൂപ വിനിയോഗിക്കും. 11 സർവ്വകലാശാലകളുടെയും 147 ലൈബ്രറികളുടെയും അക്കാദമിക് ശേഖരം ഒറ്റ ഡിജിറ്റൽ പ്ലാറ്റ്ഫോമിൽ ലഭ്യമാക്കുന്ന പദ്ധതിയാണിത്. അഫിലിയേറ്റഡ് കോളേജുകളുടെ ലൈബ്രറികളെയും ഈ ഡിജിറ്റൽ ശൃംഖലയിൽ കൊണ്ടുവരുന്നതടക്കമുള്ള പ്രവർത്തനങ്ങൾക്കാണ് ഈ തുക. കോളേജുകൾ തമ്മിൽ ആൾശേഷിയും വിഭവശേഷിയും പശ്ചാത്തല സൗകര്യവും പരസ്പരം പങ്കിടുന്ന ക്ലസ്റ്റർ കോളേജ് പദ്ധതിയിൽ ആരംഭിക്കുന്ന മൂന്ന് പുതിയ ക്ലസ്റ്ററുകൾക്കായി 10 കോടി രൂപ നീക്കിവച്ചു. കാസർകോഡ്, കണ്ണൂർ, പാലക്കാട് ക്ലസ്റ്ററുകൾക്കായാണിത്. പൊതു ഗവേഷണ ലബോറട്ടറികൾ, ആഡ്-ഓൺ കോഴ്സുകൾ, പൊതു പ്രസാധനം എന്നിവ തൊട്ട് യോജിച്ചുള്ള അന്താരാഷ്ട്ര സെമിനാറുകൾ, ശില്പശാലകൾ, സാംസ്ക്കാരിക പരിപാടികൾ തുടങ്ങിയവ വരെ ഉൾപ്പെട്ട പദ്ധതികൾക്കാണ് തുക ചെലവിടുക. നിലവിലെ സൗകര്യങ്ങൾ പരമാവധി ഉപയുക്തമാക്കി പൊതുവായ അക്കാദമിക ഗുണനിലവാരം വർദ്ധിപ്പിക്കാൻ ലക്ഷ്യമിട്ടുള്ളതാണ് പദ്ധതി.
advertisement
ആഗോളതലത്തിൽ പ്രവർത്തിക്കുന്ന ഗവേഷകരും ശാസ്ത്രജ്ഞരും സാങ്കേതികവിദഗ്ധരുമായ മലയാളികളെ സംസ്ഥാനത്തെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളെ കൂടി സഹകരിപ്പിക്കുന്ന ബ്രെയിൻ ഗെയിൻ പദ്ധതിക്ക് 5 കോടി രൂപ വിനിയോഗിക്കും. അക്കാദമിക്സ്, ഐടി, മാനേജ്മെന്റ്, മെഡിക്കൽ, എഞ്ചിനീയറിംഗ് തുടങ്ങിയ മേഖലകളിലെയെല്ലാം മികച്ച മസ്തിഷ്കങ്ങളെ കേരളത്തിനും പ്രയോജനപ്പെടുത്തുന്ന പദ്ധതി കൂടുതൽ വിപുലമാക്കാനാണ് തുക ചെലവിടുക. ഹ്രസ്വകാല അധ്യാപനം, പാർട്ട് ടൈം സഹകരണം, ഗവേഷണങ്ങളിൽ ഉപ മേൽനോട്ടം എന്നിവയിലാണ് ഈ പദ്ധതിയിൽ വിദേശത്തുള്ള പ്രതിഭകളുടെ പങ്കാളിത്തം തേടുന്നത്. വിവിധ രാജ്യങ്ങളിൽ പ്രവർത്തിക്കുന്ന ഇരുനൂറിലേറെ കേരളീയരെ ഇതിനകം സംസ്ഥാന ഉന്നതവിദ്യാഭ്യാസ കൗൺസിലിന്റെ ഇതിനായുള്ള വെബ് പോര്‍ട്ടലില്‍ ഉൾപ്പെടുത്തിയിട്ടുണ്ട്.നൊബേൽ ജേതാക്കളുമായുള്ള ജ്ഞാനവിനിമയംപദ്ധതിക്ക് 5 കോടി രൂപ ചെലവഴിക്കുമെന്നും മന്ത്രി അറിയിച്ചു.
advertisement
കരിക്കുലം പരിഷ്ക്കരണത്തിനുള്ള അധ്യാപകപരിശീലനത്തിന് 5 കോടി രൂപയും പുതിയ അധ്യാപകർക്ക് ഇൻഡക്ഷൻ ട്രെയിനിംഗിന് ഒരു കോടി രൂപയും നൂതന മേഖലകളിൽ അധ്യാപകർക്ക് പരിശീലനം നൽകാൻ ഒരു കോടി രൂപയും ഹ്രസ്വകാല ഫാക്കൽറ്റി പരിശീലനത്തിന് ഒരു കോടി രൂപയും ചെലവിടും. കോഴ്സ് സാമഗ്രികളുടെ ഓൺലൈൻ ഡിജിറ്റൽ റെപൊസിറ്ററി ശക്തമാക്കാൻ ഒരു കോടി രൂപ ചെലവഴിക്കും.
advertisement
വിവിധ ജ്ഞാനമേഖലകളിൽ പ്രവർത്തിക്കുന്ന മലയാളി പ്രതിഭകൾക്ക് നൽകി വരുന്ന കൈരളി ഗവേഷക പുരസ്കാരത്തിനായി 1.8 കോടി രൂപ, ദേശീയ റാങ്കിംഗ് ഫ്രെയിംവർക്ക് (എൻഐആർഎഫ്) മാതൃകയിൽ സംസ്ഥാനം തുടക്കമിട്ട കെഐആർഫിന് ഒരു കോടി രൂപ, നാഷണൽ അസസ്മെന്റ് ആന്റ് അക്രഡിറ്റേഷൻ കൗൺസിൽ മാതൃകയിൽ നാം ആരംഭിച്ച സ്റ്റേറ്റ് അസസ്മെന്റ് ആന്റ് അക്രഡിറ്റേഷൻ കൗൺസിൽ പ്രവർത്തനത്തിന് ഒരു കോടി രൂപ എന്നിങ്ങനെയും പണം ചെലവഴിക്കാൻ ഉന്നതവിദ്യാഭ്യാസ കൗൺസിലിന് അനുമതി നൽകി. ഉന്നതവിദ്യാഭ്യാസ സർവ്വേ പൂർത്തീകരിക്കാൻ 20 ലക്ഷം രൂപ ചെലവഴിക്കുമെന്നും മന്ത്രി ആർ. ബിന്ദു പറഞ്ഞു.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
May 29, 2022 1:37 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
സംസ്ഥാന ഉന്നതവിദ്യാഭ്യാസ കൗണ്‍സിലിന് 99.95 കോടിയുടെ പദ്ധതികള്‍ക്ക് ഭരണാനുമതി നല്‍കി; മന്ത്രി ആര്‍ ബിന്ദു