പാലക്കാട്: മുതലമടയിൽ വീടിനുള്ളിൽ തീ പടർന്ന് ബധിരയായ യുവതി മരിച്ചു. മുതലമട കുറ്റിപ്പാടം സ്വദേശി സുമയാണ് തീ പൊള്ളലേറ്റ് മരിച്ചത്. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു. അപകട കാരണം വ്യക്തമായിട്ടില്ലെന്നും ശാസ്ത്രീയ പരിശോധനയ്ക്ക് ശേഷമേ തീ പിടുത്തം എങ്ങനെയുണ്ടായി എന്നത് സംബന്ധിച്ച് വ്യക്തത വരൂവെന്നും പൊലീസ് പറഞ്ഞു.
ഇന്ന് രാവിലെ പത്തു മണിയോടെയാണ് നാടിനെ നടുക്കിയ ദുരന്തമുണ്ടായത്. മുതലമട കുറ്റിപ്പാടം സ്വദേശി കൃഷ്ണന്റെ വീടിനുള്ളിൽ നിന്നും തീ പടരുന്നത് കണ്ട അയൽവാസികൾ ഓടി എത്തിയെങ്കിലും വീടിനുള്ളിൽ ഉണ്ടായിരുന്ന കൃഷ്ണന്റെ മകൾ സുമയെ രക്ഷിക്കാനായില്ല. സുമയുടെ ശരീരം പൂർണമായും കത്തിക്കരിഞ്ഞിരുന്നു.
Winwin W-612, Kerala Lottery Results Declared | വിൻ വിൻ ലോട്ടറി ഫലം പ്രഖ്യാപിച്ചു; ഒന്നാം സമ്മാനം 75 ലക്ഷം രൂപ
കൃഷ്ണൻ രാവിലെ പണിക്ക് പോയിരുന്നു. അമ്മ രുഗ്മിണി വിവാഹച്ചടങ്ങിൽ പങ്കെടുക്കാനും പോയി. സഹോദരൻ സുധീഷും വീട്ടിൽ ഉണ്ടായിരുന്നില്ല. തീ പടരുന്നത് കണ്ട് ഓടിയെത്തിയ അയൽവാസികൾ വൈദ്യുതി ബന്ധം വിച്ഛേദിക്കുകയും ഗ്യാസ് സിലിണ്ടർ ഉൾപ്പടെ പുറത്തേക്ക് മാറ്റുകയും ചെയ്തു.
സംഭവമറിഞ്ഞ് ഓടിയെത്തിയ അച്ഛൻ കൃഷ്ണൻ മകൾ അകത്തുള്ള കാര്യം പറഞ്ഞെങ്കിലും രക്ഷപ്പെടുത്താൻ കഴിഞ്ഞില്ല. അപ്പോഴേക്കും സുമ കിടന്നിരുന്ന മുറിയുടെ മേൽ ഭാഗം അടർന്നു വീണിരുന്നു. പിന്നീട് ഫയർഫോഴ്സ് എത്തിയ ശേഷമാണ് തീ പൂർണമായും അണയ്ക്കാൻ കഴിഞ്ഞത്.
Charles Darwin Death Anniversary | പരിണാമ സിദ്ധാന്തത്തിന്റെ പിതാവിനെക്കുറിച്ച് ചില അപൂർവ വസ്തുതകൾ
വീട് അകത്തു നിന്നും പൂട്ടിയിരുന്നതായി പൊലീസ് പറയുന്നു. സുമ കിടന്നിരുന്ന മുറിയിൽ നിന്നുമാണ് തീ പിടുത്തം ഉണ്ടായിട്ടുള്ളത്. എന്നാൽ, അപകടകാരണം വ്യക്തമായിട്ടില്ലെന്നും ശാസ്ത്രക്രിയ പരിശോധനയ്ക്ക് ശേഷമേ ഇക്കാര്യം സ്ഥിരീകരിക്കാനാകൂവെന്നും പൊലീസ് വ്യക്തമാക്കി. ചിറ്റൂർ ഡി വൈ എസ് പി ഉൾപ്പടെയുള്ള പൊലീസ് ഉദ്യോഗസ്ഥരും സ്ഥലം സന്ദർശിച്ചു. മൃതദേഹം പോസ്റ്റ് മോർട്ടത്തിനായി ജില്ലാ ആശുപത്രിയിലേക്ക് മാറ്റി.
സുമയുടെ വിവാഹനിശ്ചയം അടുത്തിടെയാണ് കഴിഞ്ഞത്. അപ്രതീക്ഷിതമായുണ്ടായ ദുരന്തത്തിന്റെ നടുക്കത്തിലാണ് വീട്ടുകാരും നാട്ടുകാരും.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.