പത്തടി ഉയരവും 800 കിലോ ഭാരവും; റോബോട്ടിക് ഗജവീരനെ നടയിരുത്താനൊരുങ്ങി തൃശൂരിലെ ക്ഷേത്രം
- Published by:Rajesh V
- news18-malayalam
Last Updated:
നാലുപേരെ പുറത്തേറ്റാന്‍ കഴിയുന്ന റോബോട്ടിക് ആനയ്ക്ക് അഞ്ച് ലക്ഷം രൂപയാണ് നിര്‍മാണ ചെലവ്. ഈ മാസം 26ന് നടയ്ക്കിരുത്തും
തൃശൂര്‍: യഥാർത്ഥ ആനയ്ക്ക് പകരം റോബോട്ടിക് ഗജവീരനെ നടയ്ക്കിരുത്താനൊരുങ്ങി തൃശൂര്‍ ഇരിങ്ങാലക്കുടയിലെ ഇരിഞ്ഞാടപ്പിള്ളി ശ്രീകൃഷ്ണ ക്ഷേത്രം. ഇരിഞ്ഞാടപ്പിള്ളി രാമന്‍ എന്ന റോബോട്ടിക് ഗജവീരനെയാണ് നടയ്ക്കിരുത്തുക. ഭക്തർ സംഭാവനയായി നൽകുന്ന റോബോട്ടിക് ആനയ്ക്ക് പത്തര അടി ഉയരവും എണ്ണൂറ് കിലോ ഭാരവുമുണ്ട്. നാലുപേരെ പുറത്തേറ്റാന്‍ കഴിയും. അഞ്ച് ലക്ഷം രൂപയാണ് നിര്‍മാണ ചെലവ്.
ഇരിങ്ങാലക്കുടയ്ക്കടുത്ത് കല്ലേറ്റുംകര ഇരിഞ്ഞാടപ്പിള്ളി ശ്രീകൃഷ്ണക്ഷേത്രത്തില്‍ ഈ മാസം 26നാണ് ഇരിഞ്ഞാടപ്പിള്ളി രാമനെ നടയിരുത്തുന്നത്. ആനയുടെ തലയും കണ്ണുകളും വായയും ചെവിയും വാലും പ്രവര്‍ത്തിക്കുന്നത് വൈദ്യുതിയിലാണ്. ഇവ എപ്പോഴും ചലിപ്പിക്കുന്ന രീതിയിലാണ് ആനയെ നിര്‍മിച്ചിരിക്കുന്നത്. രണ്ട് മാസം കൊണ്ടാണ് നിർമാണം പൂർത്തിയാക്കിയത്. ഇരുമ്പ് കൊണ്ടുളള ചട്ടക്കൂടിന് പുറത്ത് റബ്ബര്‍ ഉപയോഗിച്ചാണ് ആനയെ നിര്‍മിച്ചിരിക്കുന്നത്.
advertisement
അഞ്ച് മോട്ടോറുകള്‍ ഉപയോഗിച്ചാണ് ചലനങ്ങൾ. തുമ്പിക്കൈ ഒഴികെ മറ്റുള്ളവയെല്ലാം മോട്ടോറിലാണ് പ്രവര്‍ത്തിക്കുന്നത്. തുമ്പിക്കൈ മാത്രം പാപ്പാന് നിയന്ത്രിക്കാന്‍ കഴിയുന്ന തരത്തിലാണ് ഒരുക്കിയിരിക്കുന്നത്. സ്വിച്ചിട്ടാല്‍ തുമ്പിക്കൈയില്‍നിന്ന് വെള്ളം ചീറ്റുമെന്നതും പ്രത്യേകതയാണ്.
ക്ഷേത്രങ്ങളില്‍ ആദ്യമായാണ് ഇത്തരത്തില്‍ ഒരു റോബോട്ടിക് ആനയെ നടയിരുത്തുന്നത്. നടയിരുത്തല്‍ ചടങ്ങില്‍ പ്രമുഖര്‍ പങ്കെടുക്കും. കളഭാഭിഷേകത്തിനുശേഷം നടക്കുന്ന എഴുന്നള്ളിപ്പിന് ഇരിഞ്ഞാടപ്പിള്ളി രാമനായിരിക്കും തിടമ്പേറ്റുക. നാലുപേര്‍ക്ക് ഇരിക്കാവുന്ന ആനപ്പുറത്ത് ആലവട്ടവും വെഞ്ചാമരവും വീശാന്‍ ആളുകളുണ്ടാകും. പെരുവനം സതീശന്‍മാരാരുടെ നേതൃത്വത്തിലാണ് മേളം.
Also Read- എലികളും കഞ്ചാവ് അടിക്കുമോ? കോടതിയിൽ തൊണ്ടിമുതലായി സൂക്ഷിച്ചിരുന്ന കഞ്ചാവ് പകുതിയും കാണാനില്ല
advertisement
വര്‍ഷങ്ങള്‍ക്ക് മുമ്പ് തേരില്‍ എഴുന്നള്ളിപ്പ് നടത്തിയിരുന്ന ക്ഷേത്രമാണിത്. എന്നാല്‍ കുറച്ച് വര്‍ഷങ്ങളായി തിടമ്പ് കൈയില്‍ പിടിച്ചാണ് എഴുന്നള്ളിപ്പ് നടത്തുന്നതെന്ന് ക്ഷേത്ര അവകാശികളിലൊരാള്‍ പറഞ്ഞു. തിടമ്പേറ്റുന്നതിനും മറ്റുമായി ഇത്തരത്തില്‍ ചെലവ് കുറഞ്ഞതും അപകടരഹിതവുമായ രീതി ഉപയോഗിക്കുന്നതില്‍ തെറ്റില്ലെന്നാണ് ക്ഷേത്ര ഭാരവാഹികളുടെ അഭിപ്രായം.
ദുബായ് ഉത്സവത്തിന് റോബോട്ടിക് ഗജവീരന്മാരെ ഒരുക്കിയ ചാലക്കുടി പോട്ട പനമ്പിള്ളി കോളജ് റോഡിലെ ഫോര്‍ ഹി ആര്‍ട്ട്സിലെ ശില്‍പികളായ പ്രശാന്ത്, ജിനേഷ്, റോബിന്‍, സാന്റോ എന്നിവരാണ് ഈ ഗജവീരനെയും നിർമിച്ചിരിക്കുന്നത്.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Thrissur,Thrissur,Kerala
First Published :
February 18, 2023 4:15 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
പത്തടി ഉയരവും 800 കിലോ ഭാരവും; റോബോട്ടിക് ഗജവീരനെ നടയിരുത്താനൊരുങ്ങി തൃശൂരിലെ ക്ഷേത്രം