കോഴിക്കോട്: പൊലീസ് സസ്പെന്റ് ചെയ്ത കോഴിക്കോട്ടെ സിവില്‍ പൊലീസ് ഓഫീസര്‍ ഉമേഷ് വള്ളിക്കുന്നിനെതിരെ വീണ്ടും നടപടി. മാവോയിസ്റ്റ് കേസില്‍ അറസ്റ്റിലായ അലനും താഹയ്ക്കും ജാമ്യം ലഭിച്ച ദിവസം പൊലീസിനെതിരെ ഫേസ്ബുക്ക് പോസ്റ്റിട്ടുവെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി. കോഴിക്കോട് സിറ്റി പൊലീസ് കമ്മീഷണര്‍ എ.വി ജോര്‍ജ് അച്ചടക്ക നടപടിയെടുക്കാന്‍ കാരണം കാണിക്കണമെന്നാവശ്യപ്പെട്ട് ഉമേഷിന് നോട്ടീസ് നല്കി. നേരത്തെ സദാചാരപ്രശ്നംചൂണ്ടിക്കാട്ടി ഉമേഷിനെ കമ്മീഷണര്‍ സേനയില്‍ നിന്ന് സസ്പെന്റ് ചെയ്തിരുന്നു.
''അലനും താഹയ്ക്കും ജാമ്യം നല്‍കിക്കൊണ്ട് എന്‍ഐഎ കോടതി പ്രഖ്യാപിച്ച വിധിയിലെ കോടതിയുടെ വിശദീകരണങ്ങള്‍ എല്ലാ പൊലീസുദ്യോഗസ്ഥരും വായിക്കേണ്ടത് ആവശ്യമാണ്. എല്ലാ പത്രപ്രവര്‍ത്തകരും വായിക്കുന്നത് നല്ലതാണ്. എല്ലാ രാഷ്ട്രീയപ്രവര്‍ത്തകരും മനസ്സിലാക്കേണ്ടതാണ്. ആ ചെറുപ്പക്കാര്‍ പുറം ലോകം കാണില്ലെന്ന് പരിഹസിച്ചവര്ക്ക് തിരിച്ചറിവ് ഉണ്ടാകേണ്ടതാണ്. ഇത് ഇന്ത്യയാണ്. ഇവിടെ ഒരു ഭരണഘടന ഉണ്ട്. ആ ഭരണഘടന ഒരു പൗരന് നല്കുന്ന അവകാശങ്ങളുണ്ട്. അത് എക്കാലവും നിലനില്ക്കട്ടെ.''- ഇതായിരുന്നു ഉമേഷിന്റെ പോസ്റ്റ്.
കഴിഞ്ഞ വര്‍ഷം ഡോ.ബിജുവിന്റെ കാട് പൂക്കുന്ന നേരം എന്ന സിനിമയുടെ ലിങ്ക് ഷെയര്‍ ചെയ്തതിന് രണ്ട് ഇന്‍ക്രിമെന്റ് ഇപ്പോള്‍ വെട്ടാന്‍ പോവുകയാണെന്നും നല്ല രസാണല്ലോ വെട്ടിക്കളിക്കാന്‍ എന്നും ഉമേഷ് പോസ്റ്റില്‍ കുറിച്ചിരുന്നു. ഇക്കാര്യങ്ങളെല്ലാം ചൂണ്ടിക്കാട്ടിയാണ് പുതിയ നോട്ടീസ്. പ്രതികള്‍ക്ക് അനുകൂലമായ രീതിയില്‍ സംസാരിച്ചുവെന്നും പൊലീസിനെ അവഹേളിക്കുന്ന തരത്തിലുമാണ് എഫ്.ബി പോസ്റ്റെന്ന് നോട്ടീസില്‍ പറയുന്നു.
പൊലീസ് സേനാംഗങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ ഇടപെടുമ്പോള്‍ പാലിക്കേണ്ട മാര്‍ഗനിര്‍ദേശങ്ങള്‍ ഉമേഷ് ലംഘിച്ചുവെന്നും നോട്ടീസിൽ പറയുന്നുണ്ട്. നേരത്തെ സദാചാര പ്രശ്നം കാണിച്ച് ഉമേഷിനെ സേനയില്‍ നിന്ന് സസ്പെന്റ് ചെയ്തത് വിവാദമായിരുന്നു. സ്ത്രീക്ക് താമസിക്കാന്‍ ഫ്ളാറ്റ് എടുത്ത് നല്‍കിയെന്നാരോപിച്ചായിരുന്നു സസ്പെന്ഷന്. ഇതിനെതിരെ ഉമേഷ് പോലീസിനെതിരെ രംഗത്തുവരികയും ചെയ്തിരുന്നു. ഉമേഷിനെതിരെയുള്ള നടപടിക്കെതിരെ സാംസ്കാരിക പ്രവര്‍ത്തകരും രംഗത്തെത്തിയിട്ടുണ്ട്.
Published by:Rajesh V
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.