കോഴിക്കോട്: സുഹൃത്തായ യുവതിക്ക് ഫ്ളാറ്റെടുത്ത് നൽകിയതിന്റെ പേരിൽ പൊലീസുകാരനായ ഉമേഷ് വള്ളിക്കുന്നിനെ സസ്‌പെന്‍ഡ് ചെയ്ത സംഭവത്തെക്കുറിച്ച് ഐജി തല അന്വേഷണം നടത്താന്‍ സംസ്ഥാന പൊലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റയുടെ ഉത്തരവ്. ഉത്തരമേഖലാ ഐ.ജി അശോക് യാദവാണ് ഇതു സംബന്ധിച്ച് അന്വേഷിക്കുക. തന്നെ അപകീര്‍ത്തിപ്പെടുത്തിയെന്നും ബോഡി ഷേമിംഗ് നടത്തിയെന്നും കാണിച്ച് കമ്മീഷണര്‍ക്കെതിരെ യുവതി നല്‍കിയ പരാതിയും അന്വേഷിക്കും.
കഴിഞ്ഞ ദിവസം കോഴിക്കോട് സിറ്റി കണ്‍ട്രോള്‍ റൂമില്‍ ജോലി ചെയ്യുന്ന ഉമേഷ് വള്ളിക്കുന്ന് എന്ന പൊലീസുകാരനെ സസ്‌പെന്‍ഡ് ചെയ്ത് കൊണ്ട് പുറത്ത് വിട്ട ഉത്തരവില്‍ തന്നെ അപകീര്‍ത്തിപ്പെടുത്തുന്ന പരാമര്‍ശമുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് കോഴിക്കോട് സിറ്റി പൊലീസ് കമ്മീഷണർക്കെതിരെ യുവതി പരാതി നല്‍കിയത്. സിറ്റി പൊലീസ് കമ്മീഷണര്‍ എ വി ജോജിനെതിരെയാണ് പരാതി.
Also Read- ബാലുശ്ശേരി എംഎൽഎ പുരുഷൻ കടലുണ്ടിക്ക് കോവിഡ്; ആശുപത്രിയിൽ പ്രവേശിപ്പിച്ചു
യുവതിയെ രക്ഷിതാക്കളില്‍ നിന്ന് അകറ്റി ഉമേഷ് ഫ്ളാറ്റില്‍ നിത്യസന്ദര്‍ശനം നടത്തുന്നുവെന്ന് സസ്പെന്‍ഷന്‍ ഉത്തരവില്‍ പറയുന്നു. ഇത് ചൂണ്ടിക്കാട്ടിയാണ് യുവതി ഐജിക്ക് പരാതി നല്‍കിയത്. യുവതിയുടെ അമ്മ നല്‍കിയ പരാതിയിലായിരുന്നു ഉമേഷിനെതിരെ നടപടിയെടുത്തത്. അമ്മ നല്‍കിയ പരാതിയില്‍ അന്വേഷിക്കാനെത്തിയ പൊലീസ് ഉദ്യോഗസ്ഥര്‍ തന്നെ അധിക്ഷേപിച്ചെന്ന് ചൂണ്ടിക്കാട്ടി യുവതി എസിപിക്കെതിരെ മറ്റൊരു പരാതിയും നല്‍കിയിട്ടുണ്ട്. അന്വേഷിക്കാനെത്തിയ പൊലീസുദ്യോഗസ്ഥന്‍ തന്റെ ശരീരത്തെയും നിറത്തെയും അധിക്ഷേപിച്ചെന്നാണ് പരാതിയില്‍ യുവതി പറയുന്നത്.
Also Read- 'കേരളത്തെ ഭീകരവാദ കേന്ദ്രമാക്കി ചിത്രീകരിക്കാൻ NIA ശ്രമം': ജമാഅത്തെ ഇസ്ലാമി
പൊലീസിന്റെ സസ്പെൻഷൻ ഉത്തരവിനെതിരെ ഉമേഷ് ഫേസ്ബുക്കില്‍ പോസ്റ്റിട്ടിരുന്നു. 'കേരള പൊലീസിന്റെ സദാചാര ചരിത്രത്തിലെ നാഴികക്കല്ലായി പ്രഖ്യാപിച്ച് ആദരിക്കേണ്ട സസ്പെന്‍ഷന്‍ ഓര്‍ഡര്‍ ഇന്ന് വൈകുന്നേരം ആദരപൂര്‍വ്വം കൈപ്പറ്റിയിരിക്കുന്നു' - എന്നാണ് ഉമേഷ് ഫേസ്ബുക്കില്‍ കുറിച്ചത്.
'കേരള പോലീസിന്റെ സദാചാര ചരിത്രത്തിലെ നാഴികക്കല്ലായി പ്രഖ്യാപിച്ച് ആദരിക്കേണ്ട സസ്പെൻഷൻ ഓർഡർ ഇന്ന് വൈകുന്നേരം ആദരപൂർവ്വം കൈപ്പറ്റിയിരിക്കുന്നു. 2020 ൽ ജീവിക്കുന്ന മനുഷ്യരാണെന്നും ഒട്ടേറേ നിയമങ്ങളും സുപ്രീം കോടതി വിധികളും മനുഷ്യാവകാശങ്ങളും ജെൻഡർ ഈക്വാലിറ്റിയുമൊക്കെ ഉള്ള ലോകമാണെന്നുമുള്ള വസ്തുതകൾ വെറുതെയാണെന്ന് ബോധ്യപ്പെടുത്താൻ ഈ ഉത്തരവിന് സാധിക്കുമാറാകട്ടെ.
31 വയസ്സുള്ള ഒരു സ്ത്രീ സ്വന്തമായി ഫ്ലാറ്റ് വാടകക്കെടുത്ത് താമസിക്കുന്നതിനെ അവളുടെ മൊഴിക്ക് വിപരീതമായി "അവളുടെ പേരിൽ ഫ്ലാറ്റ് തരപ്പെടുത്തി താമസിപ്പിച്ചു നിത്യ സന്ദർശനം നടത്തുന്നു" എന്നൊക്കെ പഴയ ആൽത്തറ മാടമ്പികളുടെ കുശുമ്പൻ പരദൂഷണം പോലുള്ള വാചകങ്ങൾ ഒരു പോലീസുകാരന്റെ സസ്പെൻഷൻ ഉത്തരവിൽ രേഖപ്പെടുത്തി സ്ത്രീത്വത്തെയും വ്യക്തിത്വത്തെയും അവഹേളിക്കുന്ന നാലാംകിട ബുദ്ധി നീണാൾ വാഴട്ടെ.
അധികാരത്തിന്റെ തിളപ്പിൽ താഴേക്കിടയിലുള്ള ഒരു ജീവനക്കാരനെ നിരന്തരമായി വേട്ടയാടി പിരിച്ചു വിടാനുള്ള എല്ലാ നീക്കങ്ങൾക്കും അഭിവാദ്യങ്ങൾ. ജോലി പോയാലും പട്ടിണി കിടന്നാലും മരിക്കേണ്ടി വന്നാലും ഒരു മരയൂളയുടെയും കാൽക്കൽ വീഴില്ലെന്ന് ഉറപ്പിച്ചു പറയുന്നു.’- ഫേസ്ബുക്കിൽ ഉമേഷ് വള്ളിക്കുന്ന് കുറിച്ചു.
ഇതിനിടെ, പന്തീരങ്കാവ് യുഎപിഎ കേസിൽ അലനും താഹയ്ക്കും ജാമ്യം അനുവദിച്ച കോടതി വിധിയുമായി ബന്ധപ്പെട്ട് സോഷ്യല്‍മീഡിയയില്‍ പോസ്റ്റിട്ടുവെന്ന് ആരോപിച്ച് ഉമേഷ് വള്ളിക്കുന്നിന് കാരണം കാണിക്കല്‍ നോട്ടീസ് അയച്ചിരുന്നു. പൊലീസിനെ അവഹേളിക്കുന്ന തരത്തില്‍ നിരന്തരം സോഷ്യല്‍മീഡിയയില്‍ പോസ്റ്റ് ചെയ്യുന്നുവെന്നും ജില്ലാ പൊലീസ് മേധാവി എ വി ജോർജ് അയച്ച നോട്ടീസിൽ പറയുന്നു. ഏഴ് ദിവസത്തിനകം മറുപടി നല്‍കണമെന്നാണ് നോട്ടീസില്‍ പറഞ്ഞിരിക്കുന്നത്.
നേരത്തെ കാട് പൂക്കുന്ന നേരം എന്ന സിനിമയിലെ രംഗം സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചതിനും മിഠായിത്തെരുവിലെ സംഘപരിവാര്‍ അക്രമത്തില്‍ പൊലീസ് അനാസ്ഥ ചൂണ്ടിക്കാണിച്ചതിനും അദ്ദേഹത്തിനെതിരെ നടപടിയെടുത്തിരുന്നു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: DGP Loknath Behra, Kerala police, Kozhikode