കൊച്ചി: ബ്രഹ്മപുരത്തെ മാലിന്യ സംസ്കരണത്തില്‍ അധികൃതര്‍ക്ക് ഗുരുതര വീഴ്ച സംഭവിച്ചെന്ന് നടനും തിരക്കഥാകൃത്തുമായ രഞ്ജി പണിക്കര്‍. എന്റെ വീട്ടിന്റെ അടുത്ത് പുക വരുന്നതോ, എനിക്ക് ബുദ്ധിമുട്ട് ഉണ്ടാകുന്നതോ എന്നതല്ല ഇതിലെ യഥാര്‍ത്ഥ വിഷയം. കഴിഞ്ഞ പത്ത് ദിവസമായി കൊച്ചി നേരിടുന്ന വലിയ ദുരന്തമാണിത്. കൊച്ചിയിലെ മുഴുവന്‍ ജനതയും ഇതിന്റെ ദുരിതം അനുഭവിക്കുന്നുണ്ട്. ഇത്രയധികം മാലിന്യം സംഭരിച്ചുവെക്കുന്നത് കുറ്റകൃത്യമാണ്, കൊച്ചി വിട്ടുപോകാൻ ഇടമില്ലാത്തവർ എന്ത് ചെയ്യുമെന്നും രഞ്ജി പണിക്കര്‍ ചോദിച്ചു. ഏഷ്യാനെറ്റ് ന്യൂസിനോടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
തീപിടിത്തം ഉണ്ടായ ശേഷവും പത്ത് ദിവസത്തോളം ഇത് കൈകാര്യം ചെയ്യുന്നതില്‍ ഗുരുതരമായ വീഴ്ച സംഭവിച്ചുവെന്നാണ് ജനം കരുതുന്നത്. ഇത്തരം ഒരു ദുരന്തത്തിന് കാരണമായ ലക്ഷക്കണക്കിന് ടണ്‍ മാലിന്യം ശരിയായി സംസ്കരിക്കാതെ നഗരത്തിന്റെ പ്രാന്ത പ്രദേശത്ത് കിടന്നുവെന്നത് തന്നെ ഗുരുതരമായ കുറ്റമാണ്.
ALSO READ-ബ്രഹ്മപുരം മാലിന്യപ്ലാന്റ് ചട്ടങ്ങൾ പാലിച്ചിട്ടില്ലെന്ന് കേന്ദ്ര മലിനീകരണ നിയന്ത്രണ ബോർഡ്
ഇത്തരമൊരു ദുരന്തം അപ്രതീക്ഷിതം എന്ന് പറയാനാവില്ല. ഇത്രയും മാലിന്യം ശേഖരിക്കുന്ന ഒരിടത്ത് എപ്പോള്‍ വേണമെങ്കിലും ദുരന്തം ഉണ്ടാകാം. നേരത്തെയും ഇവിടെ തീപിടുത്തം ഉണ്ടായിട്ടുണ്ട്. അതൊരു ടൈം ബോംബാണ് എന്നത് ആര്‍ക്കുമറിയാം. അത് വളരെ ലാഘവത്തോടെയാണ് കണ്ടത്. വികസനത്തെയും മാലിന്യ സംസ്കരണത്തെക്കുറിച്ചും വലിയ വര്‍ത്തമാനം കേള്‍ക്കാം. അത്തരം സംസാരങ്ങള്‍ ഒരു പ്രതീക്ഷയാണ്, പക്ഷെ അടിസ്ഥാനപരമായ ഇത്തരം കാര്യങ്ങളിലെ അശ്രദ്ധ എത്ര വലിയ ദുരന്തത്തിലേക്കാണ് ഇപ്പോള്‍ എത്തിച്ചിരിക്കുന്നതെന്ന് രഞ്ജി പണിക്കര്‍ പറഞ്ഞു.
ഇവിടെ ഒരു പോയിസണ്‍ ബോംബാണ് ഇവിടെ ശേഖരിച്ച് വച്ചത് എന്നത് ചെറിയ കാര്യമല്ല. ഒരു സംഭവം നടന്നതിന് ശേഷം അതില്‍ അപലപിക്കുന്നതില്‍ വലിയ കാര്യമൊന്നുമില്ല. ഇത് ചെറിയ തീയാണ് എന്നൊക്കെയുള്ള അധികാരികളുടെ ആശ്വസിപ്പിക്കല്‍ തീര്‍ത്തും അപഹാസ്യമാണ്. എന്തുകൊണ്ട് ഇത് സംഭവിച്ചു, ആരുടെ കുറ്റമാണ് ഇത്, അല്ലെങ്കില്‍ യുദ്ധകാല അടിസ്ഥാനത്തില്‍ ഇത് തിരുത്താന്‍ എന്ത് ചെയ്തു. തുടങ്ങിയ കാര്യങ്ങള്‍ പരിശോധിക്കണം.
മാലിന്യ സംസ്കരണം പഠിക്കാന്‍ വിദേശത്തും മറ്റും പോയവര്‍ ഇത് മനസിലാക്കിയില്ലെങ്കില്‍. അതിന് വേണ്ടി ചിലവഴിച്ച സമയവും പണവും എല്ലാം പാഴായി പോയി എന്നതാണ് അര്‍ത്ഥം. ഈ പണവും മറ്റും സാധാരണ മനുഷ്യരുടെ കൈയ്യില്‍ നിന്നും വാങ്ങുന്ന പൊതു പണമാണ്. ഇത് ബ്രഹ്മപുരത്തെ സംഭവം മാത്രമല്ല കേരളത്തിന്റെ പലയിടത്തും ചെറുതും വലുതുമായ ഇത്തരം ടൈം ബോംബുകള്‍ സ്പന്ദിക്കുന്നുണ്ട്. മുന്‍പ് വിളപ്പില്‍ ശാലയില്‍ മാലിന്യ പ്രശ്നം ഉണ്ടായപ്പോള്‍ തിരുവനന്തപുരം നഗരസഭ ഇടപെട്ട് അതിന് പരിഹാരം കണ്ടെത്തി. അത്തരത്തില്‍ ഒന്ന് ഇവിടെ എന്താണ് നടപ്പിലാക്കാത്തതെന്നും രഞ്ജി പണിക്കര്‍ ചോദിച്ചു.
ഇത്തരത്തില്‍ കത്തി ഉയരുന്ന വിഷപ്പുക ശ്വസിച്ച് ജനങ്ങളുടെ ശരീരത്തില്‍ അടക്കം എത്തിയ വിഷം വരും തലമുറയെ അടക്കം എങ്ങനെ ബാധിക്കും എന്ന് ആരാണ് ഇവിടെ പഠിച്ചിട്ടുള്ളത്. ഈ ദുരന്തത്തെ നേരിടാന്‍ പരിശ്രമിക്കുന്നവരുടെ ഭാവി സംബന്ധിച്ച് ആര്‍ക്കാണ് ആശങ്കയുള്ളത്. കൊച്ചിയില്‍ നിന്നും സ്ഥലം മാറിപ്പോകാന്‍ ഇടമില്ലാത്തവര്‍ എന്ത് ചെയ്യും. യുദ്ധകാല അടിസ്ഥാനത്തില്‍ ദുരിതാശ്വാസ പ്രവര്‍ത്തനം നടത്തുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടു എന്നാണ് തോന്നുന്നത്. ഇത്തരം ദുരന്തത്തെ മുന്‍കൂട്ടി കണ്ട് അതിനുള്ള കര്‍മ്മ പരിപാടി തയ്യാറാക്കേണ്ടത് സര്‍ക്കാറിന്റെ ഉത്തരവാദിത്വമാണെന്നും രഞ്ജി പണിക്കര്‍ പറഞ്ഞു.
.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.