കൊച്ചി: നടിയെ ആക്രമിച്ച കേസിലെ (Actress Attack Case)മെമ്മറി കാർഡിന്‍റെ ഫൊറൻസിക് ഫലം പുറത്ത്. കോടതികളുടെ കൈവശമുള്ളപ്പോൾ മൂന്നുവട്ടമാണ് പരിശോധന നടന്നിരിക്കുന്നത്. കാർഡിലെ ദ്യശ്യങ്ങൾ ചോർന്നോ എന്നതടക്കമുള്ള വിശദമായ അന്വേഷണത്തിനായി തുടരന്വേഷണ സമയപരിധി മൂന്നാഴ്ച കൂടി നീട്ടണമെന്ന് പ്രോസിക്യൂഷൻ കോടതിയിൽ ആവശ്യപ്പെട്ടു.
2021 ജൂലൈ 19 ന് ഉച്ചയ്ക്ക് 12.19 മുതൽ 12: 54 വരെയുളള സമയത്താണ് മെമ്മറി കാർഡ് അവസാനമായി പരിശോധിച്ചത്. വിവോ ഫോണില്‍ കാര്‍ഡിട്ടാണ് പരിശോധിച്ചതെന്നും ഫൊറൻസിക് റിപ്പോർട്ടിലുണ്ട്. വാട്ട്സ്ആപ്പ്, ടെലിഗ്രാം അടക്കമുളള സാമുഹ്യമാധ്യമങ്ങൾ ഉപയോഗിക്കുന്ന ഫോണിലാണ് മെമ്മറി കാർഡ് ഇട്ടതെന്നും പരിശോധനാഫത്തില്‍ പറയുന്നുണ്ട്. എട്ട് വീഡിയോ ഫയലുകളാണ് മെമ്മറി കാർഡിലുള്ളത്.
2018 ജനുവരി 9 ന് കമ്പ്യൂട്ടറിലാണ് ഈ മെമ്മറി കാർഡ് ആദ്യം പരിശോധിച്ചത്. 2018 ഡിസംബർ 13നും ഹാഷ് വാല്യൂ മാറിയതായി പരിശോധനാ ഫലത്തിലുണ്ട്. കാർഡ് പരിശോധനയുടെ വിശദാംശങ്ങളും ദ്യശ്യങ്ങൾ ചോർന്നിട്ടുണ്ടെങ്കിൽ അതിന്റെ ഉത്തരവാദികളെ കണ്ടെത്തേണ്ടതുണ്ടെന്നും പ്രോസിക്യഷൻ കോടതിയിൽ നൽകിയ ഹർജിയിൽ വ്യക്തമാക്കുന്നു. കേസിലെ പ്രതി ദിലീപിന് അനുകൂലമായി മുൻ ഡിജിപി ആർ ശ്രീലേഖ നടത്തിയ പരാമർശങ്ങൾ വിചാരണയെ ദോഷകരമായി ബാധിക്കുമെന്നും പ്രോസിക്യൂഷൻ വ്യക്തമാക്കുന്നു.
ദിലീപിനെതിരെ പ്രോസിക്യൂഷൻ വ്യാജ തെളിവുകൾ സൃഷ്ടിച്ചു എന്നടക്കമുള്ള ആരോപണങ്ങളുടെ വ്യക്തതയ്ക്കായി ആർ ശ്രീലേഖയെ ചോദ്യം ചെയ്യണമെന്നും ഹർജിയിൽ വ്യക്തമാക്കുന്നു. ഇത് അടക്കമുള്ള കാര്യങ്ങൾക്കായി മൂന്നാഴ്ച സമയപരിധിയാണ് ആവശ്യപ്പെട്ടിരിക്കുന്നത്.
ഗൗരവമുള്ള ആരോപണങ്ങള്‍ ഉന്നയിക്കുമ്പോൾ ഉത്തരവാദിത്തത്തോടു കൂടി പെരുമാറണമെന്ന് നടിയെ ആക്രമിച്ച കേസിലെ അതിജീവിതയോട് ഹൈക്കോടതി ഇന്ന് പറഞ്ഞിരുന്നു. അതിജീവിത സമര്‍പ്പിച്ച ഹര്‍ജി പരിഗണിയ്ക്കുന്നതിനിടെ ഹര്‍ജി അടുത്തയാഴ്ചത്തേക്ക് മാറ്റണമെന്ന ആവശ്യം ഉന്നയിച്ചതോടെ അതിജീവിതയുടെ അഭിഭാഷകയോടാണ് കോടതി ഇക്കര്യം പറഞ്ഞത്.
മെമ്മറി കാര്‍ഡ് ഫോറന്‍സിക് പരിശോധനയ്ക്ക് അയച്ചതിന്റെ ഫലം വന്നതായി മാധ്യമങ്ങളില്‍ നിന്ന് അറിഞ്ഞു. പകര്‍പ്പ് കിട്ടിയിട്ടില്ലാത്ത സാഹചര്യത്തിലാണ് ഹര്‍ജി അടുത്തയാഴ്ചത്തേക്ക് മാറ്റാന്‍ ആവശ്യപ്പെടുന്നതെന്ന് അഭിഭാഷക വ്യക്തമാക്കി. ഫോറന്‍സിക് ലാബില്‍ നടത്തിയ മെമ്മറി കാര്‍ഡിന്റെ പരിശോധനാഫലം വിചാരണക്കോടതിയില്‍ ലഭിച്ചതായി മാധ്യമങ്ങളിലൂടെ അറിഞ്ഞു. എന്നാല്‍ പരിശോധനാഫലത്തിന്റെ പകര്‍പ്പ് തങ്ങള്‍ക്ക് ലഭിച്ചിട്ടില്ലെന്നും അഭിഭാഷക കോടതിയെ അറിയിച്ചു. തുടര്‍ന്ന് ഹര്‍ജി പരിഗണിയ്ക്കുന്നത് അടുത്ത വെള്ളിയാഴ്ചത്തേക്ക് മാറ്റുകയായിരുന്നു.
Also Read-നടിയെ ആക്രമിച്ച കേസിലെ ആരോപണം; ശ്രീലേഖയ്ക്ക് എതിരെ പ്രാഥമിക അന്വേഷണം ആരംഭിച്ചു
കേസുമായി ബന്ധപ്പെട്ട തുടരന്വേഷം അട്ടമറിയ്ക്കപ്പെടുന്നു എന്ന് ചൂണ്ടിക്കാട്ടിയാണ് അതിജീവിത കോടതിയെ സമീപിച്ചത്. കേസിലെ സാക്ഷികളെ സ്വധീനിക്കാനും കേസ് അട്ടമറിയ്ക്കാനും ശ്രമിച്ച് ദിലീപിന്റെ അഭിഭാഷകരെ ചോദ്യം ചെയ്യാന്‍ പോലും അന്വേഷണ സംഘം തയ്യാറാവുന്നില്ലെന്ന് ഹര്‍ജിയില്‍ അതിജീവിത ആരോപിക്കുന്നു. ക്രൈംബ്രാഞ്ചിന്റെ ഈ നിലപാട് ചോദ്യം ചെയ്താണ് അതിജീവിത ഹര്‍ജി സമര്‍പ്പിച്ചത്. അഭിഭാഷകര്‍ക്കെതിരെ അന്വേഷണം നടത്താമെന്ന് കോടതിപോലും അനുമതി നല്‍കിയിട്ടും ഉന്നത രാഷ്ട്രീയ സമ്മര്‍ദ്ദത്തേത്തുടര്‍ന്ന് അന്വേഷണത്തില്‍ നിന്നും ഉദ്യോഗസ്ഥര്‍ പിന്‍വലിയുകയായിരുന്നുവെന്ന് ഹര്‍ജിയില്‍ വ്യക്തമാക്കുന്നു.
കേസില്‍ വിശദീകരണം നല്‍കാന്‍ സമയം വേണമെന്ന് സര്‍ക്കാര്‍ ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് കഴിഞ്ഞയാഴ്ച പരിഗണിച്ച ഹര്‍ജി ഇന്നത്തേക്ക് മാറ്റിയത്. അന്വേഷണത്തിന് ഹൈക്കോടതി മേല്‍നോട്ടം വഹിക്കണമെന്നും അതിജീവിത സമര്‍പ്പിച്ച ഹര്‍ജിയില്‍ ആവശ്യമുണ്ട്. ദിലീപിന്റെയും കൂട്ടുപ്രതികളുടെയും മൊബൈല്‍ ഫോണുകളിലെ തെളിവുകള്‍ നശിപ്പിക്കാന്‍ അഡ്വ. ബി. രാമന്‍പിള്ളയുടെ കൂടെയുള്ള അഭിഭാഷകരായ ഫിലിപ്പ് വര്‍ഗീസ്, സുജേഷ് എന്നിവര്‍ക്ക് പങ്കുണ്ടെന്ന് സൈബര്‍ വിദഗ്ദന്‍ സായി ശങ്കര്‍ മൊഴി നല്‍കിയിരുന്നു.
അഭിഭാഷകരുടെ നിര്‍ദേശപ്രകാരമാണ് തെളിവുകള്‍ നശിപ്പിച്ചത്. വക്കീല്‍ ഓഫീസിലെ വൈഫൈ നെറ്റ് വർക്ക് ഇതിനായി ഉപയോഗിച്ചിരുന്നു. തെളിവു നശിപ്പിയ്ക്കുന്നതിനായി ഉപയോഗിച്ച ലാപ്‌ടോപ്പും ഐമാക്കും തനിക്ക് മടക്കി നല്‍കിയില്ലെന്നും സായ് ശങ്കര്‍ മൊഴി നല്‍കിയിരുന്നു. തെളിവു നശിപ്പിയ്ക്കല്‍ നടന്നത് കൊച്ചിയിലെ സ്വകാര്യ ഹോട്ടല്‍ വക്കീല്‍ ഓഫീസ് എന്നിവിടങ്ങളില്‍ വെച്ചായിരുന്നു എന്ന് അന്വേഷണത്തിലൂടെ ക്രൈം ബ്രാഞ്ചും കണ്ടെത്തിയിരുന്നു.
തുടരന്വേഷണവുമായി ബന്ധപ്പെട്ട് കേസിലെ പ്രതിയാക്കിയ സായ് ശങ്കറിനെ പിന്നീട് ക്രൈംബ്രാഞ്ച് മാപ്പുസാക്ഷിയാക്കുകയായിരുന്നു. കേസില്‍ ഇനി അഭിഭാഷകരെ ചോദ്യം ചെയ്യേണ്ടതുണ്ടെന്ന് നേരത്തെ പ്രോസ്‌ക്യൂഷന്‍ കോടതിയില്‍ വ്യക്തമാക്കിയിരുന്നു. ദിലീപിന്റെ ഫോണില്‍ നിന്നും തെളിവു നശിപ്പിക്കാന്‍ മുംബൈയിലെ ലാബിലേക്ക് ഫോണുകള്‍ കൊണ്ടുപോയ നാലു അഭിഭാഷകര്‍, സാക്ഷികളെ സ്വാധീനിയ്ക്കാന്‍ ശ്രമിച്ച അഭിഭാഷകര്‍ എന്നിവരുള്‍പ്പെടെയുള്ളവരുടെ പട്ടികയാണ് അന്വേഷണ സംഘം തയ്യാറാക്കിയിരുന്നത്.
കേസിലെ തുടരന്വേഷണം അവസാനിപ്പിയ്ക്കാന്‍ ഹൈക്കോടതി നല്‍കിയ സമയപരിധി മറ്റന്നാള്‍ അവസാനിക്കും. ഡിജിറ്റല്‍ തെളിവുകളുടെ പരിശോധന നീളുന്നതിനാല്‍ പ്രോസ്‌ക്യൂഷന്റെ ആവശ്യപ്രകാരം അന്വേഷണ കാലാവധി രണ്ടുവട്ടം കോടതി നീട്ടിനല്‍കിയിരുന്നു. അഭിഭാഷകരുടെ ചോദ്യം ചെയ്യല്‍ ഒഴിവാക്കി മെമ്മറി കാര്‍ഡിന്റെ പരിശോധനഫലം ലഭിച്ചശേഷം റിപ്പോര്‍ട്ട് സമര്‍പ്പിയ്ക്കാനാണ് നീക്കം.
നേരത്തെ കേസില്‍ അന്തിമറിപ്പോര്‍ട്ട് സമര്‍പ്പിയ്ക്കാന്‍ അന്വേഷണസംഘം തീരുമാനിച്ചിരുന്നു. ഇതിനെതിരായി നടിയുടെ പ്രതികണം തൃക്കാക്കര ഉപതെരഞ്ഞെടുപ്പ് കാലത്ത് വന്‍വിവാദമായതോടെ നീക്കത്തില്‍ നിന്നും സര്‍ക്കാര്‍ പിന്‍മാറിയിരുന്നു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.