ഓണ്‍ലൈൻ പണത്തട്ടിപ്പുകാരനെ വിദഗ്ധമായി കുടുക്കി യുവാവ്; നാട്ടിലെ താരമായി അഫ്സൽ
- Published by:Asha Sulfiker
- news18-malayalam
Last Updated:
തന്നെ പറ്റിയുള്ള മുഴുവൻ വിവരങ്ങളും അഫ്സൽ ശേഖരിച്ചു കഴിഞ്ഞു എന്ന് മനസ്സിലാക്കിയ വിക്രം കീഴടങ്ങുകയായിരുന്നു. പരാതി പിൻവലിക്കണമെന്നും പണം തിരിച്ചു നൽകാമെന്നും അപേക്ഷിച്ചു.
കണ്ണൂർ: ഓൺലൈനിലൂടെ കണ്ണൂരിലെ വ്യാപാരിയിൽ നിന്ന് 40000 രൂപ കൈക്കലാക്കിയ തട്ടിപ്പുകാരനെ കുടുക്കി യുവാവ് . സാങ്കേതിക വൈദഗ്ധ്യം കൊണ്ട് തട്ടിപ്പുകാരനെ കണ്ടെത്തിയ കണ്ണൂർ മാതമംഗലം സ്വദേശി അഫ്സൽ ഹുസൈൻ ഇപ്പോൾ നാട്ടിലെ താരമാണ്. കഴിഞ്ഞ 17നാണ് കേസിനാസ്പദമായ സംഭവം ഉണ്ടായത്. മാതമംഗലം ഫുഡ് പാലസ് ഉടമ പി ഷബീറിനെയാണ് ഉത്തരേന്ത്യൻ സ്വദേശി കമ്പളിപ്പിച്ചത്. സൈനികനാണ് എന്ന് പരിചയപ്പെടുത്തിയ തട്ടിപ്പുകാരൻ 4200 രൂപയ്ക്ക് ഭക്ഷണം ഓർഡർ ചെയ്തു. ഗൂഗിൾ പേ വഴി പണം അടയ്ക്കണമെന്നും ഭക്ഷണം ശേഖരിക്കാൻ മറ്റൊരാളെ അയക്കാം എന്നും പറഞ്ഞു.
പിന്നീട് വിളിച്ച് ഗൂഗിൾ പേ പ്രവർത്തിക്കുന്നില്ലെന്നും എടിഎം കാർഡ് നമ്പർ തരണമെന്നും ആവശ്യപ്പെട്ടു. ധാരാളം ഉത്തരേന്ത്യൻ കസ്റ്റമഴ്സ് ഉള്ള ഷബീർ തട്ടിപ്പുകാരനെ പൂർണമായും വിശ്വസിച്ചു. ബന്ധുവും വസ്ത്ര വ്യാപാരിയായ ഒ പി ഇബ്രാഹിംകുട്ടിയുടെ എടിഎം കാർഡ് നമ്പർ പറഞ്ഞു കൊടുക്കുകയും ചെയ്തു. അതിനുശേഷം ഫോണിലേക്ക് വന്ന ഒടിപി നമ്പറും ചോദിച്ചു. ഒ ടി പി നമ്പർ നൽകിയതോടെ അക്കൗണ്ടിൽനിന്ന് നാൽപതിനായിരം രൂപ നഷ്ടമായി.
advertisement
പെട്ടെന്നുതന്നെ എടിഎം കാർഡ് ബ്ലോക്ക് ചെയ്ത് ഇബ്രാഹിം കുട്ടിയും ഷബീറും സുഹൃത്തായ അഫ്സലിനെ കാണുകയായിരുന്നു. കേരള പൊലീസിൻറെ സൈബർഡോം കൂട്ടായ്മയിൽ അംഗം കൂടിയാണ് അഫ്സൽ. പൊലീസിൽ പരാതി നൽകിയശേഷം അഫ്സൽ സ്വന്തം നിലയ്ക്കും അന്വേഷണം ആരംഭിച്ചു. ഒരു പ്രത്യേക ആപ്ലിക്കേഷൻ ഉപയോഗിച്ചാണ് ഉത്തരേന്ത്യൻ സ്വദേശി പൂനെയിൽ നിന്ന് തട്ടിപ്പ് നടത്തിയതെന്ന് അഫ്സലിന് അന്വേഷണത്തിൽ വ്യക്തമായി.
advertisement
ആപ്പ് അധികൃതരുമായി ബന്ധപ്പെട്ടു. തട്ടിപ്പിന് പിന്നിൽ രാജസ്ഥാൻ സ്വദേശിയായ വിക്രം ആണെന്ന് ഇതോടെയാണ് കണ്ടെത്തിയത്. ഇയാൾ പണം കൈപ്പറ്റിയ അക്കൗണ്ടിൽനിന്ന് രാജസ്ഥാനിലെ വീടിൻറെ കറണ്ട് ബില്ല് അടച്ചിരുന്നു. ബന്ധുവിന്‍റെ ഫോൺ റീചാർജും ചെയ്തിരുന്നു.തട്ടിയെടുത്ത പണം പോയ മറ്റ് അക്കൗണ്ടുകളുടെ വിവരങ്ങളും അഫ്സൽ കണ്ടെത്തി. തുടർന്ന് "തട്ടിപ്പുകാരനെ ഫോണിൽ ബന്ധപ്പെട്ടു. തട്ടിപ്പ് നടത്തിയതിന്റെ മുഴുവൻ വിവരങ്ങളും , തട്ടിപ്പുകാരൻ നിൽക്കുന്ന സ്ഥലത്തിന്റെ ഗൂഗിൾ ലൊക്കേഷനും അങ്ങോട്ടു വാട്സാപ്പിൽ ഇട്ടുകൊടുത്തു" അഫ്സൽ ന്യൂസ് 18 നോട് പറഞ്ഞു
advertisement
തന്നെ പറ്റിയുള്ള മുഴുവൻ വിവരങ്ങളും അഫ്സൽ ശേഖരിച്ചു കഴിഞ്ഞു എന്ന് മനസ്സിലാക്കിയ വിക്രം കീഴടങ്ങുകയായിരുന്നു. പരാതി പിൻവലിക്കണമെന്നും പണം തിരിച്ചു നൽകാമെന്നും അപേക്ഷിച്ചു. മുപ്പതിനായിരം രൂപ അക്കൗണ്ടിലേക്ക് തിരിച്ചിടുകയും ചെയ്തു. ബാക്കി 10000 ഉടൻതന്നെ നൽകാമെന്ന് സമ്മതിച്ചിട്ടുണ്ട്.
"അന്വേഷണത്തിൽ വിക്രം മറ്റുപലരും കബളിപ്പിച്ചതായി വ്യക്തമായിട്ടുണ്ട്. അത് കൊണ്ട് പണം തിരികെ കിട്ടിയാലും കേസ് പിൻവലിക്കേണ്ട എന്നാണ് നിലപാട്'' ഫുഡ് പാലസ് ഉടമ ന്യൂസ് 18 നോട് വ്യക്തമാക്കി. ദുബായിൽ ഐടി മേഖലയിൽ ജോലി ചെയ്തിരുന്ന അഫ്സൽ നാട്ടിൽ ഇപ്പോൾ ഒരു സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരനാണ്.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
December 24, 2020 11:18 AM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
ഓണ്‍ലൈൻ പണത്തട്ടിപ്പുകാരനെ വിദഗ്ധമായി കുടുക്കി യുവാവ്; നാട്ടിലെ താരമായി അഫ്സൽ