• HOME
 • »
 • NEWS
 • »
 • kerala
 • »
 • AGRICULTURE DEPARTMENT WARNING TO FARMERS ON NIPAH SCARE

Nipah|വവ്വാലുകള്‍ ഉപേക്ഷിച്ച പഴങ്ങൾ വളർത്തു മൃഗങ്ങൾക്ക് നൽകരുത്; മുന്നറിയിപ്പുമായി മൃഗസംരക്ഷണ വകുപ്പ്

രോഗവ്യാപനം തടയുന്നതിന്റെ ഭാഗമായി കർഷകർക്ക് നിർദേശങ്ങളുമായി കൃഷിവകുപ്പ്

Bats

Bats

 • Share this:
  കോഴിക്കോട്: നിപ്പയുടെ ഭീതി നിലനിൽക്കുന്നതിനാൽ മുന്നറിയിപ്പുമായി മൃഗസംരക്ഷണ വകുപ്പ്. മൃഗപരിപാലനത്തില്‍ ഏര്‍പ്പെട്ടിട്ടുള്ള കര്‍ഷകര്‍ അതീവ ജാഗ്രത പുലര്‍ത്തണമെന്ന് മൃഗസംരക്ഷണ വകുപ്പ് അറിയിച്ചു. വവ്വാലുകള്‍ ഉപേക്ഷിച്ച കായ് കനികള്‍ വളര്‍ത്തു മൃഗങ്ങള്‍ക്ക് നല്‍കരുതെന്നും മുന്നറിയിപ്പുണ്ട്.

  രോഗവ്യാപനം തടയുന്നതിന്റെ ഭാഗമായാണ് നിർദേശങ്ങൾ.

  കര്‍ഷകര്‍ ഫാമുകളില്‍ പ്രവേശിക്കുന്നതിന് മുന്‍പ് അണുനാശിനി കലര്‍ത്തിയ വെള്ളത്തില്‍ കാല്‍ പാദങ്ങള്‍ കഴുകണം. വളര്‍ത്തുമൃഗങ്ങളുമായി ഇടപഴകുന്നതിന് മുന്‍പും ശേഷവും കൈ കാലുകള്‍ സോപ്പും വെള്ളവും ഉപയോഗിച്ച് വൃത്തിയാക്കണം. മൃഗങ്ങളെ കയറ്റുകയും അവയ്ക്കുള്ള തീറ്റയും പുല്ലും കൊണ്ടു പോകുകയും ചെയ്യുന്ന വാഹനങ്ങളില്‍ അണുനശീകരണം ഉറപ്പു വരുത്തണം.

  വവ്വാലുകള്‍ ഉപേക്ഷിച്ച കായ് കനികള്‍ വളര്‍ത്തു മൃഗങ്ങള്‍ക്ക് നല്‍കരുത്. വവ്വാലുകളും മറ്റു പക്ഷികളും ഫാമുകളില്‍ പ്രവേശിക്കുന്നത് വലകള്‍ ഉപയോഗിച്ച് നിയന്ത്രിക്കണം.

  ചാത്തമംഗലത്ത് നിപ ബാധിച്ച് മരിച്ച കുട്ടിക്ക് വൈറസ് ബാധയേറ്റത് റമ്പുട്ടാനിൽ നിന്നും തന്നെയെന്ന നിഗമനത്തിലേക്ക് നീങ്ങുകയാണ് ആരോഗ്യ വകുപ്പ്. ഇത് സ്ഥിരീകരിക്കുന്നതാണ് പ്രദേശത്ത് കണ്ടെത്തിയ വവ്വാലുകളുടെ വലിയ ആവാസ വ്യവസ്ഥയും അതിനോടൊപ്പം കണ്ടെത്തിയ റമ്പുട്ടാൻ മരങ്ങളും. വൈറസ് ബാധിച്ച് മരിച്ച കുട്ടി റമ്പുട്ടാൻ കഴിച്ചിരുന്നു എന്നത് നേരത്തെ തന്നെ വ്യക്തമായിരുന്നു. ഇതിനുപുറമെ കുട്ടിയുടെ സമ്പർക്ക പട്ടികയിൽ ഉണ്ടായിരുന്നവരെല്ലാം പരിശോധനയിൽ നെഗറ്റീവ് ആവുകയും ചെയ്തു. ഇക്കാരണങ്ങൾ കൊണ്ടാണ് വവ്വാലും റമ്പുട്ടാനും തന്നെയാണ് രോഗ കാരണമെന്ന നിഗമനത്തിലേക്ക് ആരോഗ്യ വകുപ്പ് നീങ്ങുന്നതെന്ന് ബന്ധപ്പെട്ട വൃത്തങ്ങൾ സൂചിപ്പിക്കുന്നു.

  ബന്ധുവിന്റെ വീട്ടിൽ നിന്നാണ് കുട്ടി റമ്പുട്ടാൻ കഴിച്ചത്. ഈ പ്രദേശത്ത് നിന്നും ഒമ്പത് വവ്വാലുകളുടെ സാംപിളുകൾ ആരോഗ്യ വകുപ്പ് ശേഖരിച്ചതായി ആരോഗ്യ മന്ത്രി വ്യക്തമാക്കി. സംസ്ഥാനത്ത് നിപ ആദ്യം വന്ന അവസ്ഥയിൽ നിന്നും തികച്ചും വ്യത്യസ്തമാണ് ഇന്നത്തെ സ്ഥിതി. ക്വാറന്റീൻ, സാമൂഹിക അകലം, മാസ്‌ക് എന്നിവ പോലുള്ള കാര്യങ്ങളിൽ ജനങ്ങൾ നേടിയ അവബോധം പ്രതിരോധ പ്രവർത്തനങ്ങളെ ഊർജിതമാക്കാൻ സഹായിച്ചതായി ആരോഗ്യ മന്ത്രി വീണ ജോർജ് പറഞ്ഞു.

  Also Read-നിപ വൈറസ് ബാധ റമ്പുട്ടാനിൽ നിന്ന് തന്നെയെന്ന് നിഗമനം; പ്രദേശത്ത് വവ്വാലുകളുടെ ആവാസ വ്യവസ്ഥ കണ്ടെത്തിയെന്ന് മന്ത്രി

  വൈറസ് പന്നികളില്‍ നിന്നു പകരാമെന്ന സാധ്യത കണക്കിലെടുത്ത് നിപ റിപ്പോര്‍ട്ട് ചെയ്ത ചാത്തമംഗലം പഞ്ചായത്തിലെ കാട്ടുപന്നികളുടെ സാന്നിധ്യത്തെ കുറിച്ചും മ്യഗസംരക്ഷണ വകുപ്പ് പരിശോധന നടത്തുന്നുണ്ട്.

  നാല് ദിവസം മുന്‍പാണ് നിപ രോഗ ലക്ഷണങ്ങളോടെ കുട്ടിയെ ആശുപത്രിയിലെത്തിച്ചത്. തുടക്കം സാധാരണ പനിയായിരുന്നു. ആദ്യം പനിബാധിച്ച കുട്ടിയെ ഓമശ്ശേരിയിലെ ശാന്തി ആശുപത്രിയില്‍ എത്തിച്ചു. തുടര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ കോളജിലേക്ക് മാറ്റി. മെഡിക്കല്‍ കോളേജില്‍ നിന്ന് പിന്നിട് കോഴിക്കോട് മിംസ് ആശുപത്രിയിലേക്ക് എത്തിക്കുമ്പോള്‍ കുട്ടിയ്ക്ക് 104 ഡിഗ്രി പനി ഉണ്ടായിരുന്നു. പിന്നാലെ കുട്ടിക്ക് അപസ്മാരവും, ഛര്‍ദ്ദിയും അനുഭവപ്പെട്ടു.

  അബോധവസ്ഥയിലായിരുന്ന കുട്ടി 6 ദിവസമായി വെന്റിലേറ്ററില്‍ കഴിയുകയായിരുന്നു. ഇതിനിടയില്‍ സംശയം തോന്നിയ ഡോക്ടര്‍ സാംബിള്‍ ആലപ്പുഴ വൈറോളജിയിലേക്ക് പരിശോധനയ്ക്ക് അയക്കുകയായിരുന്നു.

  പിന്നീട് പുണെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിലേക്ക് അയച്ച സാമ്പിളുകളുടെ ഫലം ശനിയാഴ്ച വൈകിയാണ് ലഭിച്ചത്. കുട്ടിയുടെ മൂന്ന് സാംപിളുകളും പോസീറ്റീവാണെന്ന് കണ്ടെത്തിയാതായി മന്ത്രി അറിയിച്ചിരുന്നു.
  Published by:Naseeba TC
  First published:
  )}