കർണാടക സർക്കാർ പ്രഖ്യാപിച്ച 15 ലക്ഷം രൂപ അജീഷിന്റെ കുടുംബം നിരസിച്ചു; നടപടി ബിജെപി വിവാദമാക്കിയ സാഹചര്യത്തിൽ
- Published by:Rajesh V
- news18-malayalam
Last Updated:
കർണാടകയുടെ ധനസഹായ പ്രഖ്യാപനത്തിനെതിരെ മുഖ്യ പ്രതിപക്ഷമായ ബിജെപി രംഗത്തെത്തിയിരുന്നു. ഇതോടെയാണ് 15 ലക്ഷം രൂപ വേണ്ടെന്നു വെക്കാൻ കുടുംബം തീരുമാനിച്ചത്
വയനാട് മാനന്തവാടിയിൽ കാട്ടാന ബേലൂർ മഖ്ന കൊലപ്പെടുത്തിയ അജീഷിന്റെ കുടുംബം കർണാടക സർക്കാർ പ്രഖ്യാപിച്ച നഷ്ടപരിഹാരത്തുക നിരസിച്ചു. നഷ്ടപരിഹാരം പ്രഖ്യാപിച്ചത് കർണാടകയിൽ പ്രതിപക്ഷ കക്ഷിയായ ബിജെപി വിവാദമാക്കിയ സാഹചര്യത്തിലാണ് തീരുമാനം. വിവാദമുണ്ടാക്കി പിടിച്ചു വാങ്ങേണ്ടതല്ല നഷ്ടപരിഹാരത്തുകയെന്നും കുടുംബം പ്രതികരിച്ചു.
ബേലൂർ മഖ്നയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട അജീഷിന്റെ കുടുംബത്തെ സന്ദർശിച്ച രാഹുൽ ഗാന്ധി കർണാടക സർക്കാരുമായി നടത്തിയ ഇടപെടലിനെ തുടർന്നായിരുന്നു നഷ്ടപരിഹാരം പ്രഖ്യാപനം. കർണാടകയുടെ ധനസഹായ പ്രഖ്യാപനത്തിനെതിരെ മുഖ്യ പ്രതിപക്ഷമായ ബിജെപി രംഗത്തെത്തിയിരുന്നു. ഇതോടെയാണ് 15 ലക്ഷം രൂപ വേണ്ടെന്നു വെക്കാൻ കുടുംബം തീരുമാനിച്ചത്. ധനസഹായത്തിനായി ഇടപെട്ട രാഹുൽ ഗാന്ധി എം പിക്കും കർണാടക സർക്കാരിനും നന്ദിയറിയിച്ച കുടുംബം വിഷയം രാഷ്ട്രീയവൽകരിച്ച ബിജെപിയുടേത് മനുഷ്യത്വ രഹിത നടപടിയാണെന്നും കുറ്റപ്പെടുത്തി.
ധനസഹായത്തിനായി ഇടപെട്ട രാഹുൽ ഗാന്ധി എം പിക്കും കർണാടക സർക്കാറിനും നന്ദി അറിയിച്ച കുടുംബം, ബിജെപിയുടേത് വേട്ടക്കാരനൊപ്പം ഓടുകയും മുയലിനൊപ്പം കരയുകയും ചെയ്യുന്ന കാപട്യമാണെന്നും കുറ്റപ്പെടുത്തി. അതേസമയം അജീഷിനെ കൊലപ്പെടുത്തിയ ബേലൂർ മഖ്ന കർണാടക ഉൾവനത്തിലേക്ക് കയറിയ പശ്ചാത്തലത്തിൽ ആനയെ മയക്കുവെടിവെച്ച് പിടികൂടാനുള്ള ശ്രമം കഴിഞ്ഞ ദിവസം വനപാലക സംഘം ഉപേക്ഷിച്ചിരുന്നു.
advertisement
അജീഷിന്റെ കുടുംബത്തിന് കേരള സർക്കാർ 10 ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചിരുന്നു. കൂടാതെ മറ്റു സന്നദ്ധ സംഘടനകളും വ്യക്തികളും സഹായവുമായി രംഗത്തെത്തി. കർണാടക സർക്കാർ സഹായം നൽകുന്നതിനെതിരെ ബിജെപി രംഗത്തെത്തിയതോടെ സംഭവം വിവാദമായിരുന്നു. വയനാട് സന്ദർശിച്ച കേന്ദ്ര വനംമന്ത്രി ഭൂപേന്ദർ യാദവ് ഇക്കാര്യത്തെക്കുറിച്ച് അറിയില്ലെന്നാണ് പ്രതികരിച്ചത്.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Wayanad,Kerala
First Published :
February 26, 2024 7:13 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
കർണാടക സർക്കാർ പ്രഖ്യാപിച്ച 15 ലക്ഷം രൂപ അജീഷിന്റെ കുടുംബം നിരസിച്ചു; നടപടി ബിജെപി വിവാദമാക്കിയ സാഹചര്യത്തിൽ