കോഴിക്കോട്: കഴിഞ്ഞദിവസമാണ് അഖിലേന്ത്യ പ്രതിഷേധവാരത്തിന്റെ ഭാഗമായി സിപിഎൈ(എം) ഒരു പോസ്റ്റർ പുറത്തിറക്കിയത്. യു എ പി എ, എൻ എസ് എ, രാജ്യദ്രോഹനിയമം എന്നിവ പ്രകാരം ജയിലിലടച്ച എല്ലാ രാഷ്ട്രീയത്തടവുകാരെയും വിട്ടയയ്ക്കുക എന്നതായിരുന്നു പോസ്റ്ററിലെ ആവശ്യം. പോസ്റ്ററിനെതിരെ നിരവധി വിമർശനങ്ങൾ ആണ് ഉയർന്നു വന്നത്. ഓഗസ്റ്റ് 20 മുതൽ 26 വരെയാണ് പ്രതിഷേധവാരം.
ഈ പോസ്റ്ററിനെതിരെ ഇപ്പോൾ രംഗത്തെത്തിയിരിക്കുകയാണ് സബിത ശേഖർ. സംസ്ഥാനത്തെ സിപിഐ (എം) സർക്കാർ യുഎപിഎ ചുമത്തി ജയിലിൽ അടച്ച അലൻ ഷുഹൈബിന്റെ അമ്മയാണ് സബിത. പോസ്റ്ററിനു താഴെയാണ് സബിത തന്റെ പ്രതിഷേധം രേഖപ്പെടുത്തിയത്. 'കോവിഡ് കാലത്തെ ഏറ്റവും വലിയ തമാശ'യെന്നാണ് സബിത കമന്റ് ചെയ്തിരിക്കുന്നത്.
![]()
സി പി എം പാർട്ടി അംഗങ്ങളായ അലൻ ഷുഹൈബിനെയും താഹ ഫസലിനെയും മാവോയിസ്റ്റ് ബന്ധം ആരോപിച്ചാണ് യുഎപിഎ ചുമത്തി ജയിലിൽ അടച്ചത്. സിപിഎം സംസ്ഥാനം ഭരിക്കുന്ന സമയത്ത് തന്നെ പാർട്ടി അംഗങ്ങളായ വിദ്യാർത്ഥികളെ യുഎപിഎ ചുമത്തി ജയിലിൽ അടച്ചതിനെതിരെ പാർട്ടിക്കുള്ളിലും പ്രതിഷേധം ഉയർന്നിരുന്നു.
കണ്ണൂർ സ്കൂൾ ഓഫ് ലീഗൽ സ്റ്റഡീസിലെ രണ്ടാംവർഷ വിദ്യാർത്ഥിയായിരുന്ന അലൻ ഷുഹൈബ് സിപിഎം മീഞ്ചന്ത ബ്രാഞ്ച് കമ്മിറ്റി അംഗമായിരുന്നു. സിപിഎം പാറമേൽ ബ്രാഞ്ച് കമ്മിറ്റി അംഗമായ താഹ ഫസൽ കണ്ണൂർ സ്കൂൾ ഓഫ് ജേണലിസത്തിലെ വിദ്യാർത്ഥി ആയിരുന്നു. മാവോയിസ്റ്റ് ബന്ധം ആരോപിച്ച് കഴിഞ്ഞവർഷം നവംബർ ഒന്നിനാണ് അലൻ ഷുഹൈബിനെയും താഹ ഫസലിനെയും പന്തീരങ്കാവ് പൊലീസ് അറസ്റ്റ് ചെയ്തത്. നിരോധിച്ച മാവോയിസ്റ്റ് സംഘടനയുടെ ലഘുലേഖകളും ബാനറുകളും ഇവരിൽ നിന്ന് കണ്ടെടുത്തെന്നാണ് പൊലീസ് പറഞ്ഞത്.
വിവിധങ്ങളായ 16 ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് ഓഗസ്റ്റ് 23നാണ് സിപിഐ (എം) സത്യാഗ്രഹം നടത്തുന്നത്. വൈകുന്നേരം നാലുമണിമുതൽ നാലര വരെയായി സംഘടിപ്പിക്കുന്ന സത്യാഗ്രഹത്തിൽ കേരളത്തിൽ നിന്ന് അഞ്ചു ലക്ഷം കേന്ദ്രങ്ങളിലായി 20 ലക്ഷമാളുകൾ പങ്കെടുക്കുമെന്നാണ് സംഘാടകർ പറയുന്നത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.