കൊച്ചി: തൃക്കാക്കര ഉപതെരഞ്ഞടുപ്പിൽ (Thrikkakara By-Election Result)ജനവിധി അംഗീകരിക്കുന്നുവെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ (Kodiyeri Balakrishnan). ഇടതുപക്ഷത്തിന്റെ പരാജയത്തിൽ പ്രാഥമിക വിലയിരുത്തൽ നടത്തി. ഇടതുപക്ഷ വിരുദ്ധ ശക്തികൾ യോജിച്ചു. അതാണ് യുഡിഎഫ് ഭൂരിപക്ഷ ഉയരാൻ കാരണമെന്നും കോടിയേരി പറഞ്ഞു.
ബിജെപിയുടെ വോട്ട് കുറഞ്ഞതും ട്വന്റി-ട്വന്റി സ്ഥാനാർത്ഥിയെ നിർത്താത്തും യുഡിഎഫിന്റെ ഭൂരിപക്ഷം ഉയർത്താൻ കാരണമായി. ഒരു തെരഞ്ഞെടുപ്പിൽ തോറ്റാൽ എല്ലാം അവസാനിച്ചു എന്ന ധാരണ തങ്ങൾക്കില്ലെന്നും കോടിയേരി പറഞ്ഞു.
തൃക്കാക്കരയിൽ പ്രതീക്ഷിച്ച മുന്നേറ്റം ഉണ്ടാക്കാൻ കഴിഞ്ഞില്ല. ജോ ജോസഫ് സഭയുടെ സ്ഥാനാർത്ഥിയാണെന്ന പ്രചരണം ബാധിച്ചിട്ടില്ല. ജാഗ്രതയോടെ പ്രവർത്തിക്കണം എന്ന മുന്നറിയിപ്പാണ് തിരഞ്ഞെടുപ്പ് ഫലം നൽകുന്നത്. പഠിച്ച് ആവശ്യമായ തിരുത്തലുകൾ വരുത്തും. കോൺഗ്രസിനെ വില കുറച്ച് കാണേണ്ടതില്ല. ഏത് പ്രതികൂല സാഹചര്യത്തിലും ജയിക്കുന്ന 30 സീറ്റ് യുഡിഫിനുണ്ട്. അതിൽ ഒന്നാണ് തൃക്കാക്കര.
കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ ബിജെപിക്ക് ലഭിച്ച വോട്ട് ഇത്തവണ കുറഞ്ഞുവെന്നും 2016-ലെ തിരഞ്ഞെടുപ്പ് തൊട്ട് ബിജെപിയുടെ വോട്ടില്‍ ക്രമാനുഗതമായ കുറവ് വരുന്നുണ്ടെന്നും കോടിയേരി ചൂണ്ടിക്കാട്ടി.
അതേസമയം, ഇടതുപക്ഷത്തിന്റെ തോൽവിക്ക് കെ റെയിലുമായി ബന്ധമില്ലെന്നും അത് ഒരു മണ്ഡലത്തിൽ മാത്രം ഉള്ളതല്ലെന്നും പറഞ്ഞ കോടിയേരി അനുമതി എല്ലാം ലഭിച്ചാൽ പദ്ധതിയുമായി മുന്നോട്ട് പോകുമെന്നും വ്യക്തമാക്കി.
Published by:Naseeba TC
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.