ലോക്ക്ഡൗൺ ലംഘനത്തിന് നോട്ടീസുമായി പോലീസ്: ബി.ജെ.പി. യോഗം ജില്ലാ കമ്മിറ്റി ഓഫീസിലേക്ക് മാറ്റി
- Published by:Aneesh Anirudhan
- news18-malayalam
Last Updated:
ആദ്യം നിശ്ചയിച്ചിരുന്ന ഹോട്ടലില്‍ ലോക്ക്ഡൗണ്‍ നിയമലംഘനം ചൂണ്ടിക്കാട്ടി പോലീസ് നോട്ടീസ് നല്‍കിയതിനെ തുടര്‍ന്നാണ് യോഗം ജില്ലാ കമ്മിറ്റി ഓഫീസിലേക്ക് മാറ്റിയത്.
കൊച്ചി: ലോക്ക്ഡൗൺ ലംഘനം ചൂണ്ടിക്കാട്ടി പൊലീസ് നോട്ടീസ് നൽകിയതിനു പിന്നാലെ ബിജെപി കോര്‍ കമ്മിറ്റി യോഗ സ്ഥലം മാറ്റി. ബിജെപി എറണാകുളം ജില്ലാ കമ്മിറ്റി ഓഫീസിൽ കോർ കമ്മിറ്റി ചേരാനാണ് തീരുമാനിച്ചിരിക്കുന്നത്. ആദ്യം നിശ്ചയിച്ചിരുന്ന ഹോട്ടലില്‍ ലോക്ക്ഡൗണ്‍ നിയമലംഘനം ചൂണ്ടിക്കാട്ടി പോലീസ് നോട്ടീസ് നല്‍കിയതിനെ തുടര്‍ന്നാണിത്.
സ്വകാര്യ ഹോട്ടലിലായിരുന്നു യോഗം നടത്താന്‍ തീരുമാനിച്ചിരുന്നത്. എന്നാല്‍ നിലവിലെ കോവിഡ് പശ്ചാത്തലത്തില്‍ ഹോട്ടലില്‍ യോഗനടപടികള്‍ നടത്താന്‍ അനുവദിക്കില്ലെന്ന് പോലീസ് നോട്ടീസ് നല്‍കിയിരുന്നു. ഹോട്ടല്‍ തുറക്കാനോ പ്രവര്‍ത്തിക്കാനോ പാടില്ലെന്ന് നിര്‍ദേശം നല്‍കി. തുടര്‍ന്ന് ജില്ലാ കമ്മിറ്റി ഓഫീസിലേക്ക് യോഗം മാറ്റിയെന്നാ നേതക്കൾ മാധ്യമങ്ങളെ അറിയിക്കുകയായിരുന്നു.
മൂന്നു മണിയ്ക്ക് ചേരാനിരുന്ന കോർ കമ്മിറ്റിയ്ക്ക് മുന്നോടിയായി പി. കെ. കൃഷ്ണദാസ് അടക്കമുള്ള നേതാക്കൾ ഹോട്ടലിൽ എത്തിയിരുന്നു. നേരത്തെ യോഗത്തിന്റെ വിശദാംശങ്ങളും നിയമപരമായി നടത്താനുള്ള സാധുതയും പോലീസ് പരിശോധിച്ചിരുന്നു. യോഗത്തിൽ പങ്കെടുക്കുന്ന ബിജെപി നേതാക്കൾ ഹോട്ടലിലേക്ക് എത്തികൊണ്ടിരിക്കുന്നതിനിടെയാണ് നടപടി. പത്തു പേർ മാത്രമാണ് യോഗത്തിൽ പങ്കെടുക്കുന്നതെന്നായിരുന്നു ബി ജെ പിയുടെ വിശദീകരണം.
advertisement
കൊടകര കുഴൽപ്പണ കേസ് അന്വേഷണം സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രനിലേക്കും മകനിലേക്കും നീങ്ങുന്ന ഘട്ടത്തിൽ ബി.ജെ.പിയെ സംബന്ധിച്ച് ഏറെ നിർണായകമാണ് ഇന്നത്തെ കോർ കമ്മിറ്റിയോഗം. അതേസമയം കൊടകര കുഴല്‍പ്പണക്കേസില്‍ ഉപ്പുതിന്നവന്‍ വെള്ളം കുടിക്കുമെന്ന് ബി.ജെ.പി മുൻ സംസ്ഥാന അധ്യക്ഷനും ദേശീയ സമിതി അംഗവുമായ സി.കെ. പത്മനാഭന്‍ പറഞ്ഞിരുന്നു. അത് പ്രകൃതി നിയമമാണെന്നും അദ്ദേഹം പറഞ്ഞു. പരിസ്ഥിതി മാത്രമല്ല രാഷ്ട്രീയ രംഗവും മലീമസമായിരിക്കുകയാണെന്നും പ്രകൃതി സംരക്ഷണ ദിനത്തില്‍ ആ ഒരുവാക്ക് മാത്രമേ തനിക്ക് പറയാനുള്ളൂവെന്നും പത്മനാഭന്‍ വ്യക്തമാക്കി.
advertisement
കൊടകര കുഴല്‍പ്പണക്കേസില്‍ ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രനിലേക്ക് അന്വേഷണം നീളുകയാണെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു. നിയമസഭാ തെരഞ്ഞെടുപ്പില്‍ കെ. സുരേന്ദ്രന്‍ മത്സരിച്ച കോന്നിയില്‍ നിന്ന് അന്വേഷണ സംഘം വിവരങ്ങള്‍ ശേഖരിച്ചതോടെ സുരേന്ദ്രന് മേലുള്ള കുരുക്ക് മുറുകകയാണ്. ഈ സാഹചര്യത്തിലാണ് സി കെ പദ്മനാഭന്‍റെ പ്രതികരണം വന്നിരിക്കുന്നത്.
കൊടകര കുഴൽപ്പണ കേസ് അന്വേഷിക്കുന്ന സംഘം ബി.ജെ.പി നേതാക്കള്‍ താമസിച്ച ഹോട്ടലിലെത്തി രേഖകള്‍ പരിശോധിച്ചു. അതിനിടെ കെ. സുരേന്ദ്രന്റെ സെക്രട്ടറിയെ പൊലീസ് ചോദ്യം ചെയ്തു. ചോദ്യം ചെയ്യലിന് ഹാജരാകണമെന്നാവശ്യപ്പെട്ട് സെക്രട്ടറിക്ക് അന്വേഷണ സംഘം നോട്ടീസ് നല്‍കിയിരുന്നു. ഡ്രൈവറെയും അന്വേഷണം സംഘം ചോദ്യം ചെയ്യും.
advertisement
വിവാദങ്ങൾ മുറുകുന്നതിനിടെ ബിജെപി സംസ്ഥാന കോർ കമ്മിറ്റി യോഗം നാളെ ചേരും. കുഴൽപ്പണ കേസ് വിവാദം, തെരഞ്ഞെടുപ്പ് തോൽവി എന്നിവ ചർച്ചയാകും.
മഞ്ചേശ്വരത്ത് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്റെ അപരനായി പത്രിക നല്‍കിയ കെ സുന്ദരയ്ക്ക് പിന്മാറാന്‍ രണ്ടര ലക്ഷം കിട്ടിയെന്ന് വെളിപ്പെടുത്തല്‍. 15 ലക്ഷം രൂപയാണ് ചോദിച്ചതെന്നും രണ്ടര ലക്ഷം രൂപയും ഒരു സ്മാർട്ട് ഫോണും നൽകിയെന്നുമാണ് സുന്ദര വെളിപ്പെടുത്തിയിരിക്കുന്നത്. ജയിച്ചു കഴിഞ്ഞാല്‍ ബാക്കി നോക്കാമെന്ന് സുരേന്ദ്രന്‍ ഉറപ്പ് നല്‍കിയതായും സുന്ദര വെളിപ്പെടുത്തി. പ്രാദേശിക ബിജെപി നേതാക്കളാണ് വീട്ടില്‍ പണം എത്തിച്ചതെന്നും കെ.സുരേന്ദ്രന്‍ ഫോണില്‍ ബന്ധപ്പെട്ടിരുന്നുവെന്നും സുന്ദര പറഞ്ഞു.
advertisement
ഇത്തവണ ബി എസ് പി സ്ഥാനാര്‍ഥിയായി നാമനിര്‍ദേശ പത്രിക നല്‍കിയ സുന്ദര പിന്നീട് പത്രിക പിന്‍വലിക്കുകയായിരുന്നു. പത്രിക പിന്‍വലിക്കുന്നതിന്റെ തലേദിവസം ഇയാളെ കാണാനില്ലെന്ന് ബി എസ് പി ജില്ലാ നേതൃത്വം പൊലീസില്‍ പരാതി നല്‍കിയിരുന്നു. തുടര്‍ന്ന് അടുത്ത ദിവസം ബിജെപി മഞ്ചേശ്വരം തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസില്‍ പ്രത്യക്ഷപ്പെട്ട സുന്ദര അവിടെ വെച്ച് മാധ്യമങ്ങളെ കണ്ട് താന്‍ സ്ഥാനാര്‍ഥിത്വത്തില്‍ നിന്ന് പിന്‍മാറുകയാണെന്ന് പ്രഖ്യാപിച്ചു.
advertisement
പണം വീട്ടിലെത്തി അമ്മയുടെ കൈയ്യില്‍ കൊടുക്കുകയായിരുന്നുവെന്നും സുന്ദര പറയുന്നു. കെ സുരേന്ദ്രന്‍ മഞ്ചേശ്വരത്ത് വിജയിച്ച് കഴിഞ്ഞാലും സുന്ദരക്ക് വലിയ വാഗ്ദാനങ്ങളാണ് നല്‍കിയത്. സുരേന്ദ്രൻ ജയിച്ചാൽ മംഗലാപുരത്ത് ബിയർ- വൈൻ പാർലർ നൽകാമെന്ന് വാഗ്ദാനം നൽകിയിരുന്നുവെന്നും സുന്ദര വെളിപ്പെടുത്തുന്നു.
''അഞ്ചാറാള് വൈകിട്ട് വന്നു. നോമിനേഷന്‍ പിന്‍വലിക്കണം എന്ന് പറഞ്ഞു. ഞാന്‍ ബിഎസ്പിക്കാരോട് ചോദിക്കട്ടെയെന്ന് പറഞ്ഞു. എന്റെ വീട്ടിനടുത്തുള്ള സുരേഷ് നായിക് അവരോട് പത്രിക പിന്‍വലിക്കാം എന്ന് പറഞ്ഞു. അങ്ങനെ സമ്മര്‍ദം ചെലുത്തി. സുരേന്ദ്രേട്ടന്‍ ജയിക്കണം ഇക്കുറി എന്നും പറഞ്ഞു. രണ്ട് ലക്ഷം രൂപ തന്നു. ഫോണും തന്നു. നേരത്തെ എനിക്ക് വാട്സാപ്പുള്ള ഫോണ്‍ ഉണ്ടായിരുന്നില്ല. പതിനഞ്ച് ചോദിച്ചു. രണ്ട് തന്നു. വീട്ടില്‍ വന്ന് അമ്മയുടെ കൈയില്‍ ക്യാഷ് ആയിട്ട് തന്നു. സുരേന്ദ്രന്‍ ഫോണില്‍ വിളിച്ചിരുന്നു. ജയിച്ച് കഴിഞ്ഞാല്‍ വൈന്‍ ഷോപ്പും വീടും വേണമെന്ന് ഞാന്‍ പറഞ്ഞു. അത് ചെയ്യാമെന്ന് എന്നോട് പറഞ്ഞു. കര്‍ണാടകത്തില്‍ ആണ് ഞാന്‍ വൈന്‍ ഷോപ്പ് ആവശ്യപ്പെട്ടത്.''- സുന്ദര ഒരു വാർത്താചാനലിനോട് വെളിപ്പെടുത്തി.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
June 06, 2021 3:21 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
ലോക്ക്ഡൗൺ ലംഘനത്തിന് നോട്ടീസുമായി പോലീസ്: ബി.ജെ.പി. യോഗം ജില്ലാ കമ്മിറ്റി ഓഫീസിലേക്ക് മാറ്റി


