ബിജെപി നേതാക്കൾ ഹെലികോപ്ടറിൽ പറന്നു; പാര്‍ട്ടി വോട്ട് പറന്നുപോയി
- Published by:Rajesh V
- news18-malayalam
Last Updated:
കഴിഞ്ഞ ദിവസം നടന്ന ജില്ലാ പ്രസിഡന്റുമാരുടെയും സംസ്ഥാന ഭാരവാഹികളുടെയും ഓൺലൈൻ യോഗത്തിൽ ആയിരുന്നു വിമർശനം.
തിരുവനന്തപുരം: തെരഞ്ഞെടുപ്പ് അവലോകനം ചെയ്യാൻ വിളിച്ചുചേർത്ത ബിജെപി നേതൃയോഗത്തിൽ ഉയർന്നത് രൂക്ഷമായ വിമർശനങ്ങൾ. നേതാക്കൾ ഹെലികോപ്ടറി കറങ്ങിയപ്പോൾ ബൂത്ത് തല വോട്ടുകൾ ഒലിച്ചുപോയെന്നും അതു തടയാൻ ശ്രമമുണ്ടായില്ലെന്നുമാണ് ഒരു വിമർശനം. ഹെലികോപ്റ്ററിൽ കറങ്ങാൻ പണം പൊടിപൊടിച്ചെങ്കിലും ബൂത്തുകളിൽ പ്രവർത്തനത്തിനുള്ള സാമ്പത്തിക സഹായം ചുരുക്കിയതും തിരിച്ചടിയായി. പ്രവർത്തകരെ ഏകോപിപ്പിക്കാനും സംവിധാനമുണ്ടായില്ലെന്ന കുറ്റപ്പെടുത്തലുമുണ്ടായി.
കഴിഞ്ഞ ദിവസം നടന്ന ജില്ലാ പ്രസിഡന്റുമാരുടെയും സംസ്ഥാന ഭാരവാഹികളുടെയും ഓൺലൈൻ യോഗത്തിൽ ആയിരുന്നു വിമർശനം. ദേശീയ സംഘടനാ ജനറൽ സെക്രട്ടറി ബി എൽ സന്തോഷ്, കേരളത്തിന്റെ ചുമതലയുണ്ടായിരുന്ന പ്രഹ്ളാദ് ജോഷി ഉൾപ്പെടെ നേതാക്കളും യോഗത്തിൽ പങ്കെടുത്തിരുന്നു.
ഹെലികോപ്ടർ പ്രചാരണം
തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി മൂന്ന് കോപ്റ്ററുകളാണ് കേരളത്തിലേക്ക് ബിജെപി വാടകയ്ക്കെടുത്തത്. രണ്ട് മണ്ഡലങ്ങളിൽ മത്സരിച്ച സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രനും കേരളത്തിലെ പ്രവർത്തനം ഏകോപിപ്പിച്ച കേന്ദ്രമന്ത്രി വി മുരളീധരനും പിന്നെ കേരളത്തിലെത്തുന്ന കേന്ദ്രനേതാക്കൾക്കും വേണ്ടിയായിരുന്നു ഇവ.
advertisement
Also Read- Petrol Diesel Price| രണ്ട് ദിവസത്തെ ഇടവേളയ്ക്ക് ശേഷം പെട്രോൾ, ഡീസൽ വില വീണ്ടും വർധിപ്പിച്ചു
ഒരു എഞ്ചിൻ ഉള്ള കോപ്ടറിന് 2 മണിക്കൂറിന് 2 ലക്ഷം രൂപയായിരുന്നു വാടക. ഇരട്ട എഞ്ചിൻ ഹെലികോപ്ടറിന് 2 മണിക്കൂറിന് 4 ലക്ഷം വരെയും. കോന്നിയിലും മഞ്ചേശ്വരത്തും മത്സരിച്ച കെ സുരേന്ദ്രന് 2 ദിവസം കൂടുമ്പോൾ പറക്കേണ്ടി വന്നു. ഇരു മണ്ഡലങ്ങളും തമ്മിൽ 400 കിലോമീറ്ററിലധികം ദൂരമുണ്ട്. കോപ്റ്ററുകൾ ദിവസം 5 മണിക്കൂറുകളെങ്കിലും പറന്നിട്ടുണ്ടെന്നാണ് കണക്ക്.
advertisement
സുരേന്ദ്രൻ രണ്ടിടത്ത് മത്സരിക്കുന്നതിനോട് സംസ്ഥാന നേതൃത്വം എതിർപ്പുന്നയിച്ചെങ്കിലും ശബരിമല വിഷയം ചൂണ്ടിക്കാട്ടി കോന്നിയിൽ കൂടി മത്സരിക്കാൻ സുരേന്ദ്രനോട് കേന്ദ്ര നേതൃത്വം നിർദേശിക്കുകയായിരുന്നു. മഞ്ചേശ്വരത്ത് ജയസാധ്യതയുള്ളതിനാൽ അവിടെയും നിൽക്കാൻ നിർദേശിച്ചു.
ഞെട്ടിച്ച് ബൂത്തുതലത്തിലെ വീഴ്ച
ഒരു പാർട്ടിക്കും അവകാശപ്പെടാൻ കഴിയാത്തത്ര കെട്ടുറപ്പുള്ള ബൂത്ത് തല സംവിധാനം തങ്ങൾക്ക് ഉണ്ടെന്നാണ് ബി ജെ പി അവകാശപ്പെട്ടിരുന്നത്. വോട്ടർ പട്ടികയുടെ ഓരോ പേജിലെയും വോട്ടർമാരെ നിരന്തരം കാണാൻ 3 പേരെ വരെയാണ് ചുമതലപ്പെടുത്തിയത്. ഇവരാണ് പേജ് പ്രമുഖ്മാർ. ചില ഇടങ്ങളിൽ ഇതു വീതിച്ചു നൽകി അർധ പേജ് പ്രമുഖ്മാർ വരെ നിശ്ചയിക്കപ്പെട്ടു. പേജ് പ്രമുഖ്മാരെ ഏകോപിപ്പിക്കാൻ ബൂത്ത് തല മാനേജ്മെന്റ് കമ്മിറ്റി, ഇത്തരം 5 കമ്മിറ്റികളെ ഏകോപിപ്പിക്കാൻ ശക്തി കേന്ദ്ര. ശക്തികേന്ദ്രയുടെ ചുമതല ബിജെപിയുടെ നേതാവിനും സ്ഥലത്തെ ആർഎസ്എസ് ചുമതലയുള്ളയാൾക്കുമായിരുന്നു. ബിജെപി നേതാക്കൾക്ക് പുറമേ ആർഎസ്എസ് സംയോജകരും ബൂത്ത് തലത്തിൽ വരെ നിയമിക്കപ്പെട്ടു. എന്നിട്ടും വോട്ട് ചോർന്നുവെന്നതാണ് ബിജെപിയെ ഞെട്ടിച്ചിരിക്കുന്നത്.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
May 10, 2021 8:48 AM IST