മുക്കുപണ്ടം അണിയിച്ചെന്നാരോപിച്ച് വരന്റെ വീട്ടുകാരുടെ അധിക്ഷേപം; വധു വിവാഹത്തിൽ നിന്ന് പിന്മാറി
- Published by:Sneha Reghu
- news18-malayalam
Last Updated:
വിവാഹത്തിനായി വരന്റെ വീട്ടുകാർ തന്റെ കയ്യിൽ നിന്നും നാലരപ്പവന്റെ മാലയും കല്യാണച്ചെലവിന് 50,000 രൂപയും വാങ്ങിയതായി പെണ്‍കുട്ടിയുടെ അമ്മ പൊലീസിനോട് പറഞ്ഞു
ആലപ്പുഴ: സ്വർണത്തിനൊപ്പം ഇമിറ്റേഷൻ ആഭരണങ്ങൾ ധരിക്കാനുള്ള ആഗ്രഹത്തെ വരന്റെ വീട്ടുകാർ എതിർത്തതിനെ തുടർന്ന് വധു വിവാഹത്തിൽ നിന്നും പിന്മാറി. വിവാഹത്തലേന്ന് പൊലീസ് സ്റ്റേഷനിൽ വച്ച് ഇരുവീട്ടുകാരും തമ്മിൽ സംസാരിക്കുന്നതിനിടയിലാണ് പെൺകുട്ടി വിവാഹത്തിൽ നിന്നും പിന്മാറിയത്.
ഹരിപ്പാടിനടുത്തുള്ള ക്ഷേത്രത്തിൽ വച്ച് വ്യാഴാഴ്ച വിവാഹം നടക്കാനിരിക്കെയാണ് യുവതിയുടെ പിന്മാറ്റം. രണ്ടുവർഷം മുൻപാണ് വിവാഹനിശ്ചയം കഴിഞ്ഞത്. വധുവിന്റെ വീട്ടുകാർ 15 പവന്റെ ആഭരണങ്ങൾ വാങ്ങിയിരുന്നു. ഇതിനോടൊപ്പം മുക്കുപണ്ടത്തിന്റെ ആഭരണങ്ങളും അണിയിക്കുമെന്ന് വധുവിന്റെ അമ്മ വരന്റെ വീട്ടുകാരെ അറിയിച്ചിരുന്നു. എന്നാൽ, മുക്കുപണ്ടം അണിയിച്ചുള്ള കല്യാണം വേണ്ടെന്ന രീതിയിൽ വരന്റെ വീട്ടുകാർ സംസാരിച്ചതാണ് പ്രശ്നങ്ങൾക്ക് കാരണം.
വിവാഹത്തിന് മൂന്നു ദിവസം മുന്നെ വധുവിന്റെ വീട്ടിൽ ഹൽദി ആഘോഷം നടന്നപ്പോൾ വരന്റെ ബന്ധുക്കളില്‍ ചിലർ വധുവിന് മുക്കുപണ്ടമാണ് അണിയിക്കുന്നതെന്ന രീതിയിൽ ആക്ഷേപം ഉയർന്നു. തുടർന്നാണ് വധുവിന്റെ ബന്ധുക്കൾ പരാതി നൽകിയത്. സ്റ്റേഷനിൽ നടന്ന മധ്യസ്ഥ ചർച്ചയിൽ വിവാഹത്തിന് സമ്മതമാണെന്ന നിലപാട് ആദ്യം സ്വീകരിച്ചെങ്കിലും പിന്നീട് ആഭരണത്തിന്റെ പേരിൽ ആക്ഷേപിച്ചതിനാൽ വിവാഹത്തിന് താത്പര്യമില്ലെന്ന് പെൺകുട്ടി പറഞ്ഞു. വിവാഹത്തിൽ നിന്നും പിന്മാറുന്നതായി പെൺകുട്ടിയിൽ നിന്നും പൊലീസ് എഴുതി വാങ്ങുകയും ചെയ്തു.
advertisement
വിവാഹത്തിനായി വരന്റെ വീട്ടുകാർ തന്റെ കയ്യിൽ നിന്നും നാലരപ്പവന്റെ മാലയും കല്യാണച്ചെലവിന് 50,000 രൂപയും വാങ്ങിയതായി പെണ്‍കുട്ടിയുടെ അമ്മ പൊലീസിനോട് പറഞ്ഞു. ഇതിനെ തുടർന്ന്, ഇതും നിശ്ചയത്തിന് ചെലവായ രണ്ടരലക്ഷം രൂപയും കല്യാണ ഒരുക്കത്തിന് ചിലവായ തുകയും മടക്കികിട്ടാൻ നിയമനടപടി സ്വീകരിക്കുമെന്ന് വധുവിന്റഎ വീട്ടുകാർ പറഞ്ഞു.
ഇരുവരുടെയും വീട്ടുകാരുമായി സംസാരിച്ചെന്നും കല്യാണം വേണ്ടെന്നു പെണ്‍കുട്ടി പറഞ്ഞതിനാല്‍ അതനുസരിച്ചുള്ള തീരുമാനമെടുക്കുകയായിരുന്നെന്നും പൊലീസ് വ്യക്തമാക്കി.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Alappuzha,Kerala
First Published :
May 09, 2025 12:20 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
മുക്കുപണ്ടം അണിയിച്ചെന്നാരോപിച്ച് വരന്റെ വീട്ടുകാരുടെ അധിക്ഷേപം; വധു വിവാഹത്തിൽ നിന്ന് പിന്മാറി