HOME » NEWS » Kerala » CABINET DECISION TO WITHDRAW CASES RELATED TO SABARIMALA AGITATION AND ANTI CAA PROTEST

ശബരിമല പ്രക്ഷോഭം; പൗരത്വനിയമ പ്രതിഷേധം; കേസുകള്‍ പിന്‍വലിക്കാന്‍ മന്ത്രിസഭാ തീരുമാനം‌

ശബരിമല സമരവുമായി ബന്ധപ്പെട്ട കേസുകള്‍ പിന്‍വലിക്കണമെന്ന് എന്‍ എസ് എസ് അടക്കമുള്ള സംഘടനകളും കോൺഗ്രസും ബി ജെ പിയും ആവശ്യപ്പെട്ടിരുന്നു.

News18 Malayalam | news18-malayalam
Updated: February 24, 2021, 12:18 PM IST
ശബരിമല പ്രക്ഷോഭം; പൗരത്വനിയമ പ്രതിഷേധം; കേസുകള്‍ പിന്‍വലിക്കാന്‍ മന്ത്രിസഭാ തീരുമാനം‌
പ്രതീകാത്മക ചിത്രം
  • Share this:
തിരുവനന്തപുരം: ശബരിമല യുവതീ പ്രവേശനം, പൗരത്വനിയമം എന്നിവയുമായി ബന്ധപ്പെട്ട പ്രതിഷേധങ്ങളുടെ പേരിൽ എടുത്ത കേസുകൾ പിൻവലിക്കാൻ സംസ്ഥാന മന്ത്രിസഭാ യോഗം തീരുമാനിച്ചു. ഗുരുതര ക്രിമിനല്‍ സ്വഭാവം ഇല്ലാത്ത കേസുകൾ പിൻവലിക്കാനാണ് തീരുമാനം. ശബരിമല സമരവുമായി ബന്ധപ്പെട്ട കേസുകള്‍ പിന്‍വലിക്കണമെന്ന് എന്‍ എസ് എസ് അടക്കമുള്ള സംഘടനകളും കോൺഗ്രസും ബി ജെ പിയും ആവശ്യപ്പെട്ടിരുന്നു. നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന പശ്ചാത്തലത്തിലാണ് സർക്കാരിന്റെ തീരുമാനം. ഐശ്വര്യ കേരള യാത്രയിൽ അടക്കം ശബരിമല വിഷയം യു ഡി എഫ് ഉയർത്തിക്കാട്ടിയിരുന്നു. ഈ സാഹചര്യത്തിലാണ് വിശ്വാസികളെ ഒപ്പം നിർത്തുക എന്ന ലക്ഷ്യത്തോടെ കേസുകൾ പിൻവലിക്കാൻ സർക്കാർ തീരുമാനിച്ചത്.

Also Read- ഗോൾഫ് ഇതിഹാസം ടൈഗര്‍ വുഡ്‌സിന് കാറപകടത്തിൽ ഗുരുതര പരിക്ക്; ശസ്ത്രക്രിയക്ക് വിധേയനാക്കി

സര്‍ക്കാരിന്റെ വൈകിവന്ന വിവേകമാണിതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല മന്ത്രിസഭാ തീരുമാനത്തോട്  പ്രതികരിച്ചു. ഗത്യന്തരമില്ലാതെയുള്ള തീരുമാനമാണിതെന്ന് മുസ്ലിം ലീഗും അഭിപ്രായപ്പെട്ടു. അധികാരത്തില്‍വന്നാല്‍ ശബരിമല പ്രക്ഷോഭ കേസുകള്‍ പിന്‍വലിക്കുമെന്ന് നേരത്തെ യു ഡി എഫ് വ്യക്തമാക്കിയിരുന്നു. ശബരിമല കേസുകള്‍ പിന്‍വലിക്കാനുള്ള തീരുമാനം സ്വഗതാര്‍ഹമാണെന്ന് ബി ജെ പിയും പ്രതികരിച്ചു. രാഷ്ട്രീയ പക്ഷപാതിത്വം വെച്ചുകൊണ്ടാണ് കേസുകള്‍ എടുത്തതെന്നും ഇതുമൂലം നിരവധി യുവാക്കള്‍ക്ക് ജോലിസാധ്യതകള്‍ ഇല്ലാതായിരുന്നെന്നും ബി ജെ പി ചൂണ്ടിക്കാട്ടിയിരുന്നു.

Also Read- ഈ വർഷം സ്വകാര്യ കമ്പനികളിലെ ജീവനക്കാരുടെ ശമ്പളം 7.7 % വരെ ഉയരുമെന്ന് സർവേ റിപ്പോർട്ട്

2018ൽ ശബരിമല സ്ത്രീ പ്രവേശന വിധിക്ക് പിന്നാലെ ക്ഷേത്രം തുറന്നപ്പോൾ ഉണ്ടായ സംഘർഷങ്ങളുടെ പേരിൽ മാത്രം 543 കേസുകൾ രജിസ്റ്റർ ചെയ്തിരുന്നു. ഇതു കൂടാതെയാണ് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലുണ്ടായ പ്രതിഷേധങ്ങളുടെ പേരിൽ കേസെടുത്തത്. തുലാമാസ പൂജയ്ക്ക് ക്ഷേത്രം തുറന്നപ്പോഴുണ്ടായ അക്രമങ്ങളുടെ പേരിൽ നാലായിരത്തോളം പേരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഹര്‍ത്താല്‍, വഴി തടയല്‍, സംഘര്‍ഷം, കലാപമുണ്ടാക്കാന്‍ ശ്രമിക്കല്‍ തുടങ്ങിയ കുറ്റങ്ങളാണ് അറസ്റ്റിലായവര്‍ക്ക് മേൽ ചുമത്തിയത്. ശബരിമല പ്രതിഷേധ സമരങ്ങളുടെ പേരിലെടുത്ത കേസുകൾ പിൻവലിക്കണമെന്ന് വിവിധ ഹൈന്ദവ സംഘടനകൾ ആവശ്യപ്പെട്ട് വരികയായിരുന്നു.

Also Read- Gold Price Today| സ്വർണവില പവന് 80 രൂപ കുറഞ്ഞു; ഇന്നത്തെ നിരക്കുകൾ അറിയാം

പൗരത്വ നിയമഭേദഗതിക്കെതിരായ പ്രതിഷേധങ്ങളുടെ പേരിൽ 2020 ജനുവരി, ഫെബ്രുവരി, മാർച്ച് മാസങ്ങളില്‍ മാത്രം സമരം ചെയ്തവർക്കെതിരെ 519 കേസുകൾ രജിസ്റ്റർ ചെയ്തുവെന്ന വിവരാവകാശ രേഖ കഴിഞ്ഞ മാസം പുറത്തുവന്നിരുന്നു. മുസ്ലിം മത സംഘടനകള്‍ക്കെതിരെയാണ് ബഹുഭൂരിപക്ഷം കേസുകളുമെടുത്തിരിക്കുന്നത്. സി എ എ, എൻ ആർ സി വിരുദ്ധ സമരം ശക്തമായ സമയത്ത് സർക്കാര്‍ കള്ളക്കേസെടുക്കുന്നുവെന്ന പരാതി വിവിധ മുസ്ലിം സംഘടനകൾ ഉയർത്തിയിരുന്നു. 2020 ജനുവരി 1 മുതല്‍ മാർച്ച് 23 വരെ 519 കേസ്സുകളെടുത്തുവെന്നാണ് വിവരാവകാശ രേഖയിൽ പറയുന്നത്. ദേശീയ മനുഷ്യവകാശ ഏകോപന സമിതി കേരളത്തിലെ വിവിധ പൊലീസ് സ്റ്റേഷനുകളില്‍ നിന്നാണ് കണക്കുകളെടുത്തത്. മുസ്ലിം മത സംഘടനകള്‍ക്കും വിവിധ മഹല്ല് കമ്മിറ്റികള്‍ക്കും, വെല്‍ഫെയർ പാർട്ടി, എസ്ഡിപിഐ തുടങ്ങിയ രാഷ്ട്രീയ പാർട്ടികള്‍ക്കുമെതിരെയാണ് ബഹുഭൂരിപക്ഷം കേസുകളും.
Published by: Rajesh V
First published: February 24, 2021, 11:57 AM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories