ഉമ്മുക്കുൽസൂ... വാളയാർ മാൻപാർക്കിലെ കരോലിയും റൂബിയും ഒന്നു നീട്ടി വിളിച്ചാൽ മതി. മാൻപാർക്കിലെ പുതിയ കുസൃതിക്കുരുന്ന് ഓടിയെത്തും. രണ്ടു മാസം മുൻപാണ് കാട്ടിൽ ആടുമേയ്ക്കാൻ പോയവർ ഈ പുള്ളിമാൻ കുഞ്ഞിനെ വാളയാർ മാൻപാർക്കിലെത്തിച്ചത്. അന്നുമുതൽ പാർക്കിലെ താൽക്കാലിക വാച്ചർമാരായ കരോലിയും റൂബിയുമാണ് മാൻ കുഞ്ഞിന്റെ അമ്മമാർ.
ഇവർ മാൻകുഞ്ഞിന് പേരുമിട്ടു, ഉമ്മുക്കുൽസു. ഉമ്മുക്കുൽസുവിന് പാലും പഴവും നൽകി. ചീകിയൊരുക്കി. പൊട്ടുതൊട്ട്, കഴുത്തിൽ മാലയിട്ടു. കരോലിയും റൂബിയും മകളെപ്പോലെ, അല്ല മകളായി തന്നെ ഉമ്മുകുൽസുവിനെ വളർത്തി.
മാൻ പാർക്കിൽ റൂബിയും കരോലിയുമെത്തിയാൽ അവർ വീട്ടിലേക്ക് മടങ്ങുന്നത് വരെ ഉമ്മുക്കുൽസു ഒപ്പമുണ്ടാവും. അമ്മമാർക്കൊപ്പം കുസൃതികാണിച്ച് നടക്കുന്ന ഉമ്മുക്കുൽസു. പാർക്കിൽ മറ്റു സന്ദർശകരെത്തിയാൽ അല്പം നാണം കുണുങ്ങിയാണ്. എന്നാൽ കുസൃതി വല്ലാതെ കൂടുമ്പോൾ പുലി വരുമെന്ന് അമ്മമാരൊന്ന് പേടിപ്പിയ്ക്കും. ദേശീയപാതയോട് ചേർന്ന് കിടക്കുന്ന മാൻപാർക്കിൽ നിന്നും ഉമ്മുക്കുൽസു പുറത്ത് പോയി അപകടം പറ്റാതിരിയ്ക്കാനാണ് ഈ പേടിപ്പിക്കൽ.
You may also like:മലബാർ മേഖലയിൽ വിവാഹ- മരണ വീടുകൾ കേന്ദ്രീകരിച്ചുള്ള കോവിഡ് കേസുകൾ വർദ്ധിക്കുന്നു [NEWS]#ChallengeAccepted | ഹോളിവുഡ് മുതൽ മലയാള സിനിമാ നടിമാർ വരെ; ബ്ലാക്ക് ആന്റ് വൈറ്റ് ഫോട്ടോയ്ക്ക് പിന്നിലെന്ത്? [PHOTO] 'എന്റെ ഡിഎൻഎ എന്താണെന്ന് ജനങ്ങൾക്ക് അറിയാം; സെക്രട്ടറി സ്ഥാനത്തിരുന്ന് പറയുന്നത് പച്ച വർഗീയത' [NEWS]മറ്റു മൃഗങ്ങൾ ആക്രമിയ്ക്കുമെന്ന പേടിയാൽ ഉമ്മുക്കുൽസുവിനെ ഒറ്റയ്ക്ക് വിടാറില്ല ഇവർ. കരോലിയും റൂബിയും ജോലിയൊക്കെ കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുമ്പോൾ ഉമ്മുക്കുൽസുവിനെ പാർക്കിലെ മുറിയിലേക്ക് മാറ്റും. അവിടെ തീറ്റയും വെള്ളവും എടുത്ത് വെയ്ക്കും. വീട്ടിലെത്തിയാലും മനസ്സിൽ ഉമ്മുക്കുൽസുവാണെന്ന് കരോലിയും റൂബിയും പറയുന്നു.
ഉമ്മക്കുൽസു മാത്രമല്ല, പിന്നെയുമുണ്ട് താരങ്ങൾ![]()
ഉമ്മക്കുൽസു മാത്രമല്ല, പാർക്കിലുള്ള മുഴുവൻ മാനുകൾക്കും ഇവിടെ പേരുണ്ട്. കരോലിയും റൂബിയും മറ്റൊരു ജീവനക്കാരനായ സനിലുമാണ് പേരിടുന്നത്. പ്രിയ, പ്രിയങ്ക, രാജിക്കുട്ടി, തുളസി, സുന്ദരി, തങ്കമണി, തോമസ് തുടങ്ങി പാർക്കിലെ 28 മാനുകൾക്കും ഇവർ പേരിട്ടിട്ടുണ്ട്. എല്ലാവരെയും പേര് പറഞ്ഞാണ് വിളിയ്ക്കുക. മൃഗങ്ങൾക്ക് മനുഷ്യരേക്കാൾ സ്നേഹമുണ്ട് എന്നാണ് ഇവരുടെ പക്ഷം.
റൂബിയും കരോലിയും കരഞ്ഞ ദിവസം![]()
സുന്ദരിയുടെ മരണമാണ് ഇവരെ വല്ലാതെ വേദനിപ്പിച്ച സംഭവം. പാർക്കിലെ സുന്ദരിയെന്ന മാനിനെ പുലി പിടിയ്ക്കുക്കുകയായിരുന്നു. രണ്ടു മാസം മുൻപായിരുന്നു ഈ സംഭവം. ഒരു ദിവസം വന്നു നോക്കുമ്പോൾ സുന്ദരിയെ കാണാനില്ല. തുടർന്ന് നടത്തിയ തിരച്ചിലിലാണ് കാട്ടിൽ ചത്തു കിടക്കുന്ന സുന്ദരിയെ കണ്ടത്. അന്ന് റൂബിയും കരോലിയും സനിലും വല്ലാതെ കരഞ്ഞു. കൊല്ലങ്കോട് മേഖലയിൽ നിന്നും കൊണ്ടുവന്ന മാനാണ് സുന്ദരി. ഉമ്മുക്കുൽസുവിനെ പോലെ കുസൃതിയായിരുന്നു. എപ്പോഴും കരോലിയ്ക്കും റൂബിയ്ക്കും ഒപ്പമായിരുന്നു സുന്ദരി.
കരോലിയുടെയും റൂബിയുടെയും സ്വകാര്യ ദുഃഖം![]()
2001 മുതൽ മാൻ പാർക്കിൽ താൽക്കാലിക ജീവനക്കാരായി എത്തിയതാണ് റൂബിയും കരോലിയും. ഒപ്പം സനിലുമുണ്ട്. എന്നാൽ ഇപ്പോഴും ദിവസ വേതനക്കാരായാണ് ജോലി ചെയ്യുന്നത്. 19 വർഷമായിട്ടും ജോലി സ്ഥിരപ്പെട്ടിട്ടില്ല. പ്രായം കൂടുന്തോറും ഇവരെ വല്ലാതെ സങ്കടപ്പെടുത്തുന്ന കാര്യം ഇതാണ്. ജോലി സ്ഥിരപ്പെടുത്തുന്നതിന് സർക്കാർ നടപടി സ്വീകരിയ്ക്കണമെന്നാണ് ഇവരുടെ ആവശ്യം.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.