'ഷർട്ട് ഇസ്‌തിരിയിട്ട് വയ്‌ക്കാനോ വെള്ളം തുറന്ന് വയ്‌ക്കാനോ കഴിയില്ല, മരപ്പട്ടിയുടെ മൂത്രം വീഴും'; ക്ലിഫ് ഹൗസിന്റെ ദയനീയാവസ്ഥ പറഞ്ഞ് മുഖ്യമന്ത്രി
- Published by:Rajesh V
- news18-malayalam
Last Updated:
'വലിയ സൗകര്യങ്ങളോടെ താമസിക്കുന്നവരാണ് മന്ത്രിമാർ എന്നാണല്ലോ സാധാരണ ജനങ്ങളൊക്കെ കണക്കാക്കുന്നത്. ആ മന്ത്രിമാർ താമസിക്കുന്ന ചില വീടുകളുടെ അവസ്ഥ എന്താണ്?'
തിരുവനന്തപുരം: ക്ലിഫ് ഹൗസിന്റെ ശോചനീയാവസ്ഥ തുറന്നുപറഞ്ഞ് മുഖ്യമന്ത്രി പിണറായി വിജയൻ. സ്വന്തം കിടപ്പുമുറിയിൽ ഒരു ഗ്ലാസ് വെള്ളം അടച്ചുവച്ചില്ലെങ്കിൽ മരപ്പട്ടിയുടെ മൂത്രം വീഴുമെന്ന സ്ഥിതിയാണെന്നും അദ്ദേഹം പറഞ്ഞു. 'കേരള കേഡറിലെ ഐഎഎസ് ഉദ്യോഗസ്ഥർക്കായുള്ള ഓഫീസേഴ്‌സ് എൻക്ലേവിന്റെ ശിലാസ്ഥാപനം ആക്കുളത്ത് നിർവഹിക്കാനെത്തിയതായിരുന്നു മുഖ്യമന്ത്രി.
'വലിയ സൗകര്യങ്ങളോടെ താമസിക്കുന്നവരാണ് മന്ത്രിമാർ എന്നാണല്ലോ സാധാരണ ജനങ്ങളൊക്കെ കണക്കാക്കുന്നത്. ആ മന്ത്രിമാർ താമസിക്കുന്ന ചില വീടുകളുടെ അവസ്ഥ എന്താണ്? രാവിലെ ഇടേണ്ട ഷർട്ട് ഇസ്തിരിയിട്ട് വച്ചുവെന്ന് വിചാരിക്കുക. കുറച്ച് കഴിയുമ്പോൾ അതിനുമേൽ വെള്ളം വീഴും. ഏതാ വെള്ളം? മരപ്പട്ടി മൂത്രമൊഴിച്ച വെള്ളം. മരപ്പട്ടിയുടെ മൂത്രം വീഴുമെന്ന് പേടിച്ച് വെള്ളം പോലും തുറന്ന് വയ്‌ക്കാൻ പാടില്ല. അതിനാൽ, മതിയായ സൗകര്യങ്ങളുള്ള കെട്ടിടങ്ങൾ നിർമിക്കുമ്പോൾ അതിനാവശ്യമായ പണം ചെലവഴിക്കുന്നത് ദുർവ്യയമല്ല. എന്തിനും അനാവശ്യ വിവാദങ്ങൾ ഉയർത്തിക്കൊണ്ട് വരുന്നതാണ് കേരളത്തിന്റെ പ്രത്യേകത. വിവാദങ്ങൾ നടന്നോട്ടെ, ആവശ്യമായ കാര്യങ്ങൾ നടക്കുക എന്നതാണ് പ്രധാനം. പ്രശസ്തമായ ഗസ്റ്റ് ഹൗസുകളുടെ ഇപ്പോഴത്തെ അവസ്ഥ എന്താണ്? അതിനെ ദയാവധത്തിന് വിട്ടിരിക്കുകയാണ്. കെട്ടിടങ്ങൾ സംരക്ഷിക്കേണ്ടത് നമ്മുടെ ആവശ്യമാണ്. ' - മുഖ്യമന്ത്രി പറഞ്ഞു.
advertisement
ചടങ്ങിൽ അധ്യക്ഷത വഹിച്ച പൊതുമരാമത്ത് മന്ത്രി പി എ മുഹമ്മദ് റിയാസ് വേദിയിലിരിക്കെയാണ് ഗസ്റ്റ് ഹൗസുകളുടെ അവസ്ഥയെക്കുറിച്ച് മുഖ്യമന്ത്രി പരാമർശിച്ചത്. സബ് കളക്ടറായി നിയമിച്ച വേളിയിൽ താമസസൗകര്യത്തിന്റെ പേരിൽ അനുഭവിച്ച ബുദ്ധിമുട്ടുകൾ ചീഫ് സെക്രട്ടറി ഡോ. വി വേണു പ്രസംഗത്തിനിടെ അക്കമിട്ട് നിരത്തി. റവന്യു സെക്രട്ടറി എ ജയതിലക്, പ്ലാനിംഗ് സെക്രട്ടറി പുനീത് കുമാർ, പൊതുമരാമത്ത് വകുപ്പ് ചീഫ് എഞ്ചിനീയർ എൽ ബീന എന്നിവർ സംസാരിച്ചു.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram,Thiruvananthapuram,Kerala
First Published :
February 29, 2024 3:46 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
'ഷർട്ട് ഇസ്‌തിരിയിട്ട് വയ്‌ക്കാനോ വെള്ളം തുറന്ന് വയ്‌ക്കാനോ കഴിയില്ല, മരപ്പട്ടിയുടെ മൂത്രം വീഴും'; ക്ലിഫ് ഹൗസിന്റെ ദയനീയാവസ്ഥ പറഞ്ഞ് മുഖ്യമന്ത്രി