City Gas ഇനി തടസമില്ലാതെ പ്രകൃതി വാതകം; സിറ്റി ഗ്യാസ് വിതരണ പദ്ധതി എറണാകുളം ജില്ല മുഴുവൻ
- Published by:Gowthamy GG
- news18-malayalam
Last Updated:
നിലവിൽ കരിങ്ങാച്ചിറ - കുണ്ടന്നൂർ -ഇടപ്പള്ളി - ആലുവ വരെ പ്രകൃതി വാതക പൈപ്പ് ലൈൻ ലഭ്യമാണ്. തുടർന്ന് അങ്കമാലിയിലേക്കും പെരുമ്പാവൂരിലേക്കും കോലഞ്ചേരിയിലേക്കും വ്യാപിപ്പിക്കാനാണ് തീരുമാനം.
കൊച്ചി: സിറ്റി ഗ്യാസ് വിതരണ പദ്ധതി എറണാകുളം ജില്ലയിലെ മുഴുവൻ താലൂക്കുകളിലും നടപ്പാക്കാൻ തീരുമാനം. നിലവിൽ കരിങ്ങാച്ചിറ - കുണ്ടന്നൂർ -ഇടപ്പള്ളി - ആലുവ വരെ പ്രകൃതി വാതക പൈപ്പ് ലൈൻ ലഭ്യമാണ്. തുടർന്ന് അങ്കമാലിയിലേക്കും പെരുമ്പാവൂരിലേക്കും കോലഞ്ചേരിയിലേക്കും വ്യാപിപ്പിക്കാനാണ് തീരുമാനം.
ആറ് മുനിസിപ്പാലിറ്റികളിലും ഇതിനുള്ള പ്രവർത്തനം ആരംഭിച്ചു. തൃക്കാക്കര മുനിസിപ്പാലിറ്റിയിൽ 2500 വീടുകളിൽ നിലവിൽ ഗ്യാസ് ലഭിച്ചു തുടങ്ങിയിട്ടുണ്ട്. 1500 വീടുകളിൽ പ്ലംബിങ് ജോലികൾ പൂർത്തിയായി.
ഒൻപത് സി.എൻ.ജി സ്റ്റേഷനുകൾക്കു പുറമെ വെല്ലിങ്ങ്ടൺ ഐലൻഡ്, കാലടി, പെരുമ്പാവൂർ, പൂത്തോട്ട തുടങ്ങിയ പ്രദേശങ്ങളിൽ പ്രവൃത്തികൾ പുരോഗമിക്കുകയാണ്. പദ്ധതി നടത്തിപ്പിന് അനുവാദം നൽകാത്ത നഗരസഭകളോട് 21 ദിവസത്തിനകം തീരുമാനം എടുക്കാൻ നിർദ്ദേശം നൽകിയിരിക്കുകയാണ്.
പദ്ധതി പ്രാവർത്തികമാകുന്നതോടെ 24 മണിക്കൂറും തടസമില്ലാതെ പ്രകൃതി വാതകം ആവശ്യാനുസരണം ഓരോ വീടുകളിലും ലഭിക്കും. സാധാരണ ലഭിക്കുന്ന ഇന്ധന വാതകത്തേക്കാൾ 30 ശതമാനം വിലക്കുറവിലായിരിക്കും വാതകം ലഭിക്കുന്നത് .
advertisement
ഗാർഹിക ഉപഭോക്താക്കൾക്കു പുറമെ സി.എൻ.ജി വാഹനങ്ങൾ, വാണിജ്യ ഉപഭോക്താക്കൾ, വ്യാവസായിക ഉപഭോക്താക്കൾ എന്നിവർക്കും പദ്ധതിയുടെ പ്രയോജനം ലഭിക്കും.
സി.എൻ.ജി വാഹനങ്ങളിൽ വാതകം ഉപയോഗിക്കുമ്പോൾ അന്തരീക്ഷ മലിനീകരണത്തിന്റെ തോത് കുറയ്ക്കാനാവുമെന്ന നേട്ടമുണ്ട്.
വാതകത്തിന്റെ സാന്ദ്രത മറ്റ് പാചക വാതകത്തേക്കാൾ വളരെ കുറവാണ്. ഇത് ഉപയോഗവും സുരക്ഷിതമാക്കുന്നു.
നിലവിലെ വെള്ളത്തിന്റെയും വൈദ്യുതിയുടെയും ബില്ലുകൾ പോലെ ഉപയോഗത്തിന് അനുസൃതമായി മീറ്റർ റീഡിങ് പ്രകാരമാണ് ഗ്യാസിന്റെ ബില്ലുകളും അടയ്‌ക്കേണ്ടത്.
ഗാർഹിക ഉപഭോക്താക്കൾക്ക് ഒരു യൂണിറ്റിന് (മെട്രിക് മില്യൺ ബ്രിട്ടീഷ് തെർമൽ യൂണിറ്റ്) 752.92 രൂപയാണ് വില. വാണിജ്യ ഉപഭോക്താക്കൾക്ക് 850.33 രൂപയും വ്യാവസായിക ഉപഭോക്താക്കൾക്ക് 720.72 രൂപയുമാണ് വില ഈടാക്കുന്നത്. സി.എൻ.ജി ഉപഭോക്താക്കൾക്ക് കിലോഗ്രാമിന് 57.30 രൂപയാണ് വില.
advertisement
നാലു പേരടങ്ങുന്ന ഒരു കുടുംബത്തിൽ ശരാശരി പ്രതിമാസ പ്രകൃതി വാതകത്തിന്റെ ഉപയോഗം 0.4 യൂണിറ്റ് ആയാണ് കണക്കാക്കിയിരിക്കുന്നത്. ഇതു പ്രകാരം 300 രൂപയാണ് ഒരു കുടുംബത്തിന് മാസം ചിലവ് വരിക. പുതുവൈപ്പിനിൽ സ്ഥിതി ചെയ്യുന്ന പെട്രോനെറ്റ് എൽ.എൻ.ജി ടെർമിനലിൽ നിന്നാണ് പ്രകൃതി വാതകം ഗെയിൽ വാതക പൈപ്പ് ലൈനിൽ എത്തുന്നത്.
ഗെയിൽ കളമശ്ശേരിയിലെ വാൽവ് സ്റ്റേഷനിൽ നിന്നും ഇന്ത്യൻ ഓയിൽ അദാനി ഗ്യാസിന്റ പൈപ്പ് ലൈനിൽ പ്രകൃതി വാതകം നൽകുന്നു. ഇന്ത്യൻ ഓയിൽ അദാനി ഗ്യാസ് തുടർന്ന് സ്റ്റീൽ അല്ലെങ്കിൽ എം.ഡി.പി.ഇ പൈപ്പ് ലൈൻ മുഖേന ഉപഭോക്തക്കളിലേക്ക് എത്തിക്കുകയാണ് ചെയ്യുന്നത്.
advertisement
കേന്ദ്ര സർക്കാർ സ്ഥാപനമായ പെട്രോളിയം ആൻഡ് നാച്വറൽ ഗ്യാസ് റഗുലേറ്ററി ബോർഡിൽ നിന്നും കിട്ടിയ ലൈസൻസ് പ്രകാരം അനുവദിക്കപ്പെട്ട പ്രദേശത്തു മാത്രമേ സിറ്റി ഗ്യാസ് പദ്ധതി സ്ഥാപിക്കുന്നതിനും പ്രകൃതി വാതകം വിതരണം ചെയ്യാനും സാധിക്കൂ.
കേരളത്തിൽ ഇന്ത്യൻ ഓയിൽ അദാനി ഗ്യാസ് പ്രൈവറ്റ് ലിമിറ്റഡിന് പ്രകൃതി വാതകം നൽകുന്നതിനായി എറണാകുളം ജില്ലക്ക് പി.എൻ.ജി ആർ.ബി യുടെ നാലാമത് ബിഡിങ് റൗണ്ടിലാണ് അനുമതി ലഭിച്ചത്. തൃശൂർ, പാലക്കാട്, മലപ്പുറം, കണ്ണൂർ, കാസർഗോഡ്, കോഴിക്കോട്, വയനാട് ജില്ലകൾ ഒൻപതാമത് ബിഡിങ് റൗണ്ടിൽ അനുമതി ലഭിച്ചവയാണ്.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
October 18, 2020 6:27 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
City Gas ഇനി തടസമില്ലാതെ പ്രകൃതി വാതകം; സിറ്റി ഗ്യാസ് വിതരണ പദ്ധതി എറണാകുളം ജില്ല മുഴുവൻ