തുടര്‍ഭരണം ലഭിക്കും മുന്‍പ് മേക്കോവറിനായി പിണറായി മുംബൈയിലെ പിആര്‍ ഏജന്‍സിയുടെ സേവനം തേടിയെന്ന് വി.ഡി സതീശന്‍
- Published by:Arun krishna
- news18-malayalam
Last Updated:
പിണറായി വിജയന്റെ ശരീരഭാഷ പഠിച്ച്, എങ്ങനെ സംസാരിക്കണം എന്നു പഠിപ്പിച്ചത് അവരാണെന്നും സതീശൻ ആരോപിച്ചു.
തിരുവനന്തപുരം: സ്വന്തം മേക്കോവറിനായി തുടര്‍ഭരണം ലഭിക്കുന്നതിന് രണ്ട് വര്‍ഷം മുന്‍പ് മുതല്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ മുംബൈയിലെ പി.ആര്‍ ഏജന്‍സിയുടെ സഹായം തേടിയെന്ന ആരോപണവുമായി പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. തെരഞ്ഞെടുപ്പ് തന്ത്രജ്ഞന്‍ സുനിൽ കനുഗോലു കെപിസിസി രാഷ്ട്രീയകാര്യ യോഗത്തിൽ പങ്കെടുത്തതിനെ വിമർശിച്ച മുഖ്യമന്ത്രിക്ക് മറുപടി നൽകുകയായിരുന്നു അദ്ദേഹം.
രണ്ടുവർഷത്തോളം സംസ്ഥാനത്ത് ചെലവിട്ട അവർ നിയമസഭയുടെ ഗാലറിയിൽ അടക്കം ഉണ്ടായിരുന്നു. പിണറായി വിജയന്റെ ശരീരഭാഷ പഠിച്ച്, എങ്ങനെ സംസാരിക്കണം എന്നു പഠിപ്പിച്ചത് അവരാണെന്നും സതീശൻ ആരോപിച്ചു.
കോവിഡ് കാലത്ത് എല്ലാ ദിവസവും വൈകിട്ട് ഒരു മണിക്കൂർ മുഖ്യമന്ത്രി നടത്തിയിരുന്ന വാർത്താ സമ്മേളനത്തിലെ ഉള്ളടക്കം എഴുതി നൽകിയിരുന്നത് മുംബൈയിൽനിന്നുള്ള ഈ പി.ആര്‍ ഏജൻസിയാണ്. കുരങ്ങിനും നായയ്ക്കും ഭക്ഷണം കൊടുക്കണം എന്നെല്ലാം അവരാണ് എഴുതിക്കൊടുത്തതെന്നും സതീശന്‍ പറഞ്ഞു.
advertisement
‘എല്ലാ ശനിയാഴ്ചയും ക്ലിഫ് ഹൗസിൽ കയറ്റിയിരുത്തി ചർച്ച നടത്തിയില്ലേ? മുംബൈയിലെ പിആർ ഏജൻസിക്കാർ ഇപ്പോഴും ഇവിടെയുണ്ട്. എത്ര വർഷമായി പിണറായി വിജയൻ പിആർ ഏജൻസിയെ കെട്ടിപ്പിടിച്ചു നടക്കുന്നു. അവരുണ്ടാക്കുന്ന കാപ്സ്യൂളാണു വിതരണം ചെയ്യുന്നത്. എന്നിട്ടാണ് സുനിൽ കനഗോലുവിന്റെ പേരു പറഞ്ഞ് കോൺഗ്രസിനു മേൽ ആരോപണമുന്നയിക്കുന്നത്’- സതീശന്‍ പറഞ്ഞു.
കനഗോലു പിആർ ഏജൻസിയിൽ പ്രവർത്തിച്ചിട്ടുണ്ടാകും. എന്നാൽ ഇപ്പോൾ കോൺഗ്രസ് അംഗമാണ്. ഏഴംഗ ടാസ്ക് ഫോഴ്സിലും അംഗമാണ്. കോൺഗ്രസ് എങ്ങനെ തെരഞ്ഞെടുപ്പു പ്രവർത്തനം നടത്തണമെന്ന് പിണറായി വിജയൻ പഠിപ്പിക്കേണ്ട. കേരളത്തിലെ കോൺഗ്രസിന് തെരഞ്ഞെടുപ്പു നടത്താൻ അറിയാമെന്നു രണ്ട് ഉപതെരഞ്ഞെടുപ്പു കഴിഞ്ഞപ്പോൾ പിണറായിക്കു ബോധ്യപ്പെട്ടു കാണണമല്ലോ. മനുഷ്യനായാൽ നാണം വേണ്ടേ? എന്തൊരു തൊലിക്കട്ടിയാണിത്. കോൺഗ്രസിന്റെ യോഗങ്ങളിൽ ആരു പങ്കെടുക്കണമെന്ന് എകെജി സെന്ററിൽനിന്നല്ല തീരുമാനിക്കുന്നതെന്നും സതീശൻ വിമര്‍ശിച്ചു.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram,Thiruvananthapuram,Kerala
First Published :
October 16, 2023 3:00 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
തുടര്‍ഭരണം ലഭിക്കും മുന്‍പ് മേക്കോവറിനായി പിണറായി മുംബൈയിലെ പിആര്‍ ഏജന്‍സിയുടെ സേവനം തേടിയെന്ന് വി.ഡി സതീശന്‍


