'KIIFB പദ്ധതികളെ ജനം സ്വീകരിച്ചു; തെറ്റായ പ്രചാരണം അഴിച്ചുവിടുന്നതിലൂടെ നാട്ടുകാരെ തെറ്റിദ്ധരിപ്പിക്കാനാകില്ല': മുഖ്യമന്ത്രി

Last Updated:

പത്തനംതിട്ട ജില്ലയിലെ വിവിധ തലങ്ങളിലെ 100 വിദഗ്ധരുമായി ആശയവിനിമയം നടത്തിയ ശേഷം സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി

കിഫ്ബി പദ്ധതികളെ ജനം സ്വീകരിച്ചെന്നും തെറ്റായ പ്രചാരണം വല്ലാതെ അഴിച്ചുവിടുന്നതിലൂടെ നാടിനെയും നാട്ടുകാരെയും തെറ്റിദ്ധരിപ്പിക്കാനാകില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. നവകേരള സൃഷ്ടിയുടെ മുന്നേറ്റത്തിനു സമഗ്രമായ തുടര്‍വികസന കാഴ്ചപ്പാട് രൂപീകരിക്കുന്നതിനായി മുഖ്യമന്ത്രി നടത്തുന്ന കേരള പര്യടനത്തിന്റെ ഭാഗമായി പത്തനംതിട്ട ജില്ലയിലെ വിവിധ തലങ്ങളിലെ 100 വിദഗ്ധരുമായി ആശയവിനിമയം നടത്തിയ ശേഷം സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
കിഫ്ബിയേക്കുറിച്ചുള്ള സത്യസന്ധമായ കാര്യങ്ങള്‍ ജനങ്ങള്‍ക്ക് അറിയാം. സ്‌കൂളുകള്‍, ആശുപത്രികള്‍, പശ്ചാത്തല സൗകര്യ വികസനത്തിന്റെ വര്‍ധന എന്നിവയെല്ലാം സാധ്യമായതു കിഫ്ബിയുടെ സഹായത്തോടെയാണ്. അന്‍പതിനായിരം കോടി രൂപയുടെ പ്രവര്‍ത്തനങ്ങള്‍ ബജറ്റിനു പുറത്തുനിന്ന് ചെയ്യുക എന്നത് വലിയ നേട്ടമാണ്. ആദ്യഘട്ടങ്ങളില്‍ ഇത് മലര്‍പ്പൊടിക്കാരന്റെ സ്വപ്നമെന്ന് പറഞ്ഞ് പലരും തഴഞ്ഞു. എന്നാല്‍, ഇപ്പോള്‍ അന്‍പതിനായിരം കോടി രൂപയും പിന്നിട്ട് കിഫ്ബിയുടെ പ്രവര്‍ത്തനങ്ങള്‍ തുടരുകയാണ്.
പരിവര്‍ത്തിത ക്രൈസ്തവര്‍ക്കും സംവരണം നല്‍കണമെന്നാണു സര്‍ക്കാര്‍ നിലപാട്. എന്നാല്‍, പരിവര്‍ത്തിത ക്രൈസ്തവ വിഭാഗത്തിന്റെ ആനുകൂല്യം തീരുമാനിക്കേണ്ടതു കേന്ദ്ര സര്‍ക്കാരാണ്. പൊതു വിദ്യാഭ്യാസ മേഖലയില്‍ ഉയര്‍ച്ച സൃഷ്ടിച്ചതുപോലെ ഉന്നത വിദ്യാഭ്യാസ മേഖലയിലും വളര്‍ച്ച കൊണ്ടുവരും. കളിക്കളങ്ങളുടെ കുറവ് സര്‍ക്കാരിന്റെ ശ്രദ്ധയിലുണ്ട്. ഇതിനു പരിഹാരം കാണും.
advertisement
പമ്പാ ആക്ഷന്‍ പ്ലാന്‍ നടപ്പാക്കും. പ്രവാസി ക്ഷേമത്തിന്റെ ഭാഗമായി കാര്‍ഷിക മേഖലയുമായി ബന്ധപ്പെട്ട് മൂല്യവര്‍ധിത ഉത്പന്നങ്ങള്‍ നിര്‍മിക്കുന്ന സംരംഭങ്ങള്‍ പ്രോത്സാഹിപ്പിക്കും. തോട്ടങ്ങളില്‍ ഫലവൃക്ഷങ്ങള്‍ വച്ചുപിടിപ്പിക്കുന്ന നടപടി കാലതാമസമില്ലാതെ തന്നെ തുടങ്ങും. ഭിന്നശേഷി സ്‌പെഷല്‍ സ്‌കൂളുകളോട് സര്‍ക്കാരിന് എന്നും അനുകൂല മനോഭാവമാണ്. അവര്‍ക്ക് ആവശ്യമായ സഹായങ്ങള്‍ ലഭ്യമാക്കും. മാധ്യമ ചരിത്ര മ്യൂസിയം സ്ഥാപിക്കണമെന്ന ആവശ്യം പരിഗണിക്കുമെന്നും വിദഗ്ധരുടെ നിര്‍ദേശങ്ങള്‍ക്ക് മറുപടിയായി മുഖ്യമന്ത്രി പറഞ്ഞു.
advertisement
ഭാവിയില്‍ ഉള്‍ക്കൊള്ളേണ്ട നിര്‍ദേശങ്ങള്‍ എല്ലാംതന്നെ പരിശോധിക്കുകയും ആവശ്യമായവ സ്വീകരിക്കുമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ആശയ സംവാദം നടത്തിയവരും നടത്താന്‍ സാധിക്കാത്തവരും അവരുടെ നിര്‍ദേശങ്ങള്‍ രേഖാമൂലം എഴുതി മുഖ്യമന്ത്രിക്ക് കൈമാറി.
ടി.കെ.എ. നായര്‍, ഡോ.കെ.എം. ചെറിയാന്‍, ഡോ.റെയ്‌സല്‍ റോസ്, സംവിധായകരായ ബ്ലെസി, ഡോ. ബിജു, സാഹിത്യകാരന്‍ ബെന്യാമിന്‍, ഒ.എം. രാജു, കെഎസ്എഫ്ഇ ചെയര്‍മാന്‍ ഫിലിപ്പോസ് തോമസ്, ഫാ. എബ്രഹാം മുളമ്മൂട്ടില്‍, ലീഡ് ബാങ്ക് മാനേജര്‍ വി. വിജയകുമാരന്‍, സാമൂഹിക പ്രവര്‍ത്തക ഡോ.എം.എസ്. സുനില്‍, ജോസ് കുര്യന്‍, പി.ജെ. ഫിലിപ്പ്, ഡോ. സൂസന്‍, പ്രസ് ക്ലബ് പ്രസിഡന്റ് ബോബി ഏബ്രഹാം, പന്തളം മഹാദേവ ക്ഷേത്രം പ്രതിനിധി കൃഷ്ണകുമാര്‍, വ്യാപാരി വ്യവസായി പ്രതിനിധികളായ കെ.എ. മാത്യു, ഷാജഹാന്‍, ബില്‍ഡര്‍ ബിജു സി. തോമസ്, എക്‌സ്‌പോര്‍ട്ടര്‍ ഷാജി മാത്യു തുടങ്ങിയവരാണ് നിര്‍ദേശങ്ങള്‍ നേരിട്ട് അവതരിപ്പിച്ചത്.
മലയാളം വാർത്തകൾ/ വാർത്ത/Kerala/
'KIIFB പദ്ധതികളെ ജനം സ്വീകരിച്ചു; തെറ്റായ പ്രചാരണം അഴിച്ചുവിടുന്നതിലൂടെ നാട്ടുകാരെ തെറ്റിദ്ധരിപ്പിക്കാനാകില്ല': മുഖ്യമന്ത്രി
Next Article
advertisement
India Vs West Indies 2nd Test: രണ്ടാം ടെസ്റ്റിലും വിൻഡീസിനെ തകർത്ത് ഇന്ത്യ; 7 വിക്കറ്റ് ജയത്തോടെ പരമ്പര തൂത്തുവാരി
‌രണ്ടാം ടെസ്റ്റിലും വിൻഡീസിനെ തകർത്ത് ഇന്ത്യ; 7 വിക്കറ്റ് ജയത്തോടെ പരമ്പര തൂത്തുവാരി
  • ഇന്ത്യ രണ്ടാം ടെസ്റ്റിലും വിൻഡീസിനെ തകർത്ത് 7 വിക്കറ്റ് ജയത്തോടെ പരമ്പര തൂത്തുവാരി.

  • കെ എൽ രാഹുൽ അർധസെഞ്ചുറിയോടെ തിളങ്ങി, 58 റൺസെടുത്ത് ടീമിനെ വിജയത്തിലേക്ക് നയിച്ചു.

  • വിൻഡീസ് ഉയർത്തിയ 121 റൺസ് വിജയലക്ഷ്യം 3 വിക്കറ്റ് നഷ്ടപ്പെടുത്തി ഇന്ത്യ മറികടന്നു.

View All
advertisement