തിരുവനന്തപുരം: ഇഡി നാളെ ചോദ്യം ചെയ്യാൻ നോട്ടീസ് നൽകിയ മുഖ്യമന്ത്രിയുടെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി സി എം രവീന്ദ്രന് കോവിഡ് സ്ഥിരീകരിച്ചു. ഐടി വകുപ്പിലെ ഇടപാടുകളുമായി ബന്ധപ്പെട്ട് വിശദാംശങ്ങൾ ചോദിച്ചറിയാനാണ് ഇഡി നോട്ടീസ് നല്‍കിയിരിന്നത്.
മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കർ അറസ്റ്റിലായതിന് പിന്നാലെയാണ് മുഖ്യമന്ത്രിയുടെ ഓഫീസിലെ പ്രമുഖനായ സി എം രവീന്ദ്രനെ ചോദ്യം ചെയ്യാൻ ഇ ഡി വിളിപ്പിച്ചത്. ഇന്ന് നടന്ന കോവിഡ് പരിശോധനയിലാണ് രവീന്ദ്രന് രോഗം സ്ഥിരീകരിച്ചത്. കോവിഡ് പോസിറ്റീവായ സാഹചര്യത്തിൽ രവീന്ദ്രന് ക്വറന്റീനിൽ പ്രവേശിക്കേണ്ടിവരും.
കഴിഞ്ഞ ദിവസമാണ് ചോദ്യം ചെയ്യലിന് വെള്ളിയാഴ്ച ഹാജരാകണമെന്ന് കാട്ടി ഇഡി സി എം രവീന്ദ്രന് നോട്ടീസയച്ചത്. രവീന്ദ്രനെതിരെ സ്വർണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷും മൊഴി നൽകിയിരുന്നു. മുഖ്യമന്ത്രിയുടെ ഓഫീസിൽ ശിവശങ്കറിനെ കൂടാതെ തനിക്ക് ബന്ധമുണ്ടായിരുന്ന വ്യക്തി സി എം രവീന്ദ്രനായിരുന്നെന്നായിരുന്നു മൊഴി.
ശിവശങ്കറും സി.എം. രവീന്ദ്രനും തമ്മിലുള്ള ഇടപാടകളും നേരത്തെ വിവാദമായിരുന്നു. കള്ളപ്പണം വെളുപ്പിക്കൽ നിയന്ത്രണ നിയമപ്രകാരം അറസ്റ്റിലായ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം. ശിവശങ്കറിന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് സി.എം. രവീന്ദ്രനെ ഇഡി വിളിച്ചു വരുത്തുന്നതെന്നാണ് വിവരം.
Published by:Rajesh V
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.