'സതീശനെ ഒഴിവാക്കാൻ ഇടപെട്ടിട്ടില്ല'; മാരാമൺ കൺവെൻഷൻ വിവാദത്തിൽ പ്രതികരിച്ച് പി ജെ കുര്യൻ
- Published by:Rajesh V
- news18-malayalam
Last Updated:
വി ഡി സതീശനോട് ഫോണിൽ വിളിച്ച് ഡേറ്റ് ബ്ലോക്ക് ചെയ്യിച്ചതിനുശേഷം അദ്ദേഹത്തെ ഒഴിവാക്കിയ നടപടിയോട് യോജിപ്പില്ലെന്നും ആ നടപടി ഒഴിവാക്കേണ്ടതായിരുന്നുവെന്നും പി ജെ കുര്യൻ പ്രതികരിച്ചു
തിരുവനന്തപുരം: മാരാമൺ കൺവെൻഷൻ വിവാദത്തിൽ പ്രതികരിച്ച് കെപിസിസി രാഷ്ട്രീയ കാര്യ സമിതി അംഗം പി ജെ കുര്യൻ. വി ഡി സതീശനെ ഒഴിവാക്കാൻ താൻ ഇടപെട്ടിട്ടില്ലെന്ന് പി ജെ കുര്യൻ പറഞ്ഞു. തന്റെ പേര് അനാവശ്യമായി വലിച്ചിഴയ്ക്കുകയാണ്. സഭാംഗം ആണെങ്കിലും ഇതുവരെ കൺവെൻഷന്റെ കാര്യത്തിൽ ഇടപെട്ടിട്ടില്ലെന്നും പി ജെ കുര്യൻ വിശദമാക്കി. വി ഡി സതീശനോട് ഫോണിൽ വിളിച്ച് ഡേറ്റ് ബ്ലോക്ക് ചെയ്യിച്ചതിനുശേഷം അദ്ദേഹത്തെ ഒഴിവാക്കിയ നടപടിയോട് യോജിപ്പില്ലെന്നും ആ നടപടി ഒഴിവാക്കേണ്ടതായിരുന്നുവെന്നും പി ജെ കുര്യൻ പ്രതികരിച്ചു.
പി ജെ കുര്യന്റെ വിശദീകരണം
മാരാമൺ കൺവെൻഷനിലേക്ക് പ്രതിപക്ഷ നേതാവ് വി ഡി സതീശനെ ക്ഷണിച്ചിരുന്നുവെന്നും ഞാനിടപെട്ട് പ്രതിപക്ഷനേതാവിനെ ഒഴിവാക്കിയെന്നും ചില ദൃശ്യമാധ്യമങ്ങളും ഓൺലൈൻ മാധ്യമങ്ങളും പ്രചരിപ്പിക്കുന്നതായി മനസ്സിലാക്കുന്നു. അതുസംബന്ധിച്ച് എന്റെ പങ്ക് എന്തെന്ന് വ്യക്തമാക്കാനാണ് ഈ കുറിപ്പ്. ആദ്യമായി ഒരു വസ്തുത പറയട്ടെ. മാരാമൺ കൺവെൻഷൻ യോഗങ്ങളിൽ രാഷ്ട്രീയ നേതാക്കളെ ആരെയും ക്ഷണിക്കാറില്ല. രാഷ്ട്രീയ നേതാക്കളെയും മറ്റും ക്ഷണിക്കുന്നത് കൺവെൻഷനോട് ചേർന്ന അനുബന്ധയോഗങ്ങളിലാണ്. ശ്രീ ശശി തരൂരിനെ ഉൾപ്പെടെയുള്ള രാഷ്ട്രീയ സാമൂഹ്യ നേതാക്കളെ ക്ഷണിച്ചതും അനുബന്ധ യോഗങ്ങളിലാണ്.
advertisement
വി ഡി സതീശൻ എന്റെ ഉത്തമ സുഹൃത്താണ്. അദ്ദേഹത്തിന്റെ ക്ഷണം നിരസിച്ചു എന്ന വാർത്ത അറിഞ്ഞപ്പോൾ തന്നെ ഞാൻ യുവജനസഖ്യം സെക്രട്ടറി ബഹു. ബിനോയ് അച്ചനുമായി ഫോണിൽ സംസാരിച്ചു. വി ഡി സതീശനെ ഫോണിൽ വിളിച്ച് യുവവേദിയുടെ മീറ്റിങ്ങിന് വേണ്ടി ഡേറ്റ് ബ്ലോക്ക് ചെയ്യാൻ ആവശ്യപ്പെട്ടത് അച്ചനാണെന്ന് പറഞ്ഞു. മെത്രാപ്പോലീത്തയുടെ അംഗീകാരത്തിനു വേണ്ടി കൊടുത്ത ലിസ്റ്റിൽ വി ഡി സതീശന്റെ പേര് മുകളിൽ തന്നെ ഉൾപ്പെടുത്തിയിരുന്നു. പക്ഷേ ലിസ്റ്റിൽ നിന്നും മെത്രാപ്പോലീത്താ അംഗീകരിച്ചത് മറ്റൊരു പേരാണ്. അത് മെത്രാപ്പോലീത്തയുടെ അധികാരത്തിൽപ്പെട്ട കാര്യമാണ്.
advertisement
Also Read- മാരാമൺ കൺവെൻഷനിൽ പ്രതിപക്ഷ നേതാവ് വി ഡി സതീശന് ക്ഷണമില്ല; സഭ അംഗീകരിച്ച പട്ടികയിൽ പേരില്ല
ഞാൻ മെത്രാപ്പൊലീത്ത തിരുമേനിയെ നേരിൽ കണ്ടു. ഈ കാര്യത്തിലുള്ള എന്റെ ആശങ്ക അറിയിച്ചു. ഈ കാര്യത്തിൽ ഒരു രാഷ്ട്രീയവുമില്ലെന്നും പ്രതിപക്ഷ നേതാവ് വി ഡി സതീശനോട് അദ്ദേഹത്തിന് നല്ല ബഹുമാനവും, ഹൃദ്യമായ ബന്ധവുമാണെന്നും തിരുമേനി പറഞ്ഞു.
എന്തായാലും ഒരു കാര്യം വ്യക്തമാക്കട്ടെ. വി ഡി സതീശനോട് ഫോണിൽ വിളിച്ച് ഡേറ്റ് ബ്ലോക്ക് ചെയ്യിച്ചതിനുശേഷം അദ്ദേഹത്തെ ഒഴിവാക്കിയ നടപടിയോട് എനിക്ക് യോജിപ്പില്ല. ആ നടപടി ഒഴിവാക്കേണ്ടതായിരുന്നു എന്നാണ് എന്റെയും അഭിപ്രായം.
advertisement
വസ്തുത അറിയാതെ ചിലരെങ്കിലും എന്നെ പഴിചാരുന്നതിൽ ഖേദമുണ്ട്. ഇത്തരം തെറ്റായ പല പഴിചാരലിനും നിർഭാഗ്യവശാൽ ഞാൻ വിധേയനാകുന്നുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram [Trivandrum],Thiruvananthapuram,Kerala
First Published :
January 25, 2025 10:21 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
'സതീശനെ ഒഴിവാക്കാൻ ഇടപെട്ടിട്ടില്ല'; മാരാമൺ കൺവെൻഷൻ വിവാദത്തിൽ പ്രതികരിച്ച് പി ജെ കുര്യൻ