സിപിഐ നേതാവ് ശ്രീനാദേവിക്കുഞ്ഞമ്മ ജില്ലാ പഞ്ചായത്തംഗത്വം രാജിവച്ചു

Last Updated:

'സ്ഥാനമാനങ്ങള്‍ നിലനിര്‍ത്തുവാനും അധികാരത്തിന്റെയും കപട ആദര്‍ശത്തിന്റെയും ചൂതാട്ടത്തില്‍ അഭിരമിക്കുവാനും വെമ്പല്‍കൊള്ളുകയാണ് നേതൃനിര'

ശ്രീനാദേവിക്കുഞ്ഞമ്മ
ശ്രീനാദേവിക്കുഞ്ഞമ്മ
പത്തനംതിട്ട ജില്ലാ പഞ്ചായത്ത് അംഗം ശ്രീനാദേവി കുഞ്ഞമ്മ രാജി വെച്ചു. സിപിഐ വിട്ടുവെന്നും പാർട്ടിയുടെയും എഐവൈഎഫിൻ്റെ എല്ലാ സ്ഥാനങ്ങളും രാജി വെച്ചതായും ശ്രീനാദേവി കുഞ്ഞമ്മ മാധ്യമങ്ങളെ അറിയിച്ചു. നേതൃത്വത്തിൽ വിശ്വാസം നഷ്ടപ്പെട്ടു. ഒട്ടനവധി പരാതികൾ സിപിഐ സംസ്ഥാന നേതൃത്വത്തിന് നൽകിയതാണ്. എന്നാൽ ഒരു നടപടിയും ഉണ്ടായില്ലെന്നും ശ്രീനാദേവി പറഞ്ഞു. ഏറെക്കാലമായി നേതൃത്വവുമായി ഇടഞ്ഞു നിൽക്കുകയായിരുന്നു. നേരത്തെ, രാഹുൽ മാങ്കൂട്ടത്തിൽ വിവാദവുമായി ബന്ധപ്പെട്ട് ഫേസ്ബുക്കിൽ പോസ്റ്റ് ഇട്ടിരുന്നു. ഈ വിഷയത്തിൽ ശ്രീനാദേവിയെ തള്ളുന്ന നിലപാടാണ് സിപിഐ നേതൃത്വം സ്വീകരിച്ചത്.
രാഹുൽ മാങ്കൂട്ടത്തിൽ വിഷയത്തിൽ സാങ്കൽപ്പിക ഇരകളെ സൃഷ്ടിക്കാൻ ശ്രമമെന്നും തന്നെ ഇരയാക്കാൻ ഒരു ചാനൽ ശ്രമിച്ചെന്നുമായിരുന്നു ശ്രീനാദേവി കുഞ്ഞമ്മയുടെ ഫേസ്ബുക്ക് പോസ്റ്റ്. രാഹുൽ മാങ്കൂട്ടത്തിൽ നിയമത്തിനു മുന്നിൽ തെറ്റുകാരനാണെങ്കിൽ ശിക്ഷിക്കപ്പെടണം. എന്നാൽ, ഈ വിഷയത്തിൽ സാങ്കൽപ്പിക ഇരകളെ സൃഷ്ടിക്കാനുള്ള ശ്രമങ്ങൾ നടക്കുന്നുണ്ട്. ഇരകളെ മാത്രമല്ല ഇരകളെ സൃഷ്ടിക്കാൻ ശ്രമിക്കുന്നവരെയും ക്രൈംബ്രാഞ്ച് കണ്ടെത്തണമെന്നുമാണ് അവർ കുറിപ്പിൽ പറഞ്ഞിരുന്നത്.
രാജിവച്ച വിവരം അറിയിച്ചുകൊണ്ട് ഫേസ്ബുക്കിൽ പങ്കുവച്ച കുറിപ്പ്
പ്രിയ സഖാക്കളെ, പള്ളിക്കലിലെ പ്രിയപ്പെട്ടവരെ,
2020 ഡിസംബര്‍ മാസം 16 നാണ് പള്ളിക്കല്‍ ജില്ലാ പഞ്ചായത്ത് ഡിവിഷനിലെയും പത്തനംതിട്ട ജില്ലയിലെ നാളിതുവരെയുള്ള ചരിത്രത്തിലെയും തന്നെ വലിയ ഭൂരിപക്ഷമായ 5861 എന്ന മാജിക്കല്‍ നമ്പരിലൂടെ നിങ്ങള്‍ ഏവരും എന്നെ പള്ളിക്കലിന്റെ ജില്ലാ പഞ്ചായത്ത് അംഗമായി തെരഞ്ഞെടുത്തത്. നാളിതുവരെയും ആ സ്നേഹത്തോട് കടപ്പെട്ടും ഉത്തരവാദിത്തത്തോടെയും ഞാന്‍ പ്രവര്‍ത്തിച്ചു.
advertisement
ജില്ലാ പഞ്ചായത്ത് സ്ഥാനാര്‍ത്ഥിയായ അന്നുമുതല്‍ എന്റെ പാര്‍ട്ടിയിലെ ചില ഉത്തരവാദിത്തപ്പെട്ട സ്ഥാനത്തിരിക്കുന്നവരുടെ ഭാഗത്തുനിന്നും ഉണ്ടായ വാക്കുകളും പ്രവര്‍ത്തികളും എന്നെ മാനസികമായി വലിയ സമ്മര്‍ദ്ദത്തിലാക്കിയിരുന്നു. എല്ലാം ഉപേക്ഷിച്ച് പിന്തിരിയാന്‍ നിരവധി സാഹചര്യങ്ങള്‍ ഉണ്ടായിരുന്നിട്ടും ഇതുവരെയും എന്നെ മുന്നോട്ട് നയിച്ചതും, ജില്ലാ പഞ്ചായത്ത് അംഗം എന്ന നിലയില്‍ തുടര്‍ന്നതും പള്ളിക്കലിലെ ജനത നല്‍കിയ സ്നേഹത്തിന്റെ ചൂട് ഞാന്‍ ഹൃദയത്തില്‍ സൂക്ഷിച്ചതുകൊണ്ടാണ്.
എന്നാല്‍ ഇന്ന് 5 വര്‍ഷം പൂര്‍ത്തിയാകാന്‍ ഒരു മാസം മാത്രം അവശേഷിക്കെ, ജില്ലാ പഞ്ചായത്ത് അംഗം എന്ന സ്ഥാനം ഞാന്‍ രാജിവെയ്ക്കുകയാണ്. പത്തനംതിട്ട ജില്ലാ പഞ്ചായത്ത് ഓഫീസില്‍ എത്തി ജില്ലാ പഞ്ചായത്ത് പ്രസിഡന്റിനെ നേരില്‍ക്കണ്ട് രാജിക്കത്ത് നല്‍കി.
advertisement
നിലവില്‍ AIYF ന്റെ സംസ്ഥാനകമ്മിറ്റി അംഗം കൂടിയായ ഞാന്‍ ആ സ്ഥാനം കൂടി രാജി വെയ്ക്കുകയാണ്. രാജിക്കത്ത് സംസ്ഥാന പ്രസിഡന്റിന് ഇമെയില്‍ ആയി നല്‍കിയിട്ടുണ്ട്.
സമത്വബോധമുള്ള ഒരു സമൂഹം വളര്‍ന്നുവരണം എന്ന ഉദ്ദേശം ഉള്ളതുകൊണ്ടുതന്നെ “വനിത എന്ന പരിഗണന പോലും ഉണ്ടായില്ല” എന്ന വാക്ക് മാറ്റിവെയ്ക്കുന്നു. മാനുഷികപരിഗണനയിലൂന്നിയ സംരക്ഷണം നേതൃത്വത്തിന്റെ ഉത്തരവാദിത്തമാണ് എന്നത് പോലും മറന്നുകൊണ്ടുള്ള CPI നേതൃത്വത്തിന്റെ നിരുത്തരവാദപരമായ സമീപനം അപമാനവും, അവഗണനയും ആണ് നാളിതുവരെ എനിക്ക് ഉണ്ടാക്കിയത്. രാഷ്ട്രീയ നിലപാടുകളില്‍ “ആദര്‍ശധീരര്‍” എന്ന് മാധ്യമങ്ങള്‍ വിശേഷിപ്പിക്കുമ്പോള്‍ അഭിമാനബോധത്തോടെ തലയുയര്‍ത്തി കണ്ണുകളില്‍ ഈറനണിയുന്ന പ്രിയ സഖാക്കളെ ഹൃദയത്തോട് ചേര്‍ത്തുകൊണ്ട്, ഈ നേതൃത്വത്തോടുള്ള പ്രതിഷേധം ഹൃദയരക്തം കൊണ്ട് രേഖപ്പെടുത്തട്ടെ.
advertisement
പാർട്ടിയിലെ ഉത്തരവാദിത്തപ്പെട്ട സ്ഥാനത്തിരുന്ന ഒരാളുടെ അഴിമതി ഞാൻ ചൂണ്ടിക്കാട്ടി നല്‍കിയ പരാതി വിവിധ തലങ്ങളിൽ അന്വേഷിച്ച് ശരിയെന്ന് കണ്ട് പാർട്ടി ഉചിതമായ നടപടി സ്വീകരിച്ചതാണ്. പക്ഷെ, അതിനു ശേഷം എനിക്ക് ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ്ഷിപ്പ് നിഷേധിച്ചപ്പോഴും AIYF ന്റെ സംസ്ഥാനകമ്മിറ്റിയില്‍ നിന്നും 2025 ജനുവരി 31 ന് രാത്രി 11 മണിക്ക് ഒരു സംഘടനാപരമായ കാരണങ്ങളും ഇല്ലാതെ പുറത്താക്കിയപ്പോഴും, തിരികെ വീണ്ടും 2 മാസത്തിനുള്ളില്‍ തല്‍സ്ഥാനത്ത് തിരിച്ചെടുക്കേണ്ടി വന്നപ്പോഴും, പാർട്ടി പരിപാടികളിൽ പങ്കെടുപ്പിക്കാതിരിക്കുകയും, പൊതുപരിപാടികളിൽ അനൗദ്യോഗികമായ വിലക്കേർപ്പെടുത്തുകയും ചെയ്തപ്പോഴും, അപമാനിക്കപ്പെടുന്ന സാഹചര്യങ്ങള്‍ നിരവധിയുണ്ടായപ്പോഴും പാര്‍ട്ടിയോടുള്ള സ്നേഹം കൊണ്ടും ജനങ്ങളോടുള്ള വിധേയത്തംകൊണ്ടും ഞാന്‍ പാര്‍ട്ടിയില്‍ തുടര്‍ന്നു.
advertisement
ജില്ലാ പഞ്ചായത്ത് അംഗമാകുന്നതുവരെ ഒരു വ്യക്തിപരമായ ക്രിമിനല്‍കേസുകളിലും പ്രതിയാകാതിരുന്ന എന്നെ പിന്നീടിങ്ങോട്ട് അപസര്‍പ്പകകഥകള്‍ പോലെ ഭാവനാത്മകമായി എഴുതിയ FIR കഥകളില്‍ കുരുക്കി ക്രിമിനല്‍ ആക്കി ചിത്രീകരിച്ചപ്പോഴും, ഒരു മനുഷ്യായുസ്സില്‍ സ്വന്തമായുണ്ടാകും എന്ന് കരുതാത്തത്ര മാനസികബലത്താല്‍ ഞാന്‍ മുന്നോട്ട് നയിക്കപ്പെട്ടു. ആത്മഹത്യാപ്രേരകമായ വ്യക്തിഹത്യകള്‍ ഉണ്ടായപ്പോഴും, അഴിമതിക്കറ പുരണ്ട നോട്ടുകെട്ടുകള്‍ വലിച്ചെറിഞ്ഞു വിലയ്ക്കെടുത്ത ചില ഓണ്‍ലൈന്‍ മാധ്യമ അഴുക്കുകള്‍ എന്റെ ജീവിതത്തിനു നേരെ സ്വഭാവഹത്യയുടെ വൈകൃതനൃത്തമാടിയപ്പോഴും, അര്‍ഹിക്കുന്ന അവജ്ഞയോടെ, നീതിന്യായ വ്യവസ്ഥിതിയുടെ മേല്‍ ഞാന്‍ സൂക്ഷിക്കുന്ന നിസ്സീമമായ വിശ്വാസം നല്‍കിയ ആത്മധൈര്യത്തോടെ, ഞാന്‍ മുന്നോട്ട് പോയി.
advertisement
എന്നാല്‍ ഏതൊരു സഖാവിനും പാര്‍ട്ടി പ്രവര്‍ത്തകനും സഹിക്കുന്നതിനും എത്രയോ അധികമാണ് പാര്‍ട്ടി അംഗത്വം നിഷേധിക്കുക എന്നത്. ജില്ലാ പഞ്ചായത്ത് അംഗവും AIYF ന്റെ സംസ്ഥാനകമ്മിറ്റി അംഗവും കൂടിയായ എനിക്ക് പാര്‍ട്ടി അംഗത്വം നിഷേധിക്കപ്പെട്ടു എന്ന ഹീനമായ അനീതിയ്ക്കെതിരെ കഴിഞ്ഞ 2 മാസക്കാലമായി പാര്‍ട്ടി അംഗത്വം നിഷേധിക്കപ്പെട്ടത് തിരികെലഭിക്കാനായി ഞാന്‍ ജില്ലാ സെക്രട്ടറിയ്ക്കും സംസ്ഥാന സെക്രട്ടറിയ്ക്കും കണ്ട്രോള്‍ കമ്മീഷനും മുന്‍പാകെ പരാതി നല്‍കി കാത്തിരിക്കുകയാണ്. കഴിഞ്ഞ രണ്ട്‌ വര്‍ഷമായി നിരവധി പരാതികള്‍ രേഖാമൂലം നല്‍കിയിട്ടും യാതൊരുവിധ സംരക്ഷണവും നല്‍കാന്‍ നേതൃത്വം തയാറാകാത്തതിനാല്‍ ആണ് ഈ തീരുമാനം ഇന്ന് ഞാനെടുക്കുന്നത്.
advertisement
ഒരു വനിതയുടെ അഭിമാനം ചോദ്യം ചെയ്യപ്പെടുന്ന സാഹചര്യങ്ങളെ അകത്തളങ്ങളില്‍ നിശബ്ദമാക്കാനാണ് നേതൃത്വം തീരുമാനിച്ചത്. സ്ഥാനമാനങ്ങള്‍ നിലനിര്‍ത്തുവാനും അധികാരത്തിന്റെയും കപട ആദര്‍ശത്തിന്റെയും ചൂതാട്ടത്തില്‍ അഭിരമിക്കുവാനും വെമ്പല്‍കൊള്ളുകയാണ് നേതൃനിര.
"പദവികള്‍ക്ക് അലങ്കാരമായ” സഖാവ് സി.കെ.ചന്ദ്രപ്പന്‍ ഉള്‍പ്പെടെയുള്ളവരെ വിസ്മൃതിയിലാഴ്ത്തി “പദവികള്‍ അലങ്കാരമാണ്” എന്ന ബോധ്യത്തോടെ അവ കൊണ്ടുനടക്കന്ന നേതൃനിരയുടെ നിശബ്ദതയാണ് ഈയൊരു തീരുമാനത്തിലേക്ക് എന്നെക്കൊണ്ടെത്തിച്ചത്.
എന്നെ ബഹുഭൂരിപക്ഷത്തോടെ സ്വീകരിച്ച പള്ളിക്കലിന്റെ ജനതയുടെ മുന്നില്‍, പാര്‍ട്ടിക്കുവേണ്ടി അക്ഷീണം പ്രവര്‍ത്തിക്കുന്ന സാധാരണക്കാരായ പ്രിയ സഖാക്കളുടെ മുന്നില്‍, ഈ വാക്കുകള്‍ ഞാന്‍ സമര്‍പ്പിക്കുന്നു.
നന്ദി.
ശ്രീനാദേവിക്കുഞ്ഞമ്മ. ജി
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Kerala/
സിപിഐ നേതാവ് ശ്രീനാദേവിക്കുഞ്ഞമ്മ ജില്ലാ പഞ്ചായത്തംഗത്വം രാജിവച്ചു
Next Article
advertisement
'ഡി കെ ശിവകുമാറിനെ യെലഹങ്കയിൽ എത്തിച്ചത് മുഖ്യമന്ത്രി പിണറായി വിജയനും ഡിവൈഎഫ്ഐയും': എ എ റഹീം എംപി
'ഡി കെ ശിവകുമാറിനെ യെലഹങ്കയിൽ എത്തിച്ചത് മുഖ്യമന്ത്രി പിണറായി വിജയനും ഡിവൈഎഫ്ഐയും': എ എ റഹീം എംപി
  • ബെംഗളൂരുവിലെ യെലഹങ്കയിൽ ഡി കെ ശിവകുമാറിനെ എത്തിച്ചത് പിണറായി വിജയനും ഡിവൈഎഫ്ഐയുമാണെന്ന് എ എ റഹീം.

  • ബുൾഡോസർ രാജ് നടപടികൾക്കെതിരെ പിണറായി വിജയൻ ഭരണഘടനാ മൂല്യങ്ങൾ ഉയർത്തിപ്പിടിച്ചുവെന്നും റഹീം വ്യക്തമാക്കി.

  • സംഘപരിവാർ സർക്കാരുകൾ ബുൾഡോസർ രാജ് നടത്തിയപ്പോൾ കമ്മ്യൂണിസ്റ്റുകാർ ഇരകൾക്കായി തെരുവിൽ നിന്നു.

View All
advertisement