പരസ്യപ്രതിഷേധം ഫലം കണ്ടു; ആലപ്പുഴയില്‍ അധികാരം പങ്കിടാൻ സിപിഎം ജില്ലാ കമ്മിറ്റി ശുപാർശ
പരസ്യപ്രതിഷേധം ഫലം കണ്ടു; ആലപ്പുഴയില്‍ അധികാരം പങ്കിടാൻ സിപിഎം ജില്ലാ കമ്മിറ്റി ശുപാർശ
നഗരസഭാധ്യക്ഷയായി സൗമ്യ രാജിനെ സിപിഎം ജില്ലാ കമ്മിറ്റി നിർദേശിച്ചെങ്കിലും സജീവ പാർട്ടി പ്രവർത്തകയും മുൻപ് രണ്ടു തവണ കൗൺസിലറുമായിരുന്ന കെ കെ ജയമ്മയ്ക്ക് ചെയർപേഴ്സൺ സ്ഥാനം നൽകണമെന്നാവശ്യപ്പെട്ട് ഒരു വിഭാഗം പ്രവർത്തകർ പ്രകടനം നടത്തിയിരുന്നു.
ആലപ്പുഴ: നഗരസഭയിലെ അധ്യക്ഷ സ്ഥാനത്തെച്ചൊല്ലി പരസ്യപ്രതിഷേധം നടന്ന ആലപ്പുഴയിൽ സിപിഎം സമവായത്തിന്. രണ്ടര വർഷം വീതം അധികാരം പങ്കുവയ്ക്കുന്നതിന് ജില്ലാ കമ്മിറ്റി സംസ്ഥാന കമ്മിറ്റിക്ക് ശുപാർശ നൽകി. ആലപ്പുഴ നഗരസഭാധ്യക്ഷയായി സൗമ്യ രാജിനെ സിപിഎം ജില്ലാ കമ്മിറ്റി നിർദേശിച്ചെങ്കിലും സജീവ പാർട്ടി പ്രവർത്തകയും മുൻപ് രണ്ടു തവണ കൗൺസിലറുമായിരുന്ന കെ കെ ജയമ്മയ്ക്ക്ചെയർപേഴ്സൺ സ്ഥാനം നൽകണമെന്നാവശ്യപ്പെട്ട് ഒരു വിഭാഗം പ്രവർത്തകർ പ്രകടനം നടത്തിയിരുന്നു.
പാർട്ടി തീരുമാനത്തിനെതിരെ പ്രവർത്തകർ പരസ്യമായി പ്രതിഷേധിച്ചത്ഗൗരവത്തോടെയാണ് സിപിഎം കണ്ടത്. ഇതുസംബന്ധിച്ച് സംസ്ഥാന നേതൃത്വത്തിനുൾപ്പെടെ പരാതികളും ലഭിച്ചു. ഇതേത്തുടർന്നാണ്, അധ്യക്ഷ സ്ഥാനം സംബന്ധിച്ച ചർച്ചയിൽ ഉയർന്ന അധികാരം വീതംവയ്ക്കുന്നകാര്യം ചർച്ച ചെയ്യാൻ തീരുമാനിച്ചത്. ആദ്യത്തെ രണ്ടര വർഷം സൗമ്യ രാജും തുടർന്ന് കെ കെ ജയമ്മയും അധ്യക്ഷ സ്ഥാനം വഹിക്കണമെന്ന നിർദേശം ജില്ലാ കമ്മിറ്റി സംസ്ഥാന കമ്മിറ്റിയുടെ അംഗീകാരത്തിന് സമർപ്പിച്ചു.
സിപിഎമ്മിന്ഭൂരിപക്ഷമുള്ള സ്ഥലങ്ങളിൽ അധികാരം പങ്കുവയ്ക്കുന്നതിന് സാധാരണഗതിയിൽ സംസ്ഥാന കമ്മിറ്റി അംഗീകാരം നൽകാറില്ല. ഘടകകക്ഷികളുമായി അധ്യക്ഷ സ്ഥാനം പങ്കുവയ്ക്കുന്നതിന് മാത്രമേ നിലവിൽ ഇളവുള്ളൂ. ഈ സാഹചര്യത്തിൽ ആലപ്പുഴയിലേത് പ്രത്യേക കേസായി പരിഗണിച്ച് അംഗീകാരം നൽകണമെന്നാണ് ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടിരിക്കുന്നത്.
Published by:Rajesh V
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.