മുൻമന്ത്രി എ.സി. മൊയ്തീന്റെ വീട്ടിലെ ED റെയ്ഡ് നീണ്ടത് 22 മണിക്കൂർ; പരിശോധന അവസാനിച്ചത് പുലർച്ചെ 5ന്
- Published by:Rajesh V
- news18-malayalam
Last Updated:
കൊച്ചിയിൽനിന്ന് ഇ ഡി അഡീഷണൽ ഡയറക്ടർ ആനന്ദന്റെ നേതൃത്വത്തിലുള്ള 12 അംഗ സംഘമാണ് മൊയ്തീന്റെ വീട്ടിൽ പരിശോധന നടത്തിയത്
തൃശൂർ: കരുവന്നൂർ സഹകരണ ബാങ്കിലെ 300 കോടി രൂപയുടെ തട്ടിപ്പ് അന്വേഷിക്കുന്ന എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് സംഘം സിപിഎം സംസ്ഥാന കമ്മിറ്റി അംഗവും മുൻമന്ത്രിയുമായ എ സി മൊയ്തീൻ എംഎൽഎയുടെ വീട്ടിൽ നടത്തിയ റെയ്ഡ് അവസാനിച്ചത് ബുധനാഴ്ച പുലർച്ചെ 5 മണിക്ക്. ചൊവ്വാഴ്ച രാവിലെ 7 മണിയോടെ ആരംഭിച്ച പരിശോധനയാണ് ഏതാണ്ട് 22 മണിക്കൂറിനു ശേഷം അവസാനിച്ചത്. നേരത്തെ ചോദ്യം ചെയ്ത പ്രതികളുടെ മൊഴിയുടെ അടിസ്ഥാനത്തിലായിരുന്നു മൊയ്തീന്റെ വീട്ടിലെ റെയ്ഡ്. കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ട് സിപിഎമ്മിന്റെ മുതിർന്ന നേതാക്കളുടെ ബന്ധം പുറത്തുവരുന്നത് ഇതാദ്യമാണ്.
എ സി മൊയ്തീന്റെ തെക്കും കര പനങ്ങാട്ടുകരയിലെ വസതിയിലും ബാങ്കുകളുമായി ബന്ധപ്പെട്ടു വായ്പാസ്വർണം വാങ്ങുകയും വിൽക്കുകയും ചെയ്യുന്ന മഹാരാഷ്ട്ര സ്വദേശി അനിൽകുമാർ എന്ന സുഭാഷിന്റെ ചേർപ്പിലെ വീട്ടിലും പണം പലിശയ്ക്കു കൊടുക്കുന്ന കണ്ണൂർ സ്വദേശി സതീശന്റെ കോലഴിയിലെ വീട്ടിലും ഒരേസമയമായിരുന്നു ഇഡി റെയ്ഡ് നടത്തിയത്. ചേർപ്പിൽ രാത്രി 7.45നും കോലഴിയിൽ 9.30നും റെയ്ഡ് അവസാനിപ്പിച്ചിരുന്നു.
കൊച്ചിയിൽനിന്ന് ഇ ഡി അഡീഷണൽ ഡയറക്ടർ ആനന്ദന്റെ നേതൃത്വത്തിലുള്ള 12 അംഗ സംഘമാണ് മൊയ്തീന്റെ വീട്ടിലെത്തിയത്. അനിൽകുമാറിനെയും സതീശനെയും ബാങ്കിന് പരിചയപ്പെടുത്തിയത് മൊയ്തീനാണെന്ന മൊഴികള്‍ ഇ ഡി പരിശോധിക്കുന്നു. കള്ളപ്പണം വെളുപ്പിക്കാൻ കരുവന്നൂർ ബാങ്ക് കൂട്ടുനിന്നുവെന്നു നേരത്തെ ഇ ഡി കണ്ടെത്തിയിരുന്നു. അനിൽകുമാറിനും സതീശനും ഇതിൽ പങ്കുണ്ടോയെന്നു പരിശോധിച്ചു.
advertisement
ചൊവ്വാഴ്ച രാവിലെ പ്രഭാത നടത്തത്തിന് ശേഷം മൊയ്തീൻ വീട്ടിൽ എത്തിയപ്പോൾ ഇ ഡി സംഘം കാത്തുനിൽപുണ്ടായിരുന്നു. പരിശോധനയ്ക്ക് എത്തിയതാണെന്ന് ഉദ്യോഗസ്ഥർ അറിയിച്ചതോടെ അന്വേഷണസംഘത്തോടൊപ്പം വീട്ടിനുള്ളിലേക്കുപോയി. പരിശോധനാ വിവരം അറിഞ്ഞ് ഒട്ടേറെ സിപിഎം പ്രവർത്തകരും വീടിനു മുന്നിലെത്തി. കേന്ദ്ര സായുധ സേനയുമായാണ് പരിശോധനാസംഘം എത്തിയത്. പരിശോധന ആരംഭിച്ചു മണിക്കൂറുകൾ കഴിഞ്ഞാണ് ലോക്കൽ പൊലീസ് വിവരമറിയുന്നത്.
advertisement
25 കോടി രൂപയുടെ വായ്പ ലഭിച്ച 4 പേർ മൊയ്തീന്റ ബെനാമികളാണെന്ന ആരോപണം ഇഡിക്ക് മുന്നിലെത്തിയിരുന്നു. ഇതു സംബന്ധിച്ചായിരുന്നു റെയ്ഡ്. ഈടില്ലാതെയോ വ്യാജരേഖകൾ ഈടാക്കിയോ വായ്പ നൽകിയതും ചട്ടങ്ങൾ ലംഘിച്ച് ഉയർന്ന പലിശ വാഗ്ദാനം ചെയ്തു നിക്ഷേപം സ്വീകരിച്ചു കള്ളപ്പണം വെളുപ്പിച്ചതുമടക്കം 300 കോടി രൂപയുടെ തട്ടിപ്പ് നടന്നതായാണ് കണ്ടെത്തിയിട്ടുള്ളത്.
പരിശോധന അജണ്ടയുടെ ഭാഗം: എ സി മൊയ്തീൻ
കരുവന്നൂർ തട്ടിപ്പുമായി ബന്ധപ്പെട്ടായിരുന്നു പരിശോധനയെന്ന് എ സി മൊയ്തീൻ പറഞ്ഞു. പരിശോധനയുടെ കാര്യം വ്യക്തമായി അറിയില്ല. റെയ്ഡിനോട് പൂർണമായി സഹകരിച്ചു. ഒരാളുടെ മൊഴിയുണ്ടെന്നാണ് ഇ ഡി അറിയിച്ചത്. ക്രമരഹിതമായി ബാങ്ക് വായ്പ എടുക്കാൻ വിട്ടുവീഴ്ച ചെയ്യാൻ ഇടപെട്ടുവെന്ന് മൊഴിയുണ്ടെന്നാണ് ഇ ഡി അറിയിച്ചത്. വസ്തുവിന്റെ രേഖകളും ബാങ്ക് രേഖകളും പരിശോധിച്ചു. ഭയപ്പെട്ട് നിൽക്കേണ്ട സാഹചര്യമില്ല. ഏത് അന്വേഷണവുമായി സഹകരിക്കും. പരിശോധന അജണ്ടയുടെ ഭാഗമാണെന്നും എ സി മൊയ്തീൻ പറഞ്ഞു.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Thrissur,Thrissur,Kerala
First Published :
August 23, 2023 7:20 AM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
മുൻമന്ത്രി എ.സി. മൊയ്തീന്റെ വീട്ടിലെ ED റെയ്ഡ് നീണ്ടത് 22 മണിക്കൂർ; പരിശോധന അവസാനിച്ചത് പുലർച്ചെ 5ന്