HOME » NEWS » Kerala » EIA 2020 YOUTH LEAGUE SEND MAILS TO CENTRAL GOVERNMENT GG TV

EIA 2020| പരിസ്ഥിതി ബിൽ പിൻവലിക്കണം; കേന്ദ്ര സർക്കാരിന് കാൽ ലക്ഷം മെയിൽ അയച്ച് യൂത്ത് ലീഗ്

പാര്‍ലമെന്റിലോ ജനങ്ങള്‍ക്കിടയിലോ വേണ്ടത്ര ചര്‍ച്ച കൂടാതെയാണ് ഈ ഇ.ഐ.എ 2020 വിജ്ഞാപനം കൊണ്ടുവരുന്നത്. ഇതിന്മേല്‍ എതിര്‍പ്പ് രേഖപ്പെടുത്താന്‍ പൊതുജനങ്ങള്‍ക്ക് ജൂണ്‍ 30 വരെ മാത്രമാണ് സര്‍ക്കാര്‍ അവസരം നല്‍കിയത്-യൂത്ത് ലീഗ് പറയുന്നു.

News18 Malayalam | news18-malayalam
Updated: August 10, 2020, 11:37 PM IST
EIA 2020| പരിസ്ഥിതി ബിൽ പിൻവലിക്കണം; കേന്ദ്ര സർക്കാരിന് കാൽ ലക്ഷം മെയിൽ അയച്ച് യൂത്ത് ലീഗ്
youth league
  • Share this:
കോഴിക്കോട് : ഭൂമിയെയും പരിസ്ഥിതിയെയും പരിഗണിക്കാതെ വികസനം സുസ്ഥിരമല്ലെന്ന പാഠമാണ് മനുഷ്യന്‍ കോവിഡ് കാലത്തും പഠിച്ചതെന്നും അത് പരിഗണിച്ചാവണം വികസനമെന്നും അതിനെ തകര്‍ക്കുന്ന ഇ.ഐ.എ 2020 കരട് വിജ്ഞാപനം റദ്ദാക്കണമെന്നും മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങളും ജനറല്‍ സെക്രട്ടറി പി.കെ ഫിറോസും പറഞ്ഞു.

നിലവിലുള്ള കാടും, പുല്‍മേടുകളും, നീര്‍ത്തടങ്ങളും, ജൈവ സമ്പത്തും കോര്‍പ്പറേറ്റുകള്‍ക്ക് തീറെഴുതുന്ന, ജനങ്ങളുടെ അഭിപ്രായ സ്വാതന്ത്ര്യത്തിനു തടസം നില്‍ക്കുന്ന, നിയമലംഘകര്‍ക്ക് ഒത്താശ നല്‍കുന്ന ഇ.ഐ.എ 2020 പിന്‍വലിക്കണം എന്നാവശ്യപ്പെട്ട് കേന്ദ്രസര്‍ക്കാരിന് കാല്‍ലക്ഷം ഇമെയിലുകള്‍ യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ അയച്ചു. പാര്‍ലമെന്റ് സമിതികളില്‍ ചര്‍ച്ചയില്ലാതെ, ജനങ്ങളുമായി ചര്‍ച്ച ചെയ്യാതെ കോവിഡ് കാലത്തെ ചട്ടഭേദഗതികളിൽ  ശക്തമായ എതിര്‍പ്പ് യൂത്ത് ലീഗ് അറിയിച്ചു. പാര്‍ലമെന്റിന്റെ പരിസ്ഥിതി സമിതി ചര്‍ച്ച ചെയ്യുന്നത് വരെ ഈ കരട് വിജ്ഞാപനം മരവിപ്പിക്കണം. ഇതിനെപ്പറ്റി എല്ലാ പ്രാദേശിക ഭാഷയിലും അറിയിപ്പുകള്‍ ജനങ്ങള്‍ക്ക് നല്‍കണം. സുപ്രീംകോടതിയിലെ കേസ് പിന്‍വലിക്കണം- നേതാക്കള്‍ ആവശ്യപ്പെട്ടു.

പാര്‍ലമെന്റിലോ ജനങ്ങള്‍ക്കിടയിലോ വേണ്ടത്ര ചര്‍ച്ച കൂടാതെയാണ് ഈ ഇ.ഐ.എ 2020 വിജ്ഞാപനം കൊണ്ടുവരുന്നത്. ഇതിന്മേല്‍ എതിര്‍പ്പ് രേഖപ്പെടുത്താന്‍ പൊതുജനങ്ങള്‍ക്ക് ജൂണ്‍ 30 വരെ മാത്രമാണ് സര്‍ക്കാര്‍ അവസരം നല്‍കിയത്. കോവിഡ് മഹാമാരിയുടെ ഇക്കാലത്ത് പോസ്റ്റ് ഓഫീസുകള്‍ പോലും ശരിയായി പ്രവര്‍ത്തിക്കത്ത സമയത്ത്, എതിര്‍പ്പ് ഉന്നയിക്കപ്പെടില്ല എന്നതിനാല്‍, ഇക്കാര്യത്തില്‍ സമയം നീട്ടണമെന്ന് ഇന്ത്യയിലെ നിരവധി സംഘടനകളും വ്യക്തികളും കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെട്ടു. എന്നാല്‍ നിഷേധാത്മകമായ സമീപനമാണ് കേന്ദ്ര പരിസ്ഥിതി മന്ത്രി പ്രകാശ് ജാവദേക്കര്‍ സ്വീകരിച്ചത്.

ജനാധിപത്യത്തിലെ ചട്ടനിര്‍മാണങ്ങളില്‍ ജനങ്ങള്‍ക്ക് അഭിപ്രായം പറയാന്‍ പോലും സമയം കൊടുക്കാതെ കോര്‍പ്പറേറ്റ് കമ്പനികള്‍ക്ക് വേണ്ടി പരിസ്ഥിതി നിയമങ്ങള്‍ ഇല്ലാതാക്കുന്ന നടപടിക്കെതിരേ രാജ്യവ്യാപകമായി പ്രതിഷേധം ഉണ്ടായി. ഇംഗ്ലീഷിലും ഹിന്ദിയിലും മാത്രം ഗസറ്റില്‍ പ്രസിദ്ധീകരിച്ച് ചുരുക്കത്തില്‍ പാസാക്കി എടുക്കാനായിരുന്നു കേന്ദ്ര നീക്കം. ഡല്‍ഹി ഹൈക്കോടതി ഈ നീക്കത്തെ പരാജയപ്പെടുത്തി. ഇ.ഐ.എ 2020 നെതിരെ ജനങ്ങള്‍ക്ക് പറയാനുള്ളത് കേള്‍ക്കാനുള്ള സമയപരിധി ആഗസ്റ്റ് 11 വരെ നീട്ടിക്കൊണ്ട് കോടതി ഉത്തരവിട്ടു.

TRENDING:Kerala Rains | ആശങ്കയൊഴിയുന്നു; പമ്പാ ഡാമിന്റെ ആറ് ഷട്ടറുകളും അടച്ചു
[NEWS]
മാസ് ലുക്കിന് ഇനി മാസ്ക്കും; 11 കോടി രൂപ വിലയുള്ള ഡയമണ്ട് മാസ്ക്കുമായി ജ്വല്ലറി
[NEWS]
രാമക്ഷേത്ര നിർമാണത്തെ അഭിനന്ദിച്ചു; ഇന്ത്യൻ ക്രിക്കറ്ററുടെ മുൻ ഭാര്യയ്ക്ക് ബലാത്സംഗ ഭീഷണി
[PHOTO]


ജനങ്ങളെയും വ്യവസായങ്ങളെയും ഒരുപോലെ ബാധിക്കുന്നതിനാല്‍, ഭരണഘടനയുടെ എട്ടാം ഷെഡ്യുളില്‍ ഉള്ള 22 ഭാഷകളില്‍ ഈ വിജ്ഞാപനം തര്‍ജ്ജമ ചെയ്തു പ്രസിദ്ധീകരിക്കണമെന്നും, ജനങ്ങള്‍ക്ക് എതിര്‍പ്പ് പറയാന്‍ അവസരം നല്‍കണമെന്നും ഡല്‍ഹി ഹൈക്കോടതി വിധിച്ചു. കേന്ദ്രസര്‍ക്കാരിന്റെ ജനവിരുദ്ധ നയത്തിനു കോടതിയില്‍ നിന്ന് കിട്ടിയ പ്രഹരമാണ് ഈ വിധിയെന്ന് നേതാക്കള്‍ പറഞ്ഞു. ഈ ചട്ടം പ്രാദേശിക ഭാഷകളില്‍ പ്രസിദ്ധീകരിക്കണമെന്ന വിധിക്ക് എതിരെ സുപ്രീംകോടതിയെ സമീപിച്ചിരിക്കുകയാണ് ഇപ്പോള്‍ കേന്ദ്രം ഭരിക്കുന്ന ബി.ജെ.പി സര്‍ക്കാര്‍.

അതിരപ്പിള്ളി ഡാം പദ്ധതി പോലുള്ള പല പദ്ധതികളുടെയും പരിസ്ഥിതി പഠനത്തിലെ പിഴവുകള്‍ പഞ്ചായത്തുകള്‍ അടക്കം പ്രദേശത്തെ ജനങ്ങള്‍ ചൂണ്ടിക്കാട്ടിയതും പൊതുതെളിവെടുപ്പ് അടക്കമുള്ള ജനകീയ ഇടപെടലുകളിലൂടെയാണല്ലോ. ജനങ്ങള്‍ക്കിടയില്‍ വേണ്ടത്ര ചര്‍ച്ചയില്ലാതെ ഉദ്യോഗസ്ഥര്‍ പടച്ചുണ്ടാക്കുന്ന ചട്ടങ്ങള്‍ ജനദ്രോഹകരമാകുന്ന കാഴ്ചയും നമുക്ക് മുന്നിലുണ്ട്. എന്നാല്‍ പരിസ്ഥിതി ആഘാത പഠന വിജ്ഞാപനം തന്നെ വെള്ളം ചേര്‍ത്ത് ഇല്ലാതാക്കാന്‍ കേന്ദ്രസര്‍ക്കാര്‍  ശ്രമിക്കുന്ന കാഴ്ചയാണ് ഇന്ന് കാണുന്നത്- നേതാക്കള്‍ കൂട്ടിച്ചേര്‍ത്തു. കേന്ദ്രവനം പരിസ്ഥിതി മന്ത്രാലയം കോവിഡ് കാലത്ത് തിരക്കിട്ട് ഇ.ഐ.എ 2020 എന്ന പേരില്‍ ഒരു കരട് വിജ്ഞാപനം ഇറക്കുകയും ഇതുവരെയുള്ള ഇ.ഐ.എ പരിസ്ഥിതി നിയമങ്ങള്‍ മിക്കതും എടുത്തു കളയുകയും ചെയ്യാന്‍ തീരുമാനിച്ചു. പൊതുതെളിവെടുപ്പോ ആഘാത പഠനമോ, വിദഗ്ദ്ധരുടെ പരിശോധനയോ ഇല്ലാതെ ഇത്തരം പദ്ധതികള്‍ക്ക് അംഗീകാരം നല്‍കാമെന്നാണ് കേന്ദ്രസര്‍ക്കാരിന്റെ തീരുമാനം.


ഇതുവരെയുള്ള നിയമലംഘകര്‍ക്കു മുഴുവന്‍ അനുമതി നല്‍കുമെന്നും ഇനി നിയമം ലംഘിച്ചു തുടങ്ങുന്നവര്‍ക്ക് പിന്നീട് ക്രമപ്പെടുത്തി നല്‍കാമെന്നും അതില്‍ പറയുന്നു. ഇന്ത്യയും ഐക്യരാഷ്ട്രസഭയിലെ മറ്റു അംഗരാജ്യങ്ങളും ഇന്നേവരെ പരിസ്ഥിതി സംരക്ഷണ രംഗത്ത് സ്വീകരിച്ചു പോന്ന പ്രധാനപ്പെട്ട തത്വങ്ങളെ പിന്നോട്ടടിക്കുന്ന തീരുമാനമാണ് ഇ.ഐ.എ 2020 എന്ന് നേതാക്കള്‍ ചൂണ്ടിക്കാട്ടി. പ്രതിഷേധ മെയില്‍ അയക്കല്‍ പരിപാടി വന്‍ വിജയമാക്കിയ മുഴുവനാളുകളോടും നേതാക്കള്‍ കൃതജ്ഞത രേഖപ്പെടുത്തി. കക്ഷി-രാഷ്ട്രീയ ഭേദമന്യേ മുഴുവനാളുകളും പ്രതിഷേധത്തിന്റെ ഭാഗമായതായി നേതാക്കള്‍ പറഞ്ഞു.

മുസ്‌ലിം യൂത്ത്‌ലീഗ്  സംസ്ഥാന ഭാരവാഹികളായ സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍, പി.കെ ഫിറോസ്, എം.എ സമദ്, നജീബ് കാന്തപുരം, അഡ്വ. സുല്‍ഫീക്കര്‍ സലാം, ഫൈസല്‍ ബാഫഖി തങ്ങള്‍, പി. ഇസ്മായില്‍, പി.കെ സുബൈര്‍, പി.എ അബ്ദുള്‍ കരീം, പി.എ അഹമ്മദ് കബീര്‍, മുജീബ് കാടേരി, പി.ജി മുഹമ്മദ്, കെ.എസ് സിയാദ്, ആഷിക്ക് ചെലവൂര്‍, വി.വി മുഹമ്മദലി, എ.കെ.എം അഷറഫ്, പി.പി അന്‍വര്‍ സാദത്ത് എന്നിവര്‍ പ്രതിഷേധത്തില്‍ പങ്കാളികളായി.
Published by: Gowthamy GG
First published: August 10, 2020, 11:37 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories