'ലോക്ഡൗണ്‍ എത്രത്തോളം ഫലപ്രദമായിട്ടുണ്ടെന്ന് വ്യക്തമാവുക മേയ് മാസത്തിന് ശേഷം'; ആരോഗ്യമന്ത്രി വീണ ജോര്‍ജ്
- Published by:Jayesh Krishnan
- news18-malayalam
Last Updated:
ലോക്ഡൗണ്‍ തുടരണോയെന്നത് തീരുമാനിക്കുന്നത് മുഖ്യമന്ത്രിയുടെ നേതൃത്വത്തിലുള്ള വിദഗ്ധ സമിതിയാണെന്ന് മന്ത്രി വ്യക്തമാക്കി
തിരുവനന്തപുരം: സംസ്ഥാനത്ത് ലോക്ഡൗണ്‍ എത്രത്തോളം ഫലപ്രദമായിട്ടുണ്ടെന്ന് വ്യക്തമാവുക മേയ് മാസത്തിന് ശേഷമെന്ന് ആരോഗ്യമന്ത്രി വീണ ജോര്‍ജ്. നിലിവില്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന നിയന്ത്രണങ്ങളുടെ ഫലം അടുത്തമാസം ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് മന്ത്രി പറഞ്ഞു. അതേസമയം ലോക്ഡൗണ്‍ തുടരണോയെന്നത് തീരുമാനിക്കുന്നത് മുഖ്യമന്ത്രിയുടെ നേതൃത്വത്തിലുള്ള വിദഗ്ധ സമിതിയാണെന്ന് മന്ത്രി വ്യക്തമാക്കി.
സംസ്ഥാനത്ത് വാക്‌സിനേഷന്‍ സാര്‍വത്രികമായി നടപ്പാക്കുമെന്ന് ആരോഗ്യമന്ത്രി. കുറഞ്ഞ സമയത്തിനുള്ളില്‍ വാക്‌സിനേഷന്‍ പൂര്‍ത്തിയാക്കുകയാണ് ലക്ഷ്യം. നേരത്തേ തന്നെ കേരളത്തില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ള രോഗമാണ് ബ്ലാക്ക് ഫംഗസ്. പക്ഷേ മരണനിരക്ക് വളരെ കുറവായിരുന്നു. കേരളത്തില്‍ ബ്ലാക്ക് ഫംഗസിനെക്കുറിച്ച് ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും മന്ത്രി പറഞ്ഞു.
പ്രതിദിന കോവിഡ് കേസുകള്‍, ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് എന്നിവ പരിഗണിച്ചായിരിക്കും ഇക്കാര്യത്തില്‍ തീരുമാനമെടുക്കുക. കോവിഡിനൊപ്പം ഡെങ്കിപ്പനി പോലുള്ള മറ്റ് രോഗങ്ങളും പടരാനുള്ള സാധ്യതയുണ്ട്. അതിനാല്‍ ഈ രോഗങ്ങള്‍ക്കെതിരെയും ജനങ്ങള്‍ക്ക് ജാഗ്രത വേണമെന്ന് ആരോഗ്യമന്ത്രി പറഞ്ഞു.
advertisement
അതേസമയം കോവിഡ് പ്രതിദിന കണക്കില്‍ നിലവില്‍ മുന്നില്‍ നില്‍ക്കുന്ന സംസ്ഥാനങ്ങളിലൊന്ന് കേരളമാണ്. പ്രതിദിനം കണക്കുകള്‍ മുപ്പതിനായിരത്തോളം കോവിഡ് കേസുകളാണ് സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്. മുമ്പത്തെ അപേക്ഷിച്ച് മരണനിരക്ക് ഉയരുന്നതും ആശങ്ക ഉയര്‍ത്തുന്നുണ്ട്.
കഴിഞ്ഞ ദിവസം 176 കോവിഡ് മരണങ്ങളാണ് കേരളത്തില്‍ സ്ഥിരീകരിച്ചത്. ഔദ്യോഗിക കണക്കുകള്‍ അനുസരിച്ച് കഴിഞ്ഞ പത്ത് ദിവസത്തിനിടെ മാത്രം 1,117 പേരാണ് കോവിഡ് ബാധിച്ച് മരണത്തിന് കീഴടങ്ങിയത്. ഇതോടെ സംസ്ഥാനത്തെ ആകെ കോവിഡ് മരണങ്ങള്‍ 7170 ആയി ഉയര്‍ന്നിരിക്കുകയാണ്. മെയ് 12 നാണ് കോവിഡ് മരണ സംഖ്യ ആറായിരം കടന്നത്. പത്ത് ദിവസം കൊണ്ട് ഏഴായിരവും കടന്നിരിക്കുകയാണ്. കേസുകളുടെ എണ്ണം കുറയുന്നുണ്ടെങ്കിലും വരും ദിവസങ്ങളില്‍ കേരളത്തില്‍ മരണസംഖ്യ ഉയര്‍ന്നേക്കാമെന്നാണ് ആരോഗ്യ വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്.
advertisement
മെയ് 12ന് ആയിരുന്നു രണ്ടാമത്തെ തരംഗത്തില്‍ ഏറ്റവും കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. 43,529 പുതിയ രോഗികളാണ് അന്നുണ്ടായത്. ആ തരത്തില്‍ ആ ദിവസങ്ങളിലുണ്ടായ രോഗബാധ മൂര്‍ച്ഛിക്കുകയും തല്‍ഫലമായ മരണങ്ങള്‍ സംഭവിക്കുകയും ചെയ്യുന്നത് ഇപ്പോഴാണ്. അതിനാലാണ് രോഗവ്യാപനം കുറഞ്ഞിട്ടും മരണസംഖ്യ ആദ്യത്തേക്കാളും ഉയര്‍ന്നിരിക്കുന്നത് എന്നാണ് വിലയിരുത്തപ്പെടുന്നത്.
advertisement
കോവിഡ് രോഗികളുടെ എണ്ണത്തിലും സംസ്ഥാനത്ത് വന്‍ വര്‍ധനവാണ് രേഖപ്പെടുത്തുന്നത്. കഴിഞ്ഞ ദിവസം റിപ്പോര്‍ട്ട് ചെയ്യപ്പെട്ട 28,514 കേസുകള്‍ ഉള്‍പ്പെടെ ഇതുവരെ 2322146 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതില്‍ 2025319 പേര്‍ രോഗമുക്തി നേടിയിട്ടുണ്ട്. നിലവില്‍ 289283 പേരാണ് ചികിത്സയില്‍ തുടരുന്നത്.
സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 9,69,946 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 9,31,203 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 38,743 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. കോവിഡ് വാക്‌സിനേഷന്‍ നടപടികളും സംസ്ഥാനത്ത് വിട്ടുവീഴ്ചയില്ലാതെ തുടരുകയാണ്.
advertisement
ഇതിനിടെ കോവിഡ് മൂന്നാം തരംഗത്തിനുള്ള സാധ്യതയുള്ളതിനാല്‍ ജാഗ്രത കൈവെടിയരുതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചിട്ടുണ്ട്. രണ്ടാം തരംഗത്തിന്റെ ഉച്ചസ്ഥായി പിന്നിട്ട ശേഷമാണ് രോഗവുമായി ബന്ധപ്പെട്ട ഗുരുതരവസ്ഥകളും മരണങ്ങളും ഉണ്ടാകുന്നതും വര്‍ധിക്കുന്നതും. അതിനാല്‍ ആശുപത്രികളെ സംബന്ധിച്ച നിര്‍ണായക സമയമാണെന്നായിരുന്നു മുഖ്യമന്ത്രിയുടെ വാക്കുകള്‍.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
May 23, 2021 2:30 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
'ലോക്ഡൗണ്‍ എത്രത്തോളം ഫലപ്രദമായിട്ടുണ്ടെന്ന് വ്യക്തമാവുക മേയ് മാസത്തിന് ശേഷം'; ആരോഗ്യമന്ത്രി വീണ ജോര്‍ജ്


