കൊച്ചി: പെരിയ ഇരട്ടക്കൊലക്കേസ് പ്രതികളുടെ വക്കാലത്ത് ഏറ്റെടുത്ത അഡ്വ. സികെ ശ്രീധരനെതിരെ കൊല്ലപ്പെട്ട യുവാക്കളുടെ കുടുബം. സി കെ ശ്രീധരൻ അംഗത്തേപ്പോലെ കൂടെനിന്ന് തങ്ങളെ ചതിച്ചുവെന്നാണ് യൂത്ത് കോൺഗ്രസ് പ്രവർത്തകരായ കൃപേഷിന്റേയും ശരത് ലാലിന്റേയും കുടുബത്തിന്റെ ആരോപണം. പെരിയ ഇരട്ടക്കൊലക്കേസിൽ മുൻ എംഎൽഎ കെ വി കുഞ്ഞിരാമൻ ഉൾപ്പടെയുള്ള ഒൻപത് പ്രതികൾക്ക് വേണ്ടിയാണ് അഡ്വ. സികെ ശ്രീധരൻ വക്കാലത്ത് ഏറ്റെടുത്തത്. ഈയിടെയാണ് കോൺഗ്രസ് വിട്ട് അഡ്വ. സികെ ശ്രീധരൻ സിപിഎമ്മിൽ ചേർന്നത്.
‘വീട്ടിലെ ഒരംഗത്തെപോലെ നിന്ന് ഫയലുകളെല്ലാം പരിശോധിച്ചു. ഗൂഢാലോചനയിലും തെളിവ് നശിപ്പിക്കുന്നതിലും സി കെ ശ്രീധരന്റെ പങ്ക് കൂടി അന്വേഷിക്കണമെന്ന് സിബിഐയോട് ആവശ്യപ്പെടുമെന്നും ഇരുവരുടെയും കുടുംബം പറഞ്ഞു. കൃപേഷിനേയും ശരത് ലാലിനേയും രാഷ്ട്രീയ വൈരാഗ്യം മൂലം സിപിഎം പ്രവർത്തകർ കൊലപ്പെടുത്തിയെന്നാണ് കുറ്റപത്രം. ഈ കേസിലാണ് മുൻ കോൺഗ്രസ് നേതാവും പ്രമുഖ ക്രിമിനൽ അഭിഭാഷകനുമായ സി കെ ശ്രീധരൻ പ്രതികളുടെ വക്കാലത്ത് ഏറ്റെടുത്തിരിക്കുന്നത്.
സികെ ശ്രീധരൻ ചെയ്തത് നീചമായ പ്രവർത്തിയെന്നാണ് ശരത് ലാലിന്റെ അച്ഛൻ സത്യനാരായണൻ പറഞ്ഞത്. സിബിഐ അന്വേഷണം ആവശ്യപ്പെടുമ്പോൾ അദ്ദേഹത്തിനായിരുന്നു വലിയ താത്പര്യം. പിന്നെയാണ് കേസ് ആസിഫ് അലിയെ ഏൽപ്പിച്ചത്. ഇത് മുൻ ധാരണയാണ്. കേസ് അട്ടിമറിക്കാനുള്ള ശ്രമമാണിതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. വക്കീൽ പലവട്ടം വീട്ടിൽ വന്നിട്ടുണ്ടെന്ന് കൃപേഷിന്റെ അച്ഛൻ കൃഷ്ണൻ പറഞ്ഞു. സികെ ശ്രീധരൻ നടത്തിയ ഗൂഢാലോചനയ്ക്ക് എതിരെ അന്വേഷണം ആവശ്യപ്പെട്ട് ബാർ കൗൺസിലിനെയും കോടതിയെയും സമീപിക്കുമെന്ന് സത്യനാരായണനും പറഞ്ഞു.
ഒന്നാം പ്രതി പീതാംബരൻ, രണ്ട് മുതൽ നാല് വരെയുള്ള പ്രതികളായ സജി ജോർജ്, കെഎം സുരേഷ്, കെ അനിൽകുമാർ, പതിമൂന്നാം പ്രതി ബാലകൃഷ്ണൻ, പതിനാലാം പ്രതിയും കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമായ കെ.മണികണ്ഠൻ, ഇരുപതാം പ്രതി മുൻ എംഎൽഎ കെ വി കുഞ്ഞിരാമൻ, 22 ഉം 23 ഉം പ്രതികളായ രാഘവൻ വെളുത്തോളി, കെ വി ഭാസ്ക്കരൻ എന്നിവര്‍ക്ക് വേണ്ടിയാണ് സി കെ ശ്രീധരൻ വാദിക്കുക.
Also read-മുസ്ലിംലീഗ് എൽഡിഎഫിൽ വന്നാൽ രണ്ടാം സ്ഥാനം പോകുമെന്ന പേടിയാകാം കാനം രാജേന്ദ്രനെന്ന് സാദിഖലി തങ്ങൾ
കൊച്ചി സിബിഐ സ്പെഷ്യൽ കോടതിയിൽ ഹാജരായി സികെ ശ്രീധരൻ വക്കാലത്ത് ഏറ്റെടുത്തു. കൊല നടന്നതിനു പിന്നാലെ പീതാംബരനെ പുറത്താക്കിയെന്ന് സിപിഎം പ്രഖ്യാപിച്ചിരുന്നു. എന്നാൽ പാർട്ടി നേതൃത്വം മുൻകൈ എടുത്താണ് അഡ്വ. സികെ ശ്രീധനെ പീതാംബരന് വേണ്ടി ഏർപ്പാടാക്കിയത്. ഫെബ്രുവരി രണ്ടിന് സിബിഐ സ്പെഷ്യൽ കോടതിയില്‍ വിചാരണ ആരംഭിക്കും. 2019 ഫെബ്രുവരി 17 നാണ് കൃപേഷും ശരത് ലാലും കൊല്ലപ്പെട്ടത്. 24 പ്രതികളാണ് കേസിലുള്ളത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.