യൂത്ത് കോൺഗ്രസ് പ്രവർത്തകരെ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ പ്രതികളുടെ വക്കാലത്ത് മുൻ കോണ്‍ഗ്രസ് നേതാവ് ഏറ്റെടുത്തു
- Published by:Rajesh V
- news18-malayalam
Last Updated:
മുന്‍ എംഎല്‍എ കെ വി കുഞ്ഞിരാമൻ ഉള്‍പ്പെടെയുള്ള സിപിഎം നേതാക്കള്‍ക്ക് വേണ്ടി സിബിഐ കോടതിയില്‍ ഹാജരാകും
കാസർഗോഡ്: പെരിയയിൽ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ ശരത് ലാലിനെയും കൃപേഷിനെയും വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ സിപിഎം നേതാക്കള്‍ ഉള്‍പ്പെടെയുള്ള പ്രതികള്‍ക്കുവേണ്ടി വാദിക്കാൻ മുൻ കോൺഗ്രസ് അഡ്വ. സി കെ ശ്രീധരന്‍ കോടതിയിൽ ഹാജരായി. വെള്ളിയാഴ്ച കേസ് പരിഗണിച്ചപ്പോള്‍ എറണാകുളം സിബിഐ (രണ്ട്) കോടതിയിലാണ് ശ്രീധരൻ പ്രതികൾക്കായി ഹാജരായത്.
മുന്‍ കെപിസിസി വൈസ് പ്രസിഡന്റായ സി കെ ശ്രീധരന്‍ ആഴ്ചകള്‍ക്ക് മുൻപ് സിപിഎമ്മില്‍ ചേര്‍ന്നിരുന്നു. ഇതിനു ശേഷം അദ്ദേഹം ഏറ്റെടുക്കുന്ന ആദ്യ രാഷ്ട്രീയ കൊലപാതക കേസ് കൂടിയാണിത്. ടി പി ചന്ദ്രശേഖരൻ വധക്കേസിലെ പബ്ലിക് പ്രോസിക്യൂട്ടറായിരുന്നു ശ്രീധരൻ.
മുന്‍ എംഎല്‍എയും സിപിഎം ജില്ലാ സെക്രട്ടറിയേറ്റംഗവുമായ കെ വി കുഞ്ഞിരാമന്‍, സി പി എം മുന്‍ ഉദുമ ഏരിയ സെക്രട്ടറിയും കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമായ കെ മണികണ്ഠന്‍, പാര്‍ട്ടി പെരിയ ലോക്കല്‍ സെക്രട്ടറി എന്‍ ബാലകൃഷ്ണന്‍, പാക്കം ലോക്കല്‍ സെക്രട്ടറിയും വ്യാപാരി വ്യവസായി സമിതി ജില്ലാ സെക്രട്ടറിയുമായ രാഘവന്‍ വെളുത്തോളി, കേസിലെ ഒന്നാം പ്രതി മുന്‍ പെരിയ ലോക്കല്‍ കമ്മിറ്റിയംഗം എ പീതംബരന്‍ എന്നിവരുള്‍പ്പെടെ ഒന്‍പത് പ്രതികള്‍ക്കു വേണ്ടിയാണ് സി കെ ശ്രീധരന്‍ വിചാരണക്കോടതിയില്‍ ഹാജരാകുക. കേസിൽ 24 പ്രതികളാണുള്ളത്. മറ്റ് പ്രതികള്‍ക്കായി മൂന്ന് അഭിഭാഷകര്‍ വാദിക്കും. ഫെബ്രുവരി രണ്ടുമുതല്‍ മാര്‍ച്ച് എട്ടുവരെയാണ് വിചാരണ.
advertisement
2019 ഫെബ്രുവരി 17നാണ് ശരത് ലാലിനെയും കൃപേഷിനെയും വെട്ടിക്കൊലപ്പെടുത്തിയത്. ലോക്കല്‍ പൊലീസും പിന്നീട് അന്വേഷണം ഏറ്റെടുത്ത ക്രൈംബ്രാഞ്ചുമാണ് 14 പ്രതികളെ അറസ്റ്റ് ചെയ്തത്. കെ വി കുഞ്ഞിരാമനുള്‍പ്പെടെ പത്തുപേരെ അറസ്റ്റുചെയ്തത് സിബിഐയാണ്. 24 പേരില്‍ കെ വി കുഞ്ഞിരാമനും മണികണ്ഠനും ബാലകൃഷ്ണനും രാഘവന്‍ വെളുത്തോളിയുമുള്‍പ്പെടെ എട്ടുപേര്‍ക്ക് ജാമ്യം ലഭിച്ചിരുന്നു. ബാക്കി 16 പേര്‍ ജയിലിലാണ്.
advertisement
സിബിഐ അന്വേഷണത്തെ എതിര്‍ക്കാന്‍ സുപ്രീംകോടതി അഭിഭാഷകരെ നിയോഗിച്ച് നിയമപോരാട്ടം നടത്തിയതിന് ഒരു കോടി രൂപയോളമാണ് സംസ്ഥാന സര്‍ക്കാര്‍ ചെലവഴിച്ചത്.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
December 17, 2022 8:02 AM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
യൂത്ത് കോൺഗ്രസ് പ്രവർത്തകരെ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ പ്രതികളുടെ വക്കാലത്ത് മുൻ കോണ്‍ഗ്രസ് നേതാവ് ഏറ്റെടുത്തു