പത്തനംതിട്ടയില്‍ ശബരിമല തീർഥാടകർ സഞ്ചരിച്ചിരുന്ന വാഹനത്തിന് തീപിടിച്ചു സന്നിധാനത്ത് നിന്ന് ദര്‍ശനം കഴിഞ്ഞു മടങ്ങുകയായിരുന്ന തിരുവനന്തപുരത്തു നിന്നുള്ളവരുടെ സംഘം സഞ്ചരിച്ച വാഹനമാണ് അപകടത്തില്‍പെട്ടത്. വാഹനത്തില്‍ നിന്നു പുക ഉയരുന്നതു കണ്ട് എല്ലാവരും പുറത്തിറങ്ങിയതിനാല്‍ വന്‍ അപകടം ഒഴിവായി. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപിടിത്തതിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. ളാഹ ചെളിക്കുഴിയില്‍ ഇന്ന് രാവിലെയായിരുന്നു അപകടം. തീ അണയ്ക്കാന്‍ ഫയര്‍ഫോഴ്സ് എത്തിയപ്പോഴേക്കും വാഹനം പൂര്‍ണമായി കത്തി നശിച്ചിരുന്നു.
കരുണാകരന്റെ പാതയിൽ ചെന്നിത്തലയും; ഒന്നാം തിയതി ഗുരുവായൂര്‍ ദര്‍ശനം പതിവാക്കുന്നു
മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ലീഡര്‍ കെ.കരുണാകരനോളം (K. Karunakaran) തന്നെ പ്രസിദ്ധമാണ് അദ്ദേഹത്തിന്‍റെ ഗുരുവായൂര്‍ ഭക്തിയും. എല്ലാ മലയാള മാസം ഒന്നാം തിയതിയും മുടങ്ങാതെ ഗുരുവായൂര്‍ ക്ഷേത്ര (Guruvayur Temple) ദര്‍ശനം അദ്ദേഹം പതിവാക്കിയിരുന്നു. ഇന്ദിരാഗാന്ധിയുടെ കാലത്ത് വർക്കിങ് കമ്മിറ്റി യോഗത്തിൽ പങ്കെടുക്കാൻ ഡൽഹിയിലുണ്ടായിരുന്ന കരുണാകരന് ഗുരുവായൂർ ദർശനത്തിനായി പ്രത്യേക വിമാനം അനുവദിച്ചു നൽകിയത് അക്കാലത്ത് വലിയ വാർത്തയായിരുന്നു.
ഇപ്പോഴിതാ , ലീഡര്‍ കരുണാകരന്‍റെ പാതയില്‍ ഒന്നാം തിയതി ഗുരുവായൂര്‍ ദര്‍ശനം പതിവാക്കിയിരിക്കുകയാണ് മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല (Ramesh Chennithala). വൃശ്ചികം മുതലാണ് ചെന്നിത്തല ഈ പതിവ് ആരംഭിച്ചത്. മീനം ഒന്നായ ചൊവ്വാഴ്ച രാവിലെ അദ്ദേഹം ക്ഷേത്രത്തിലെത്തി. ഉഷപൂജ കഴിഞ്ഞ സമയത്ത് അദ്ദേഹം ദർശനം നടത്തി.
പണ്ടു മുതലേ രമേശ് ചെന്നിത്തല ഗുരുവായൂർ ക്ഷേത്രദർശനം നടത്താറുണ്ടെങ്കിലും എല്ലാ മാസവും ദർശനത്തിന് എത്തുക എന്ന നിർബന്ധം ഉണ്ടായിരുന്നില്ല. കെ.കരുണാകരന്റെ പാത പിൻതുടർന്നു താൻ ഇനി മുതല്‍ എല്ലാ മലയാള മാസവും ഒന്നാം തിയതി ക്ഷേത്രദർശനത്തിന് എത്തും എന്ന് അദ്ദേഹം ഗുരുവായൂരിലെ ഒരു പൊതു പരിപാടിയിൽ അടുത്തിടെ പ്രഖ്യാപിച്ചിരുന്നു.
ആചാരലംഘനം നടത്തിയെന്ന പേരിൽ ക്ഷേത്രം ജീവനക്കാരനെതിരെ നടപടി
കണ്ണൂരിൽ ആചാരലംഘനം (Breach of customary rites) നടത്തിയെന്ന പേരിൽ ക്ഷേത്രം ജീവനക്കാരന് എതിരെ നടപടി. തൃച്ചംബരം ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിലെ ജീവനക്കാരനും വാദ്യ കലാകാരനുമായ എം.വി. വേണുഗോപാൽ ആണ് നടപടി നേരിടുന്നത്.
സഹോദരിയുടെ മകളുടെ പ്രസവത്തെ തുടർന്ന് വാലായ്മ പാലിച്ചില്ല എന്ന പരാതിയിലാണ് നടപടി. വാലായ്മ ഉള്ളയാൾ ക്ഷേത്രത്തിൽ പ്രവേശിക്കാനോ വാദ്യകാരനായി അകമ്പടി സേവിക്കാനോ പാടില്ലെന്നാണ് ആചാരം. വേണുഗോപാലിനെ ജോലിയിൽ നിന്ന് മാറ്റി നിർത്തി സംഭവത്തിൽ വിശദമായ അന്വേഷണം നടത്താനാണ് ക്ഷേത്രം അധികൃതരുടെ തീരുമാനം. സഹോദരിയുമായി അകന്നു കഴിയുന്നതിനാൽ സംഭവം അറിയാത്തതിനെ തുടർന്നാണ് വാലായ്മ പാലിക്കാത്തത് എന്നാണ് ജീവനക്കാരന്റെ വിശദീകരണം.
കഴിഞ്ഞ 28 വർഷമായി തൃച്ചംബരം ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിൽ വഴിപാട് ക്ലർക്കായി സേവനമനുഷ്ഠിക്കുകയുണ് 51 കാരനായ വേണുഗോപാൽ . നീലേശ്വരത്ത് താമസിക്കുന്ന സഹോദരിയായ എം.വി. അനിതയാണ് വേണുഗോപാലിന് എതിരെ പരാതി നൽകിയത്. "വസ്തു തർക്കത്തെ തുടർന്ന് കഴിഞ്ഞ ഏഴു വർഷവുമായി ഞാൻ സഹോദരിയുമായി അകന്ന് കഴിയുകയാണ്. അതു കൊണ്ടാണ് സഹോദരിയുടെ മകളുടെ പ്രസവം അറിയാതിരുന്നത്. മനഃപൂർവം ആചാരം ലംഘിക്കാൻ ഉദേശിച്ചില്ല," വേണുഗോപാൽ ന്യൂസ് 18 നോട് പറഞ്ഞു. കണ്ണൂർ കാനൂലിലാണ് വേണുഗോപാൽ താമസിക്കുന്നത്.
കഴിഞ്ഞ 14ന് തന്റെ മകൾ പെൺകുഞ്ഞിന് ജന്മം നൽകിയ വിവരം വേണുഗോപാലിന്റെ ഭാര്യയെ വാട്ട്സാപ്പ് വഴി അറിയിച്ചതായി സഹോദരി അനിത ക്ഷേത്രം അധികൃതർക്ക് നൽകിയ പരാതിയിൽ പറയുന്നു. ഭാര്യ വിവരം വേണുഗോപാലിനെ അറിയിച്ചതായി തന്നോട് പറഞ്ഞതായും അനിത പരാതിയിൽ വ്യക്തമാക്കിയിട്ടുണ്ട്. എന്നാൽ മറ്റൊരു വീട്ടിൽ താമസിക്കുന്ന ഭാര്യ തന്നെ വിവരം അറിയിച്ചില്ലന്നാണ് വേണുഗോപാലിന്റെ വിശദീകരണം. പതിനഞ്ചാം തീയതി ക്ഷേത്രം അധികൃതർ തന്നെ പരാതിയെ കുറിച്ച് അറിയിച്ചപ്പോഴാണ് സഹോദരിയുടെ മകൾ പ്രസവിച്ച കാര്യം അറിഞ്ഞത് എന്നാണ് വേണുഗോപാൽ പറയുന്നത്.
സംഭവത്തിൽ ക്ഷേത്രം അധികൃതർ അന്വേഷണം പ്രഖ്യാപിച്ച സാഹചര്യത്തിൽ തനിക്ക് നിരപരാധിത്വം തെളിയിക്കാൻ കഴിയുമെന്ന പ്രതീക്ഷയിലാണ് വേണുഗോപാൽ.
കണ്ണൂർ കരിവെള്ളൂരിൽ പൂരക്കളി കലാകാരനായ വിനോദ് പണിക്കരെ വിലക്കിയ നടപടി നേരത്തെ വിവാദമായിരുന്നു. മകൻ ഇതര മതത്തിൽ പെട്ട പെൺകുട്ടിയെ വിവാഹം ചെയ്തതിനെ തുടർന്നാണ് വിനോദ് പണിക്കർക്ക് വിലക്ക് നേരിടേണ്ടിവന്നത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.