കേരളത്തില്‍ ഈ വർഷം 212 ദിവസത്തിൽ പേവിഷബാധയേറ്റ് 23 പേർ മരിച്ചെന്ന് സർക്കാർ
- Published by:Sarika N
- news18-malayalam
Last Updated:
2024 ൽ സംസ്ഥാനത്ത് 26 പേരാണ് പേവിഷബാധ മൂലം മരിച്ചത്
സംസ്ഥാനത്ത് പേവിഷബാധയേറ്റ് ശരാശരി 9 ദിവസത്തിൽ ഒരു മരണം നടക്കുന്നതായി സർക്കാരിന്റെ കണക്ക്. ഈ വർഷം ജൂലൈ വരെ ഏഴ് മാസത്തിനുള്ളില്‍ കേരളത്തില്‍ പേവിഷബാധ മൂലം 23 പേർ മരിച്ചതായി സംസ്ഥാന സര്‍ക്കാര്‍ ഹൈകോടതിയിൽ കണക്ക് സമർപ്പിച്ചു. ഇതില്‍ പകുതി മരണങ്ങളും തെരുവ് നായ്ക്കളുടെ ആക്രമണത്തിൽ നിന്നാണ്.
പേവിഷബാധ മൂലമുള്ള മരണങ്ങളിൽ പോയ വർഷത്തേക്കാൾ വലിയ വർധനവാണ് ഉണ്ടായിരിക്കുന്നത്. കഴിഞ്ഞ വര്‍ഷം സംസ്ഥാനത്ത് 26 പേരാണ് പേവിഷബാധ മൂലം മരിച്ചത്.
തെരുവ് നായ ആക്രമണങ്ങള്‍ ആശങ്കാജനകമായി വര്‍ദ്ധിച്ച സാഹചര്യത്തില്‍ പ്രശ്‌നം ഉയര്‍ത്തിക്കാട്ടി സമര്‍പ്പിച്ച ഒരു കൂട്ടം ഹര്‍ജികള്‍ക്കുള്ള മറുപടിയായാണ് സര്‍ക്കാര്‍ സത്യവാങ്മൂലം സമര്‍പ്പിച്ചത്. ഇരകള്‍ക്ക് നഷ്ടപരിഹാരം നല്‍കണമെന്നും ഹര്‍ജിക്കാര്‍ ആവശ്യപ്പെട്ടിരുന്നു.
ഈ വര്‍ഷം റിപ്പോര്‍ട്ട് ചെയ്ത 23 മരണങ്ങളില്‍ 11 എണ്ണം തെരുവുനായ ആക്രമണം മൂലമാണ്. നാലെണ്ണം വളര്‍ത്തുനായ്ക്കളുടെ ആക്രമണത്തിലും മൂന്ന് മരണങ്ങള്‍ പൂച്ചകളുടെ ആക്രമണം കാരണവും സംഭവിച്ചതാണെന്നും സര്‍ക്കാരിന്റെ കണക്കുകളില്‍ പറയുന്നു. രണ്ട് പേവിഷബാധ മരണങ്ങള്‍ കുറുക്കന്മാരുടെ കടിയേറ്റ് സംഭവിച്ചതാണ്. ശേഷിക്കുന്ന മൂന്ന് മരണങ്ങളുടെ കാരണം അജ്ഞാതമാണ്.
advertisement
കഴിഞ്ഞ വര്‍ഷം സംസ്ഥാനത്ത് 26 പേരാണ് പേവിഷബാധ മൂലം മരിച്ചത്. ഇതില്‍ 15 കേസുകളില്‍ തെരുവുനായ്ക്കളുടെ കടിയേറ്റിരുന്നു. 2024 ഓഗസ്റ്റിനും 2025 ജൂലായ് മാസത്തിനുമിടയില്‍ സംസ്ഥാനത്ത് മൂന്ന് ലക്ഷത്തിലധികം പേരെ നായ്ക്കള്‍ ആക്രമിച്ചതായുള്ള കേസുകള്‍ രേഖപ്പെടുത്തിയിട്ടുണ്ടെന്നും ഹൈക്കോടതിയില്‍ സര്‍ക്കാര്‍ സമര്‍പ്പിച്ച കണക്കുകളില്‍ വ്യക്തമാക്കുന്നു.
2024 ഓഗസ്റ്റ് മുതല്‍ 2025 ജൂലൈ വരെയുള്ള കാലയളവില്‍ ആരോഗ്യ വകുപ്പ് 3,02,831 നായ്ക്കളുടെ കടിയേറ്റ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. മാര്‍ച്ചിലാണ് ഏറ്റവും കൂടുതല്‍ കേസുകള്‍. ഈ വര്‍ഷം മാര്‍ച്ചില്‍ മാത്രം 35,085 കേസുകളാണ് തെരുവുനായ്ക്കളുടെ കടിയേറ്റതായി രേഖപ്പെടുത്തിയത്.
advertisement
തെരുവ് നായ്ക്കളുടെ വന്ധ്യംകരണവും വാക്‌സിനേഷനും ഉറപ്പാക്കാനും തെരുവിലേക്ക് തിരികെ കൊണ്ടുവരാന്‍ കഴിയാത്ത നായ്ക്കള്‍ക്ക് ഷെല്‍ട്ടര്‍ സൗകര്യങ്ങള്‍ ഒരുക്കാനും പതിവായി പുരോഗതി റിപ്പോര്‍ട്ട് ചെയ്യാനും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്ന് തദ്ദേശ സ്വയംഭരണ വകുപ്പ് സ്‌പെഷ്യല്‍ സെക്രട്ടറി ടിവി അനുപമ സത്യവാങ്മൂലത്തില്‍ പറഞ്ഞു. നിലവിലുള്ള മൃഗ ജനന നിയന്ത്രണ (എബിസി) കേന്ദ്രങ്ങള്‍ക്ക് പുറമേ തെരുവ് നായ്ക്കളുടെ ശല്യം രൂക്ഷമായ പ്രദേശങ്ങളില്‍ പോര്‍ട്ടബിള്‍ എബിസി സെന്ററുകള്‍ സ്ഥാപിക്കാന്‍ സര്‍ക്കാരിന്റെ ഉന്നതതല യോഗം തീരുമാനിച്ചതായും സത്യവാങ്മൂലത്തില്‍ പറയുന്നുണ്ട്.
advertisement
പാലക്കാട് നാലെണ്ണവും എറണാകുളത്ത് മൂന്നെണ്ണവും ഉള്‍പ്പെടെ സംസ്ഥാനത്ത് 17 എബിസി സെന്ററുകളുണ്ട്. തെരുവ് നായ്ക്കളുടെ ശല്യം നിയന്ത്രിക്കാന്‍ ഇന്ത്യന്‍ വെറ്ററിനറി അസോസിയേഷന്റെയും കുടുംബശ്രീയുടെയും സഹായം തേടാനും സര്‍ക്കാര്‍ തീരുമാനിച്ചു. തെരുവ് നായ്ക്കളുടെ ആക്രമണ ഭീഷണികളെ മറികടക്കാന്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെ പ്രാപ്തരാക്കുന്ന തരത്തില്‍ എബിസി നിയമങ്ങള്‍ ഭേദഗതി ചെയ്യുന്നതിനുള്ള നിര്‍ദ്ദേശം കേന്ദ്ര സര്‍ക്കാരിന് സമര്‍പ്പിക്കും.
വളര്‍ത്തുനായ്ക്കളുടെ ലൈസന്‍സിംഗും വാക്‌സിനേഷനുകളും കര്‍ശനമാക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കും. അവ പാലിക്കാത്തതിന്റെ പിഴകളും ചെലവുകളും ഉടമകള്‍ക്ക് ചുമത്തും.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Kochi [Cochin],Ernakulam,Kerala
First Published :
August 21, 2025 7:07 AM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
കേരളത്തില്‍ ഈ വർഷം 212 ദിവസത്തിൽ പേവിഷബാധയേറ്റ് 23 പേർ മരിച്ചെന്ന് സർക്കാർ