ഹേമ കമ്മിറ്റി റിപ്പോർട്ട്; ഒഴിവാക്കിയ ഭാഗം പുറത്ത് വിടുന്നതിനെതിരെ വിവരാവകാശ കമ്മീഷന് മുമ്പിൽ വീണ്ടും പരാതി
- Published by:Sneha Reghu
- news18-malayalam
Last Updated:
ഹേമ കമ്മിറ്റി റിപ്പോർട്ടിൽ നിന്നും ഒഴിവാക്കിയ 5 പേജുകളും 11 ഖണ്ഡികകളും പുറത്ത് വിടണമെന്നാണ് മാധ്യമപ്രവർത്തകർ നൽകിയ അപ്പീലിൽ ആവശ്യപ്പെട്ടിരുന്നത്
തിരുവനന്തപുരം: ഹേമ കമ്മിറ്റി റിപ്പോർട്ടിലെ ഒഴിവാക്കിയ ഭാഗങ്ങൾ പുറത്തുവിടണമെന്ന അപ്പീലിൽ ഇന്ന് ഉത്തരവില്ല. സർക്കാർ ഒഴിവാക്കിയ ഭാഗം പുറത്ത് വിടുന്നതിനെതിരെ വീണ്ടും പരാതി ലഭിച്ച സാഹചര്യത്തിലാണ് ഇന്ന് ഉത്തരവ് ഉണ്ടാകില്ലെന്ന് അറിയിച്ചിരിക്കുന്നത്. ഹേമ കമ്മിറ്റി റിപ്പോർട്ടിൽ നിന്നും ഒഴിവാക്കിയ 5 പേജുകളും 11 ഖണ്ഡികകളും പുറത്ത് വിടണമെന്നാണ് മാധ്യമപ്രവർത്തകർ നൽകിയ അപ്പീലിൽ ആവശ്യപ്പെട്ടിരുന്നത്.
വിവരാവകാശ കമ്മീഷന് മുമ്പിൽ പുതിയ പരാതി ലഭിച്ചിട്ടുണ്ടെന്നും ഇത് പരിശോധിച്ച ശേഷമാകും ഉത്തരവ് സംബന്ധിച്ച തീരുമാനം ഉണ്ടാകൂവെന്നുമാണ് അപ്പീൽ നൽകിയ മാധ്യമപ്രവർത്തകരെ വിവരാവകാശ കമ്മീഷണർ അറിയിച്ചത്.
ഉത്തരവിന്റെ പകർപ്പ് വാങ്ങുന്നതിനായി ഇന്ന് രാവിലെ 11 മണിക്ക് എത്താനായിരുന്നു മാധ്യമപ്രവർത്തകർക്ക് വിവരാവകാശ കമ്മീഷണറിന്റെ അറിയിപ്പ്. എന്നാൽ, വിവരാവകാശ കമ്മീഷൻ ഓഫീസിലെത്തിയവരെ അധികൃതർ അകത്തേക്ക് കടത്തിവിട്ടിരുന്നില്ല. തുടർന്ന്, മറ്റൊരു ഉദ്യോഗസ്ഥനെത്തി ഇന്ന് ഉത്തരവ് ഉണ്ടാകില്ലെന്ന് അറിയിക്കുകയായിരുന്നു. കമ്മീഷന് മുന്നിൽ പുതുതായി പരാതി നൽകിയത് ആരാണെന്ന് വെളിപ്പെടുത്താനോ അപ്പീൽ നൽകിയ മാധ്യമപ്രവർത്തകരോട് സംസാരിക്കാനോ അധികൃതർ തയ്യാറായില്ലെന്നാണ് റിപ്പോർട്ടുകൾ.
advertisement
2017-ലാണ് ഹേമകമ്മിറ്റി നിലവിൽ വന്നത്. സിനിമാ മേഖലയിലെ സ്ത്രീകൾ അനുഭവിക്കുന്ന പ്രശ്നങ്ങൾ പഠിച്ച് ആറുമാസത്തിനുള്ളിൽ റിപ്പോർട്ട് സമർപ്പിക്കണമെന്നായിരുന്നു ആവശ്യം. രണ്ടുവർഷത്തിനുശേഷം 2019 ഡിസംബർ 31നാണ് കമ്മറ്റി മുഖ്യമന്ത്രിക്ക് റിപ്പോർട്ട് കൈമാറിയത്. ഈ വർഷമാണ് സ്വകാര്യതയെ ബാധിക്കുന്ന ഭാഗങ്ങൾ ഒഴിവാക്കി റിപ്പോർട്ട് പുറത്തുവിട്ടത്.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram,Kerala
First Published :
December 07, 2024 12:50 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
ഹേമ കമ്മിറ്റി റിപ്പോർട്ട്; ഒഴിവാക്കിയ ഭാഗം പുറത്ത് വിടുന്നതിനെതിരെ വിവരാവകാശ കമ്മീഷന് മുമ്പിൽ വീണ്ടും പരാതി