പതിനൊന്നു ജില്ലകളിലെ 103 നിയമസഭാ മണ്ഡലങ്ങളിൽ കോൺഗ്രസിന് 9 മാത്രം; യുഡിഎഫിനുമുന്നിലെ വഴി എളുപ്പമോ?
- Published by:Chandrakanth viswanath
- news18-malayalam
Last Updated:
ഇക്കുറി ഭരണം ലഭിക്കണമെങ്കിൽ മലബാറിലെ ആറു ജില്ലകളിൽ നിന്നായി 35 സീറ്റ് നേടണമെന്നാണ് യുഡിഎഫിന്റെ കണക്ക്.
ഭരണം പിടിച്ചെടുക്കാൻ ഐശ്വര്യ കേരളയാത്ര നടത്തുന്ന യുഡിഎഫിലെ പ്രധാന കക്ഷിയായ കോൺഗ്രസിനു മുന്നിലുള്ള കണക്കുകൾ കടുപ്പം പിടിച്ചത്. നിലവിൽ പതിനൊന്നു ജില്ലകളിലെ 103 മണ്ഡലങ്ങളിൽ നിന്നും നിയമസഭയിൽ ഉള്ളത് കേവലം 9 അംഗങ്ങൾ മാത്രം. ആകെയുള്ള 21 സീറ്റുകളിൽ എറണാകുളത്ത് 7, തിരുവനന്തപുരത്ത് 3 , കോട്ടയത്ത് 2 ഇങ്ങനെയാണ് 12 എണ്ണം. ഇതിൽ കോട്ടയത്ത് 3 സീറ്റിൽ മത്സരിച്ചാണ് രണ്ടെണ്ണം കിട്ടിയത് എന്നത് ശ്രദ്ധേയമാണ്. എന്നാൽ കോഴിക്കോട്, കാസർകോട്, കൊല്ലം, ഇടുക്കി ജില്ലകളിൽ ഒരു സീറ്റ് പോലും ലഭിച്ചില്ല. പത്തനംതിട്ടയിൽ ഉണ്ടായിരുന്ന ഒരു സീറ്റ് ഉപ തെരഞ്ഞടുപ്പിൽ പോയി, തിരുവനന്തപുരത്ത് വട്ടിയൂർക്കാവും..
ഇക്കുറി ഭരണം ലഭിക്കണമെങ്കിൽ മലബാറിലെ ആറു ജില്ലകളിൽ നിന്നായി 35 സീറ്റ് നേടണമെന്നാണ് യുഡിഎഫിന്റെ കണക്ക്. ആകെയുള്ള 62 സീറ്റിൽ 12 മുതൽ 15 വരെ സീറ്റുകൾ കോൺഗ്രസ് നേടിയാൽ മാത്രമേ യുഡിഎഫിന് ഈ ലക്ഷ്യം കൈവരിക്കാനാകൂ. കഴിഞ്ഞ തവണ 31 സീറ്റിലാണ് കോൺഗ്രസ് മത്സരിച്ചത്. ഇതിൽ ജയം ആറിടത്ത്. പേരാവൂർ, ഇരിക്കൂർ, ബത്തേരി, വണ്ടൂർ, പാലക്കാട്, തൃത്താല മണ്ഡലങ്ങളിൽ. സ്ട്രൈക്ക് റേറ്റ് 19 ശതമാനം. അതേ സമയം 21 സീറ്റുകളിൽ മത്സരിച്ച മുസ്‌ലിം ലീഗ് 17 ഇടത്ത് വിജയിച്ചു. സ്ട്രൈക്ക് റേറ്റ് 81 ശതമാനം.
advertisement
മലബാറിലെ, നാലു സിറ്റിങ് സീറ്റുകളാണ് 2016 ലെ തെരഞ്ഞെടുപ്പിൽ കോൺഗ്രസിന് നഷ്ടമായത്. കണ്ണൂർ, മാനന്തവാടി, നിലമ്പൂർ, പട്ടാമ്പി. നേരത്തേ കോൺഗ്രസിന്റെയും പിന്നീട് എൽജെഡിയുടെയും സിറ്റിങ് സീറ്റായ കൽപറ്റയും കഴിഞ്ഞ വട്ടം നഷ്ടമായി. എൽജെഡി മുന്നണി വിട്ട സാഹചര്യത്തിൽ കൽപറ്റ കോൺഗ്രസ് ഏറ്റെടുത്തേക്കും. ഈ അഞ്ചു സീറ്റുകളാണ് മലബാറിലെ കോൺഗ്രസിന്റെ ജയസാധ്യതയുടെ ഒന്നാം പട്ടികയിലുള്ളത്. നിലവിലുള്ള ആറു സീറ്റിനൊപ്പം ഈ അഞ്ചു സീറ്റു കൂടി വിജയിച്ചാൽ മലബാറിൽ 11 സീറ്റെന്ന ആശ്വാസ നമ്പറിലേക്ക് കോൺഗ്രസിന് എത്താം.
advertisement
മുസ്‌ലിം ലീഗിന്റെ കൈവശമുള്ള തിരുവമ്പാടി മണ്ഡലം കോൺഗ്രസ് ഏറ്റെടുക്കുന്നതിനു വേണ്ടിയുള്ള ചർച്ചകളും ആരംഭിച്ചിട്ടുണ്ട്. 2016 ൽ യുഡിഎഫിന് നഷ്ടമായ സിറ്റിങ് സീറ്റുകളുടെ പട്ടികയിലാണ് തിരുവമ്പാടിയുമുള്ളത്. ലീഗ് സീറ്റ് വിട്ടുനൽകിയാൽ തിരുവമ്പാടിയിൽ ജയിച്ചുകയറാമെന്നു കോൺഗ്രസ് കരുതുന്നു.
കൊച്ചി മേഖല നിലവിൽ മെച്ചമാണെങ്കിലും എറണാകുളത്ത് കെ വി തോമസ് ഉയർത്തുന്ന വെല്ലുവിളി ചെറുതല്ല. തന്റെ മകൾക്ക് സീറ്റ് വേണമെന്ന് പറയാതെ പറഞ്ഞ കെ വി തോമസ് സ്വീകരിക്കുന്ന നിലപാട് കോൺഗ്രസിന് ബുദ്ധിമുട്ടുണ്ടാക്കുമെന്ന് കരുതുന്നവരും ചെറുതല്ല.
advertisement
Also Read- രാമക്ഷേത്ര നിർമ്മാണത്തിനുള്ള ആർഎസ്എസ് ഫണ്ട് ശേഖരണം ഉദ്ഘാടനം ചെയ്ത് കോൺഗ്രസ് നേതാവ്; വിവാദം ഉയരുന്നു
തിരുവിതാംകൂറിൽ സീറ്റു കൂട്ടുന്നതിന് കോൺഗ്രസ് നന്നായി വിയർക്കേണ്ടി വരും എന്നാണ് തദ്ദേശ തെരഞ്ഞെടുപ്പ് സൂചിപ്പിക്കുന്നത്. കോട്ടയം ജില്ലയിലെ ജൂനിയർ പങ്കാളി സ്ഥാനത്തു നിന്നും സ്ഥാനക്കയറ്റം ഉണ്ടാകും എങ്കിലും കഴിഞ്ഞ തെരഞ്ഞെടുപ്പിൽ നിലവിൽ യുഡിഎഫിനൊപ്പം നിന്ന പാലാ, കാഞ്ഞിരപ്പള്ളി, ചങ്ങനാശേരി, കടുത്തുരുത്തി എന്നിവ നിലനിർത്താൻ ചെറിയ കളിയൊന്നും പോരാ എന്നാണ് നിലവിലെ അവസ്ഥ. പൂഞ്ഞാറിലെ രാഷ്ട്രീയവും ഒപ്പം ആകുമെന്നതിന് ഇതു വരെ സൂചനയില്ല.
advertisement
ആലപ്പുഴയിൽ കഴിഞ്ഞ തെരഞ്ഞെടുപ്പിൽ രമേശ് ചെന്നിത്തലയ്ക്ക് മാത്രമാണ് കോൺഗ്രസ് ടിക്കറ്റിൽ ജയിക്കാൻ പറ്റിയത്. ഉപ തെരഞ്ഞെടുപ്പിൽ അരൂർ പിടിച്ചെടുത്തത് ആത്മവിശ്വാസം വർധിപ്പിച്ചു.
കൊല്ലത്ത് നിലവിൽ സീറ്റ് ഇല്ല എന്നതും തിരുവനന്തപുരത്ത് 2016 ൽ കിട്ടിയ നാലു സീറ്റിൽ ഒന്ന് 2019 ൽ നഷ്ടപ്പെട്ടു എന്നതും കോൺഗ്രസിന് മുന്നിലെ കഠിന യാഥാർഥ്യമാണ്.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
February 03, 2021 8:12 AM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
പതിനൊന്നു ജില്ലകളിലെ 103 നിയമസഭാ മണ്ഡലങ്ങളിൽ കോൺഗ്രസിന് 9 മാത്രം; യുഡിഎഫിനുമുന്നിലെ വഴി എളുപ്പമോ?