കോഴിക്കോട് വടകരയിൽ നാല് പേർ മരിക്കാനിടയായ വാഹനാപകടം ഉണ്ടായത് എങ്ങനെ?
- Published by:ASHLI
- news18-malayalam
Last Updated:
ഹൈവേയിൽ പണി നടക്കുന്നതിനാൽ പലസ്ഥലങ്ങളിലും ദിശാബോർഡുകളും മറ്റും കൃത്യമായി സ്ഥാപിച്ചിട്ടില്ലെന്നും ഇത് യാത്രികരിൽ ആശയക്കുഴപ്പം സൃഷ്ടിക്കുന്നതായും നാട്ടുകാർ പറയുന്നു
കോഴിക്കോട്: വടകര ദേശീയപാതയിൽ കാറും ട്രാവലർ വാനും കൂട്ടിയിടിച്ച് ഞായറാഴ്ച നാലുപേരാണ് മരിച്ചത്. വൈകിട്ട് 3.10 ഓടെ മൂരാട് പാലത്തിന് സമീപത്താണ് അപകടമുണ്ടായത്. കാർ യാത്രികരായ മൂന്ന് സ്ത്രീകളും ഒരു പുരുഷനുമാണ് മരിച്ചത്. 6 പേരാണ് കാറിൽ ഉണ്ടായിരുന്നത്.
2 പേർ സംഭവ സ്ഥലത്തു തന്നെ മരിച്ചു. ഒളിവിലം സ്വദേശി പറമ്പത്ത് നളിനി (62), അഴിയൂർ പാറേമ്മൽ രജനി (രഞ്ജിനി, 50), അഴിയൂർ കോട്ടാമല കുന്നുമ്മൽ 'സ്വപ്നം' വീട്ടിൽ ഷിഗിൽ ലാൽ (35), പുന്നോൽ കണ്ണാട്ടിൽ മീത്തൽ റോജ (56) എന്നിവരാണ് മരിച്ചത്.
കാറിന്റെ പിന്നിൽ ഉണ്ടായിരുന്നവർ ഗുരുതരപരിക്കുകളോടെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. ചോറോട് കൊളക്കോട്ട് സത്യനാഥ്, ചന്ദ്രിക എന്നിവരാണ് ചികിത്സയിൽ. സത്യനാഥിൻ്റേതാണ് കാർ.
മാഹിയിൽ വിവാഹച്ചടങ്ങിൽ പങ്കെടുത്തതിനു ശേഷം വൈകിട്ട് വിരുന്നിൽ പങ്കെടുക്കുന്നതിനായി കോഴിക്കോട് ഭാഗത്തേക്ക് വരികയായിരുന്നു. എന്നാൽ എതിർ വശത്തു കൂടി സഞ്ചരിക്കേണ്ടിയിരുന്ന കാർ ഈ വഴിയിൽ എങ്ങനെ എത്തി എന്നത് ഇപ്പോഴും വ്യക്തമല്ല.
advertisement
വാഹനത്തിനു കാർ മൂരാടിലെ പെട്രോൾ പമ്പിൽനിന്ന് ഇന്ധനം അടിച്ച് പുറത്തിറങ്ങി കോഴിക്കോട് ഭാഗത്തേക്ക് പോകുന്ന വഴിയേയാണ് കർണാടക സ്വദേശികൾ സഞ്ചരിച്ച ട്രാവലറുമായി കൂട്ടിയിടിച്ചത്.
കാർ വന്നത് റോങ് സൈഡിലൂടെയെന്ന് ദൃക്സാക്ഷികൾ പറയുന്നു. ഇങ്ങനെ വരുന്നത് അൽപ സമയം ലാഭിക്കാനാണ് എന്നാണ് നാട്ടുകാരുടെ അഭിപ്രായം. ശരിക്കും കോഴിക്കോട് ഭാഗത്തേക്ക് തിരിയാനുള്ള അകലെയുള്ള റൗണ്ട് ഏതാണ്ട് 500 മീറ്റർ ദൂരത്താണ്.
എന്നാൽ ഹൈവേയിൽ പണി നടക്കുന്നതിനാൽ പലസ്ഥലങ്ങളിലും ദിശാബോർഡുകളും മറ്റും കൃത്യമായി സ്ഥാപിച്ചിട്ടില്ലെന്നും ഇത് യാത്രക്കാരിൽ ആശയക്കുഴപ്പം സൃഷ്ടിക്കുന്നതായും നാട്ടുകാർ പറയുന്നു.
advertisement
ഇതു പലപ്പോഴും വാഹനാപകടങ്ങൾക്ക് കാരണമാകുന്നുവെന്നും ആരോപണമുണ്ട്. സംഭവത്തിൽ പത്തോളം പേർക്ക് പരിക്കു പറ്റിയിട്ടുണ്ട്. ട്രാവലറിലെ എട്ടു പേർക്ക് പരിക്കു പറ്റിയിട്ടുണ്ട്. ഇവരെ വടകര ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Kozhikode,Kerala
First Published :
May 12, 2025 11:16 AM IST