പാലായിലെ പാലം വലിയും രാഷ്ട്രീയ വഞ്ചനയും; രാഷ്ട്രീയ നേതാക്കൾ മുന്നണിയുടെ വോട്ടർമാരോട് ചെയ്യുന്നത്

Last Updated:

ഏഴു വർഷത്തിനിടെ പാലാ നിയോജക മണ്ഡലം തെരഞ്ഞെടുത്ത രണ്ടു മുന്നണികളിൽ പെട്ട നാലു പേരും വോട്ടു ചെയ്തവരോട് ചെയ്തത് നോക്കിയാൽ കൗതുകകരമാണ്.

ഉപതെരഞ്ഞെടുപ്പിൽ എൽ ഡി എഫ് സ്ഥാനാർത്ഥിയായി ജയിച്ച പാലാ എം എൽ എ മാണി സി കാപ്പൻ ഫെബ്രുവരി 14 ന് യുഡിഎഫിലേക്ക് പോകുന്നതോടെ രാഷ്ട്രീയ വഞ്ചനയെക്കുറിച്ചുള്ള ചർച്ചകൾ സജീവമാണ്. എൽ ഡി എഫിനെ വഞ്ചിച്ച കാപ്പൻ രാജിവെക്കണം എന്നാവശ്യപ്പെട്ട് ഫെബ്രുവരി 13 ന് പാലായിൽ എൽ ഡി എഫ് പ്രകടനവും നടത്തിയിരുന്നു. എന്നാൽ ഏഴു വർഷത്തിനിടെ പാലാ നിയോജക മണ്ഡലം തെരഞ്ഞെടുത്ത രണ്ടു മുന്നണികളിൽ പെട്ട നാലു പേരും വോട്ടു ചെയ്തവരോട് ചെയ്തത് നോക്കിയാൽ കൗതുകകരമാണ്.
2014 ലോക് സഭ തെരഞ്ഞെടുപ്പ്, 2016 നിയമസഭ തെരഞ്ഞെടുപ്പ്, 2019 ലോക് സഭ തെരഞ്ഞെടുപ്പ്, 2019 നിയമസഭ ഉപ തെരഞ്ഞെടുപ്പ് ഇങ്ങനെ നാലു തവണയാണ് കോട്ടയം ലോക് സഭാ മണ്ഡലത്തിൽ പെട്ട പാലാ നിയമസഭാ നിയോജകമണ്ഡലം വോട്ട് ചെയ്തത്.
അതിലെ വിജയികൾ ഇങ്ങനെ-
2014 കോട്ടയം ലോക് സഭ ജോസ് കെ മാണി ( കേരളാ കോൺഗ്രസ് എം, യുഡിഎഫ് )
2016 പാലാ നിയമസഭ കെഎം മാണി ( കേരളാ കോൺഗ്രസ് എം, യുഡിഎഫ് )
advertisement
2019 കോട്ടയം നിയമസഭ ലോക് സഭാ തോമസ് ചാഴികാടൻ ( കേരളാ കോൺഗ്രസ് എം, യുഡിഎഫ് )
2019 പാലാ നിയമസഭ മാണി സി കാപ്പൻ ( എൻസിപി, എൽ ഡിഎഫ് )
ജോസ് കെ മാണി
കേരളാ കോൺഗ്രസ് എം യുഡിഎഫ് സ്ഥാനാർഥിയായ ജോസ് കെ മാണി 2009 ൽ കോട്ടയം ലോക്സഭാ മണ്ഡലത്തിൽ നിന്നാണ് ആദ്യ തെരഞ്ഞടുപ്പ് വിജയം നേടുന്നത്. 1965 മുതൽ മണ്ഡലം ജയിച്ച കെ എം മാണിയുടെ മകൻ 2004 ൽ പാലായിൽ ലോക് സഭാ തെരഞ്ഞെടുപ്പിൽ (മൂവാറ്റുപുഴ മണ്ഡലം ) രണ്ടാമതായ സ്ഥാനാർത്ഥിയാണ് എന്നത് കൗതുകകരമായ കാര്യമാണ്. മണ്ഡല പുനർ നിർണയത്തിന് ശേഷം പാലാ കോട്ടയം മണ്ഡലത്തിലായി. 2009 ൽ കോട്ടയത്തെ സിറ്റിംഗ് എംപി സിപിഎം ലെ സുരേഷ് കുറുപ്പിനെ 71,570 വോട്ടിന്റെ ഭൂരിപക്ഷത്തിൽ തോൽപ്പിച്ചു. 2014ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ രണ്ടാം തവണയും കോട്ടയത്തുനിന്നു വിജയം. എൽഡിഎഫ് ജനതാദൾ സ്ഥാനാർഥി മാത്യു ടി. തോമസിനെ 1,20,599 വോട്ടുകൾക്കു പരാജയപ്പെടുത്തി. 2018ൽ കാലാവധി അവസാനിക്കാൻ ഒരു വർഷം ബാക്കിയുള്ളപ്പോൾ രാജി വെച്ചു.
advertisement
അന്ന് രാഷ്ട്രീയ വഞ്ചന ആരോപിച്ചത് ഇപ്പോഴത്തെ സഖ്യ കക്ഷി സിപിഎം ആണ്. കോട്ടയത്തെ അനാഥമാക്കി എന്നരോപിച്ച് ജില്ലാ സെക്രട്ടറി വി എൻ വാസവന്റെ നേതൃത്വത്തിൽ മണ്ഡലത്തിൽ ഉടനീളം പ്രകടനങ്ങളും പൊതുയോഗങ്ങളും നടന്നു. ഇതിനെയൊന്നും കേരളാ കോൺഗ്രസോ ജോസ് കെ മാണിയോ വക വെച്ചില്ല.ലോക് സഭയിൽ നിന്നും രാജി വെച്ച ജോസ് കെ മാണി യുഡിഎഫിനു ലഭിച്ച രാജ്യ സഭാ സീറ്റിൽ വീണ്ടും പാർലമെന്റ് അംഗമായി ജനസേവനം തുടർന്നു.
advertisement
എന്തിനാണ് അന്ന് ജോസ് കെ മാണി ലോക് സഭാംഗത്വം രാജിവെച്ചത് എന്നതിന് ഇന്നും ഒരു ഉത്തരമില്ല. എന്നാൽ ബാർ കോഴ ആരോപണങ്ങളെ തുടർന്ന് കോൺഗ്രസുമായി ഉണ്ടായ അകൽച്ച 2019 തെരഞ്ഞെടുപ്പിൽ പ്രതിഫലിച്ചാൽ അത് ക്ഷീണമാകും എന്ന് കരുതിയായിരുന്നു എന്നാണ് സൂചന.
കെഎം മാണി
ബാർ കോഴ ആരോപണങ്ങളെ തുടർന്ന് കോൺഗ്രസുമായി അകൽച്ച ഉണ്ടായെങ്കിലും എൽ ഡി എഫിലെ മാണി സി കാപ്പനെ പരാജയപ്പെടുത്തിയാണ് യുഡിഎഫ് സ്‌ഥാനാർഥി കെഎം മാണി 2016 ൽ തന്റെ പതിമൂന്നാം തെരഞ്ഞെടുപ്പ് വിജയം നേടിയത്. 2006 മുതൽ മാണി സി കാപ്പനായിരുന്നു എതിരാളി. അന്ന് മുതൽ ഭൂരിപക്ഷം കുറഞ്ഞു വന്ന് 2016 ൽ 4703 വോട്ടിനായിരുന്നു ജയം. തുടർന്ന് യുഡിഎഫ് പിന്നിൽ നിന്നു കുത്തി എന്നാരോപിച്ച് കേരളാ കോൺഗ്രസ് എം യുഡിഎഫ് വിട്ടു. 1981 മുതൽ തുടങ്ങിയ കോൺഗ്രസ് ബന്ധം 2016 ൽ അവസാനിപ്പിച്ചു. ഏതാണ്ട് രണ്ടു വർഷം യുഡിഎഫിനോട് അകന്നു നിന്ന കേരളാ കോൺഗ്രസ് എം 2018 ൽ തിരികെ വന്നു. കോൺഗ്രസ് രാജ്യ സഭാ സീറ്റു നൽകി സ്വീകരിച്ചു.മേലെ പറഞ്ഞത് പോലെ ലോക സഭാംഗത്വം രാജിവെച്ച മകൻ ജോസ് കെ മാണി യുഡിഎഫ് എംഎൽഎമാരുടെ വോട്ടിൽ രാജ്യ സഭാ അംഗമായി. ലോക് സഭാ തെരഞ്ഞെടുപ്പിന് മുമ്പ് കെഎം മാണി അന്തരിച്ചു.
advertisement
തോമസ് ചാഴികാടൻ
2011, 2016 വർഷങ്ങളിൽ ഏറ്റുമാനൂർ മണ്ഡലത്തിൽ തുടർച്ചയായി രണ്ടാം തവണ സിപിഎം സ്ഥാനാർഥി സുരേഷ് കുറുപ്പിനോട് പരാജയപ്പെട്ട തോമസ് ചാഴികാടന്റെ രാഷ്ട്രീയ തിരിച്ചു വരവായിരുന്നു 2019 ലോക് സഭാ തെരഞ്ഞെടുപ്പ്. ജോസ് ഒഴിഞ്ഞ കോട്ടയം സീറ്റ് പാർട്ടിയിലെ രണ്ടാമനായ പിജെ ജോസഫ് ആവശ്യപ്പെട്ടിരുന്നു എങ്കിലും ചാഴിക്കാടനാണ് ലഭിച്ചത്. യുഡിഎഫിന് ഉജ്വലമായ ജയം നേടിക്കൊടുത്ത ചാഴികാടൻ 2020 ഒക്ടോബറിൽ പാർട്ടിയ്‌ക്കൊപ്പം മുന്നണി വിട്ടു.
advertisement
മാണി സി കാപ്പൻ
2006 മുതൽ പാലായിൽ കെ എം മാണിയുടെ എതിരാളി. 10000 നും 25000 നും ഇടയിൽ ആയിരുന്ന കെഎം മാണിയുടെ ഭൂരിപക്ഷം 7759 (2006 ), 5259 (2011), 4703 (2016 ) എന്നിങ്ങനെ കുറച്ചു. മണ്ഡലത്തിൽ നിന്നുള്ള എതിരാളിയായി കെഎം മാണിയോട് എതിരിട്ടു  കാപ്പൻ മണ്ഡലത്തിൽ നിന്നു. നിത്യാഭ്യാസി ആനയെ എടുക്കും എന്ന് പറഞ്ഞ പോലെ കെഎം മാണിയുടെ മരണശേഷം 2019 സെപ്റ്റംബറിൽ നടന്ന ഉപതെരഞ്ഞെടുപ്പിൽ 2943 വോട്ടിന് യുഡിഎഫിനെ പരാജയപ്പെടുത്തി. ജോസ് കെ മാണിയുടെ നേതൃത്വത്തിൽ കേരളാ കോൺഗ്രസ് എം എൽഡിഎഫിൽ എത്തിയതോടെ കാപ്പന് സീറ്റ് കിട്ടുന്ന കാര്യം ബുദ്ധിമുട്ടായി. എൽഡിഎഫിൽ സീറ്റ് ചർച്ചകൾ ആരംഭിച്ചിട്ടില്ല എന്ന് നേതാക്കൾ പറയുമ്പോഴും തന്റെ കുടുംബത്തിന് പാലയുമായുള്ള വൈകാരിക ബന്ധം ജോസ് കെ മാണി ആവർത്തിക്കുന്നത് സീറ്റ് കൈവിട്ടു പോകും എന്നതിന്റെ വ്യക്തമായ സൂചനയാണ് എന്ന് തിരിച്ചറിവാണ് മാണി സി കാപ്പനെ എൽഡിഎഫ് പാളയത്തിൽ നിന്ന് പുറത്തേക്ക് വഴി തുറന്നത്.
മലയാളം വാർത്തകൾ/ വാർത്ത/Kerala/
പാലായിലെ പാലം വലിയും രാഷ്ട്രീയ വഞ്ചനയും; രാഷ്ട്രീയ നേതാക്കൾ മുന്നണിയുടെ വോട്ടർമാരോട് ചെയ്യുന്നത്
Next Article
advertisement
Love Horoscope September 24 | പങ്കാളിക്കൊപ്പം സമയം ചെലവഴിക്കുക; അനാവശ്യ സംഘര്‍ഷങ്ങള്‍ ഒഴിവാക്കാന്‍ സഹായിക്കും: ഇന്നത്തെ പ്രണയഫലം അറിയാം
പങ്കാളിക്കൊപ്പം സമയം ചെലവഴിക്കുക; അനാവശ്യ സംഘര്‍ഷങ്ങള്‍ ഒഴിവാക്കാന്‍ സഹായിക്കും: ഇന്നത്തെ പ്രണയഫലം അറിയാം
  • വിവിധ രാശികളില്‍ ജനിച്ചവരുടെ 2025 സെപ്റ്റംബര്‍ 24-ലെ പ്രണയഫലം അറിയാം

  • ക്ഷമയും ശാന്തതയും അനാവശ്യ സംഘര്‍ഷങ്ങള്‍ ഒഴിവാക്കാന്‍ സഹായിക്കും

  • വികാരങ്ങള്‍ നിയന്ത്രിച്ച് ശാന്തവും യുക്തിസഹവുമായും സംസാരിക്കുക.

View All

ഫോട്ടോ

കൂടുതൽ വാർത്തകൾ
advertisement