ശബരിപാത യാഥാർഥ്യമായാൽ ശബരിമല തീര്‍ഥാടകരുടെ എണ്ണത്തില്‍ പ്രതീക്ഷിക്കുന്നത് 15 ശതമാനം വര്‍ധന
- Published by:meera_57
- news18-malayalam
Last Updated:
ഇപ്പോള്‍ ട്രെയിനില്‍ വരുന്ന ശബരിമല തീര്‍ഥാടകരില്‍ 70 ശതമാനവും ഇറങ്ങുന്നത് ചെങ്ങന്നൂരിലാണ് അവിടെ ഇറങ്ങുന്നവര്‍ക്ക് ആചാരത്തിന്റെ ഭാഗമായി എരുമേലിയില്‍ പോകാന്‍ കഴിയുന്നില്ലെന്ന പോരായ്മയും ഉണ്ട്.
അങ്കമാലി-എരുമേലി ശബരി റെയിൽ (Sabari rail) പദ്ധതി യാഥാര്‍ഥ്യമായാല്‍ ശബരിമലയില്‍ എത്തുന്ന തീര്‍ഥാടകരുടെ എണ്ണത്തില്‍ തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രതീക്ഷിക്കുന്നത് 15 ശതമാനം വര്‍ധനയാണ്. കര്‍ണാടക ആന്ധ്രാപ്രദേശ്, തെലങ്കാന, എന്നിവിടങ്ങളില്‍ നിന്നുള്ള തീര്‍ഥാടകരുടെ എണ്ണം അഞ്ചുകൊല്ലത്തിനിടെ ഗണ്യമായികൂടിയതാണ് തിരുവിതാംകൂർ ദേവസ്വം ബോർഡിൻറെ ഇത്തരമൊരു വിലയിരുത്തലിന് അടിസ്ഥാനം.
ഇപ്പോള്‍ ട്രെയിനില്‍ വരുന്ന ശബരിമല തീര്‍ഥാടകരില്‍ 70 ശതമാനവും ചെങ്ങന്നൂരാണ് ഇറങ്ങുന്നത്. ബാക്കി കോട്ടയത്തും. ചെങ്ങന്നൂരില്‍ ഇറങ്ങുന്നവര്‍ക്ക് ആചാരത്തിന്റെ ഭാഗമായി എരുമേലിയില്‍ പോകാന്‍ കഴിയുന്നില്ലെന്ന പോരായ്മ നിലവിലുണ്ട്. എരുമേലി വരെ ട്രെയിനില്‍ നേരിട്ട് എത്താന്‍ കഴിയുമെങ്കില്‍ അതിനായിരിക്കും അയ്യപ്പന്മാരുടെ പ്രഥമ പരിഗണന.
എറണാകുളം ജില്ലയുടെ കിഴക്കൻ മേഖലയുടെയും ട്രെയിൻ ഗതാഗതം സ്വപ്നമായിരുന്ന ഇടുക്കിയടക്കമുള്ള മലയോര മേഖലയുടെയും വികസനത്തിൽ പദ്ധതി വലിയ മുന്നേറ്റമുണ്ടാക്കുമെന്നാണ് വിലയിരുത്തൽ.
advertisement
പദ്ധതിക്കായി എറണാകുളം, ഇടുക്കി, കോട്ടയം ജില്ലകളിൽ സ്ഥലം ഏറ്റെടുത്തിരുന്നു. അങ്കമാലി വരെ റെയിൽ പാതയും പെരിയാറിന് കുറുകെ പാലവും കാലടിയിൽ സ്റ്റേഷൻ നിർമാണവും പൂർത്തീകരിച്ചു. 2002ൽ അങ്കമാലി മുതൽ രാമപുരം വരെ 70 കിലോമീറ്ററിൽ സർവേ നടപടികളും പൂർത്തിയാക്കി. പിന്നീടാണ് പദ്ധതി നിലച്ചത്.
സ്ഥലമേറ്റെടുപ്പ് സംബന്ധിച്ച നിയമ നൂലാമാലകളിൽ കുരുങ്ങി നിലച്ചതോടെ 2019ൽ കേന്ദ്രം പദ്ധതി മരവിപ്പിച്ചു. ഇതോടെ ഇടുക്കിയിലടക്കം നൂറുകണക്കിന് കുടുംബങ്ങൾ പ്രതിസന്ധിയിലായി. പദ്ധതിക്കായി അളന്ന് കല്ലിട്ട ഇവരുടെ സ്ഥലത്തിന് നഷ്ടപരിഹാരം കിട്ടിയില്ലെന്ന് മാത്രമല്ല നിർമാണ പ്രവർത്തനങ്ങൾ നടത്താനോ വിൽക്കാനോ പണയംവെക്കാനോ കഴിയാതെ മക്കളുടെ വിവാഹവും വിദ്യാഭ്യാസവും അടക്കം പ്രതിസന്ധിയിലായി.
advertisement
പാത കടന്നുപോകുന്ന പ്രദേശങ്ങളിലെ നൂറുകണക്കിന് ഭൂവുടമകളാണ് ഊരാക്കുടുക്കിലായത്. പദ്ധതിക്ക് പുതുജീവൻ വെക്കുന്നതോടെ തങ്ങളുടെ ദുരിതത്തിന് അറുതിയാകുമെന്നാണിവരുടെ പ്രതീക്ഷ.
പദ്ധതി പുനരാരംഭിച്ചാൽ തൊടുപുഴ വരെയുള്ള നിർമാണ പ്രവർത്തനങ്ങൾക്ക് യാതൊരു തടസ്സവുമില്ല. ഇതിന്റെ നടപടിക്രമങ്ങൾ വർഷങ്ങൾക്ക് മുമ്പേ പൂർത്തിയാക്കിയതാണ്.
ശബരിമല സ്പെഷ്യല്‍ ട്രെയിനുകള്‍ റെയില്‍വേ കൂടുതലായി ഓടിച്ചുതുടങ്ങിയതോടെയാണ് തെലങ്കാനയില്‍നിന്നും ആന്ധ്രയില്‍നിന്നും വര്‍ധന ഉണ്ടായത്. സെക്കന്ദരാബാദ് ആസ്ഥാനമായ സൗത്ത് സെന്‍ട്രല്‍ റെയില്‍വേ സോണില്‍ നിന്നാണ് ഏറ്റവും കൂടുതല്‍ ട്രെയിനുകള്‍ ശബരിമല സ്പെഷ്യലായി ഓടിച്ചത്.
advertisement
ഇപ്പോള്‍ മഹാരാഷ്ട്രയില്‍നിന്നും ട്രെയിന്‍മാർഗം അയ്യപ്പന്മാര് എത്തുന്നുണ്ടെന്നാണ് റെയില്‍വേ പറയുന്നത്. മുംബൈയില്‍നിന്ന് തിരുവനന്തപുരത്തേക്കുള്ള ട്രെയിനുകളില്‍ അയ്യപ്പന്മാരുടെ ബുക്കിങ് കൂടിയിട്ടുണ്ട്.
കഴിഞ്ഞ മണ്ഡല മകരവിളക്ക് സീസണിലാണ് റെയില്‍വേ ഏറ്റവും കൂടുതല്‍ ട്രെയിനുകള്‍ ഓടിച്ചത്. 415 എണ്ണം. തൊട്ടു മുന്‍വര്‍ഷത്തെ സീസണില്‍ ഇത് 301 ആയിരുന്നു. വര്‍ധന 37 ശതമാനം.
Summary: With the proposed launch of the long-pending Sabari rail project, the pilgrims from Karnataka, Andhra Pradesh and Telengana will benefit maximum.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram,Kerala
First Published :
June 06, 2025 6:24 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
ശബരിപാത യാഥാർഥ്യമായാൽ ശബരിമല തീര്‍ഥാടകരുടെ എണ്ണത്തില്‍ പ്രതീക്ഷിക്കുന്നത് 15 ശതമാനം വര്‍ധന